മാലേയം ഗുരുവായൂരപ്പന്റെയല്ലേ, തമാശ കളിക്കല്ലേ; അങ്ങനെ ചന്ദനത്തിരിയും വിളക്കും കത്തിച്ചുവെച്ച് ചിത്രച്ചേച്ചി സ്റ്റുഡിയോയില്‍ പാടാനിരുന്നു; രസകരമായ അനുഭവം പറഞ്ഞ് ശരത്
Entertainment news
മാലേയം ഗുരുവായൂരപ്പന്റെയല്ലേ, തമാശ കളിക്കല്ലേ; അങ്ങനെ ചന്ദനത്തിരിയും വിളക്കും കത്തിച്ചുവെച്ച് ചിത്രച്ചേച്ചി സ്റ്റുഡിയോയില്‍ പാടാനിരുന്നു; രസകരമായ അനുഭവം പറഞ്ഞ് ശരത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 9th April 2022, 11:28 am

തച്ചോളി വര്‍ഗീസ് ചേകവര്‍ എന്ന മോഹന്‍ലാല്‍ സിനിമയിലെ ‘മാലേയം മാറോടണഞ്ഞു’ എന്ന ഗാനം എന്നും മലയാളികളുടെ ഫേവറിറ്റ് പ്ലേലിസ്റ്റില്‍ ഉള്‍പ്പെട്ട ഒന്നാണ്.

പാട്ടിന്റെ കംപോസിങ് സമയത്തെ രസകരമായ ചില അനുഭവങ്ങള്‍ പറയുകയാണ് ഇപ്പോള്‍ സംഗീത സംവിധായകനായ ശരത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് കെ.എസ്. ചിത്ര മാലേയം പാടാനെത്തിയപ്പോഴുള്ള വിശേഷങ്ങള്‍ ശരത് പറയുന്നത്.

മാലേയം ഒരു ഇറോട്ടിക് ടച്ചുള്ള പാട്ടാണെന്നും എന്നാല്‍ ചിത്രചേച്ചി സ്റ്റുഡിയോയില്‍ ചന്ദനത്തിരിയും വിളക്കും കത്തിച്ച് വെച്ചാണ് ഇത് പാടിയതെന്നുമാണ് ശരത് പറയുന്നത്.

”ലാലേട്ടന്‍ മസില്‍ കാണിച്ച് നടക്കുന്നത് കാണുമ്പോഴുള്ള ഒരു പെണ്‍കുട്ടിയുടെ വികാരമാണ് പാട്ടില്‍ കാണിക്കുന്നത്. ഒരു ഡ്രീം ആണ് ഈ പാട്ട്. അപ്പൊ ഇത് ഏത് കാറ്റഗറിയില്‍ പോണം എന്ന ചെറിയ കണ്‍ഫ്യൂഷന്‍ എനിക്ക് ഉണ്ടായിരുന്നു.

അങ്ങനെ കളരിയും ഒക്കെ പാട്ടില്‍ വന്നപ്പോള്‍ ഞാന്‍ വിചാരിച്ചു ഒരു സെമി ക്ലാസിക്കല്‍ പിടിക്കാം എന്ന്. ബാക്കിങ്ങ് മൊത്തം വേറെ ലെവലിലാക്കാം, വെസ്റ്റേണ്‍ ആണെന്ന് പറയാനും വയ്യ, എന്ന് കരുതി അത് സെറ്റപ്പായതാണ്.

ഇതൊക്കെ പാട്ടിലെ കഥാപാത്രത്തിന്റെ വികാരമാണ്. ഇതിലെ കോമഡി പറയാനാണെങ്കില്‍ ഇത് പാടാന്‍ കിട്ടിയത് ചിത്ര ചേച്ചിയെയാണ്. ചേച്ചിയെ ഇതൊന്ന് പറഞ്ഞ് മനസിലാക്കുക എന്ന് വെച്ചാല്‍ ബുദ്ധിമുട്ടാണ്.

