ഷൂട്ടിങ്ങിന്റെ തലേദിവസം അമ്മ എന്നോടൊരു കാര്യം ചോദിച്ചു; കേട്ടപ്പോൾ ഷോക്കായി: കല്യാണി പ്രിയദർശൻ
Malayalam Cinema
ഷൂട്ടിങ്ങിന്റെ തലേദിവസം അമ്മ എന്നോടൊരു കാര്യം ചോദിച്ചു; കേട്ടപ്പോൾ ഷോക്കായി: കല്യാണി പ്രിയദർശൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd October 2025, 10:55 am

മലയാളികളുടെ പ്രിയനടിയാണ് കല്യാണി പ്രിയദർശൻ. താരദമ്പതികളായ പ്രിയദർശൻ – ലിസി എന്നിവരുടെ മകളും കൂടിയാണ് നടി.


തെലുങ്ക് ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന നടി പിന്നീട് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തിയത്. മലയാളത്തെക്കൂടാതെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും അവർ സാന്നിധ്യമറിയിച്ചു.

‘അമ്മയ്ക്കൊപ്പം ഒരു പരസ്യചിത്രത്തിൽ അഭിനയിച്ചു. അതിന് കരാർ ഒപ്പിടുമ്പോൾ ഒരു മണവാട്ടി വേഷമാണ് എനിക്കെന്നും അതിലെ അമ്മവേഷം വേറൊരു നടിയാണ് ചെയ്യുകയെന്നും പറഞ്ഞു.

ഷൂട്ടിങ്ങിന്റെ തലേദിവസം അമ്മ, എന്നോട് ‘നിനക്കൊപ്പം അഭിനയിക്കാൻ പോകുന്നത് ആരാണെന്നറിയുമോ’ എന്നുചോദിച്ചപ്പോൾ അറിയില്ലെന്ന് പറഞ്ഞു.

താനാണ് അമ്മയായി അഭിനയിക്കാൻ പോകുന്നത് എന്ന് അമ്മ പറഞ്ഞപ്പോൾ ഞാൻ ഷോക്കായിപ്പോയി. കാരണം അവർ ക്യാമറയ്ക്ക് മുന്നിൽ വരുന്നത് ഒഴിവാക്കിയിട്ട് വർഷങ്ങൾ ഏറെയായിട്ടുണ്ട്. ആവശ്യമില്ലാതെ ഒരു ഫോട്ടോയ്ക്ക് പോലും അമ്മ പോസ് ചെയ്യില്ല. അത്തരത്തിലുള്ള ഒരാൾ എങ്ങനെ പരസ്യചിത്രത്തിൽ അഭിനയിക്കാൻ സമ്മതിച്ചു എന്നതായിരുന്നു എനിക്കുണ്ടായ ഷോക്കിന് കാരണം,’ കല്യാണി പറയുന്നു.

തന്റെ പരസ്യ ചിത്രത്തിൽ തന്നോടൊപ്പം അഭിനയിക്കണം എന്ന് ആഗ്രഹിച്ചതുകൊണ്ടാണ് അമ്മ അങ്ങനെയൊരു തീരുമാനമെടുത്തതെന്നും ആ പരസ്യചിത്രത്തിലെ മകളെ മണവാട്ടിയുടെ രൂപത്തിൽ കാണുമ്പോൾ അമ്മ ആനന്ദക്കണ്ണീർ പൊഴിയുന്ന രംഗമുണ്ടെന്നും പറഞ്ഞ കല്യാണി, താൻ റെഡിയായി മണവാട്ടിയുടെ അലങ്കാരത്തിൽ നടന്നുവന്നപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞുവെന്നും കൂട്ടിച്ചേർത്തു.

അതേസമയം, മലയാളസിനിമയിലെ സകല കളക്ഷൻ റെക്കോഡുകളും കൈപ്പിടിയിലാക്കി കുതിക്കുകയാണ് കല്യാണി പ്രധാനകഥാപാത്രത്തിലെത്തിയ ലോകഃ ചാപ്റ്റർ വൺ ചന്ദ്ര. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 290 കോടി കളക്ഷനും പിന്നിട്ട് കുതിക്കുകയാണ്. ആദ്യമായി 300 കോടി സ്വന്തമാക്കുന്ന മലയാളചിത്രമായി ലോകഃ മാറുമെന്നാണ് കണക്കുകൂട്ടൽ.

Content Highlight: The day before the shoot, my mother asked me something; I was shocked when I heard it: Kalyani Priyadarshan