കോഴിക്കോട്: കൊടിയത്തൂരിൽ തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ നാസർ കൊളായിക്കെതിരെയും സി.ടി.സി അബ്ദുള്ളയ്ക്കെതിരെയും കൊലവിളിയുമായി മുസ്‌ലിം ലീഗ് നേതാക്കൾ. യു.ഡി.എഫിന്റെ ആഹ്ലാദ പ്രകടനത്തിനിടെയാണ് സംഭവം.
കൊടിയത്തൂർ മുൻ പഞ്ചായത്ത് വാർഡ് മെമ്പർ എം.ടി റിയാസിന്റെയും യൂത്ത് ലീഗ് നേതാവ് ചക്കാലക്കൽ ഷമീറിന്റെയും നേതൃത്വത്തിലാണ് കൊലവിളി നടത്തിയത്. പ്രകടനത്തിനിടെ മുദ്രാവാക്യം വിളിച്ചായിരുന്നു കൊലവിളി.
കാരശ്ശേരി ഡിവിഷനിൽ നിന്നും 18,525 വോട്ടാണ് നാസർ കൊളായി നേടിയത്. 19,594 വോട്ടുകൾ നേടിയ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി മിസ്ഹബ് കുഴരിയൂരാണ് ഇവിടെ ജയിച്ചത്.
കഴിഞ്ഞ ദിവസം ഫറോക്കിലും യു.ഡി.എഫ് ആഹ്ലാദ പ്രകടനത്തിനിടെ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിൽ സ്ഫോടകവസ്തുക്കൾ എറിഞ്ഞിരുന്നു.
മലപ്പുറം വളാഞ്ചേരിയിൽ യൂത്ത് ലീഗ് പ്രാദേശിക നേതാവ് കൊലവിളി നടത്തിയതായി റിപ്പോർട്ടുകളുണ്ട്. മുസ്‌ലിം ലീഗ് പ്രവർത്തകർക്കെതിരെ കൈ ഓങ്ങിയാൽ കൈകൾ വെട്ടിമാറ്റുമെന്ന് വളാഞ്ചേരി നഗരസഭ മുൻ കൗൺസിലർ ശിഹാബുദ്ധീൻ പറഞ്ഞിരുന്നു.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുന്സിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യു.ഡി.എഫ് വലിയ മുന്നേറ്റമാണ് നടത്തിയത്.
Content Highlight: Muslim League leaders call for killing Nasser Kolai and CTC Abdullah