എന്റെ സ്വന്തം ചേച്ചിയാണ്. അപ്പൊ എനിക്ക് ലിമിറ്റേഷനുണ്ട്. ഇത് ഒരു ഇറോട്ടിക് പാട്ടാണ് എന്ന് പറഞ്ഞാല്‍ ചേച്ചിക്ക് അത് പെട്ടെന്ന് കത്തുകയും ചെയ്യില്ല. ആ കാര്യത്തിലൊന്നും ഒരു ബുദ്ധിയും ഇല്ല ചേച്ചിക്ക്.

ഒരു കംപോസറുടെ പാട്ടുകാരിയാണ് ചിത്രച്ചേച്ചി. അത് എനിക്ക് ഉറപ്പാണ്. എനിക്ക് പാടിക്കാന്‍ പറ്റും എന്ന് അറിയാം.

അങ്ങനെ ഞാന്‍ പറഞ്ഞു, ചേച്ചീ, അത് മാലേയം മാറോടലിഞ്ഞു എന്നാണ്. മാലേയം എന്ന് പറഞ്ഞാല്‍ ഗുരുവായൂരപ്പന്റെയല്ലേ, ശരത്തേ തമാശ കളിക്കല്ലേ, എന്ന് ചേച്ചി പറഞ്ഞു.

ഞാന്‍ പറഞ്ഞു, അതല്ല, മാലേയം മാറോടലിഞ്ഞു. ചന്ദനം നെഞ്ചത്ത് തടവി അങ്ങനെയൊക്കെയാണ് തീരുമാനിച്ചത്. അങ്ങനെ ചന്ദനത്തിരിയും വിളക്കും ഒക്കെ കത്തിച്ചുവെച്ച് സ്റ്റുഡിയോയില്‍ ഇരിക്കുന്നു മാലേയം പാടാന്‍.

ഞാന്‍ പറഞ്ഞു, ചേച്ചീ ഇത് അതല്ല, മസിലാണ്. എന്ത് ചെയ്തിട്ടും മനസിലാവുന്നില്ല. വരികള്‍ ഒക്കെ ഞാന്‍ പറഞ്ഞുകൊടുത്തിട്ടുണ്ട്. വരികള്‍ ഗിരീഷ് പുത്തഞ്ചേരി കുറച്ച് പച്ചയായിട്ട് തന്നെ എഴുതിയിട്ടുണ്ട്. അതൊന്നും പറഞ്ഞിട്ട് ചേച്ചിക്ക് മനസിലാവുന്നില്ല.

ഒന്നും വേണ്ട, ഞാന്‍ പാടുന്നത് പോലെ പാടിയാല്‍ മതി, എന്ന് പറഞ്ഞു. മാലേയം, എന്ന് പാടിക്കൊടുത്തപ്പോള്‍ ഒരു സെഡ്യൂസീവ് ടോണ്‍ ഒക്കെ കൊണ്ടുവന്നപ്പോള്‍, ശരതേ ദേവകോപം കിട്ടും, എന്ന് എന്നോട് പറഞ്ഞു.

എനിക്ക് വേണ്ടത് ഞാന്‍ പാടിയിട്ട് ചേച്ചിയെക്കണ്ട് ഇമിറ്റേറ്റ് ചെയ്യിക്കുകയായിരുന്നു. ഇപ്പോഴാണ് ചേച്ചിക്ക് അതിന്റെ അര്‍ത്ഥം മനസിലാകുന്നത്. അയ്യേ, ഇതൊക്കെയാണോ ഞാന്‍ പാടിയത്, എന്ന്. അങ്ങനെ ഒരു പാവം ചേച്ചിയാണ്,” ശരത് പറഞ്ഞു.

തിലകന്‍, നെടുമുടി വേണു, വിനീത് എന്നിവരായിരുന്നു തച്ചോളി വര്‍ഗീസ് ചേകവരില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.

Content Highlight: Music director Sharreth shares a funny experience with singer KS Chithra