'പഞ്ചാബ് ഗവര്‍ണര്‍ തീകൊണ്ട് കളിക്കരുത്'; ഗവര്‍ണര്‍മാരെ വിമര്‍ശിച്ച് സുപ്രീംകോടതി
national news
'പഞ്ചാബ് ഗവര്‍ണര്‍ തീകൊണ്ട് കളിക്കരുത്'; ഗവര്‍ണര്‍മാരെ വിമര്‍ശിച്ച് സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th November 2023, 2:16 pm

ന്യൂദല്‍ഹി: ബില്ലുകളില്‍ ഒപ്പിടാത്ത പഞ്ചാബ്, തമിഴ്നാട് ഗവര്‍ണര്‍മാര്‍ക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. ഗവര്‍ണര്‍മാര്‍ സര്‍ക്കാറുകളുടെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക് പിടിച്ചുവെക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

പഞ്ചാബ് ഗവര്‍ണര്‍ തീകൊണ്ട് കളിക്കരുതെന്നും ഗവര്‍ണര്‍മാര്‍ ഇങ്ങനെ പെരുമാറിയാല്‍ പാര്‍ലമെന്ററി ജനാധിപത്യം എവിടെയെത്തുമെന്നും സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി. പഞ്ചാബ് സര്‍ക്കാറിന്റെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ് അയച്ചു.

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി ബില്ലുകളും ഫയലുകളും ക്ലിയര്‍ ചെയ്യാത്തത് ഗുരുതരമായ ആശങ്കയാണ് ഉണര്‍ത്തുന്നതെന്ന് സുപ്രീംകോടതി പരാമര്‍ശിച്ചു. നിയമസഭ പാസാക്കിയ നിരവധി ബില്ലുകളിലും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഫയലുകളിലും തമിഴ്‌നാട് ഗവര്‍ണര്‍ ഒപ്പുവെക്കാത്തതില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു.

2 ബില്ലുകള്‍ ഗവര്‍ണറുടെ പക്കല്‍ കെട്ടിക്കിടക്കുന്നുണ്ട് എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. കൂടാതെ തടവുകാരുടെ അകാല മോചനം, പ്രോസിക്യൂഷനുള്ള അനുമതി, തമിഴ്‌നാട് പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗങ്ങളുടെ നിയമനം എന്നിവയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ എടുത്ത നിരവധി തീരുമാനങ്ങള്‍ ഗവര്‍ണറുടെ പരിഗണനയിലാണ്. തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച റിട്ട് ഹരജിയില്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കിയ ഉത്തരവില്‍ ജസ്റ്റിസുമാരായ ജെബി പര്‍ദ്ദിവാല, മനോജ് മിശ്ര എന്നിവര്‍ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
2020 നു 2023 നും ഇടയില്‍ നിയമസഭ പാസാക്കിയ 12 ബില്ലുകള്‍ ഗവര്‍ണര്‍ തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ ബെഞ്ചിനെ അറിയിച്ചു.

തടവുകാരെ അകാലത്തില്‍ മോചിപ്പിക്കുന്നതിനുള്ള 54 ഫയലുകളും തീര്‍പ്പാക്കിയിട്ടില്ല. കൂടാതെ ടി.എന്‍.പി.എസ് .സി അംഗങ്ങളുടെ നിയമനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ തീര്‍പ്പാക്കാത്തതിനാല്‍ നിലവില്‍ 14 അംഗങ്ങള്‍ക്ക് പകരം 4 അംഗങ്ങളാണ് കമ്മീഷനില്‍ പ്രവര്‍ത്തിക്കുന്നത്.തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരായ ഹരജി നവംബര്‍ 20 ലേക്ക് മാറ്റിയിട്ടുണ്ട്.
എന്നാല്‍ ഗവര്‍ണര്‍ക്കെതിരായ കേരളത്തിന്റെ ഹരജി സുപ്രീംകോടതി പരാമര്‍ശിച്ചില്ല.

Content Highlight: Supreme court statement on Governors