ആ പാട്ട് ഇനി പാടാന്‍ അമേരിക്കന്‍ പ്രസിഡന്റ് മാത്രമേ ബാക്കിയുള്ളൂ; ചില കവര്‍ വേര്‍ഷന്‍ കവറല്ല, ഖബറാണ്: ശരത്
Entertainment news
ആ പാട്ട് ഇനി പാടാന്‍ അമേരിക്കന്‍ പ്രസിഡന്റ് മാത്രമേ ബാക്കിയുള്ളൂ; ചില കവര്‍ വേര്‍ഷന്‍ കവറല്ല, ഖബറാണ്: ശരത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 8th April 2022, 11:55 am

സംഗീത സംവിധായകനായും ഗായകനായും മലയാള സിനിമയില്‍ കഴിവ് തെളിയിച്ചയാളാണ് ശരത്. ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ ജഡ്ജായി വരുന്നത് കൊണ്ട് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും അദ്ദേഹം സുപരിചിതനാണ്.

ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തില്‍ 1994ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം പവിത്രത്തിലെ ശ്രീരാഗമോ തേടുന്നു നീ… എന്ന പാട്ടായിരിക്കും ശരത് എന്ന പേര് കേള്‍ക്കുമ്പോള്‍ മലയാള സംഗീതാസ്വാദകരുടെ മനസിലേക്ക് ആദ്യം വരുന്നത്. യേശുദാസ് പാടിയ ഈ ഗാനം ഇന്നും പുതിയ പുതിയ കവര്‍ സോങുകളായും മറ്റും പ്രേക്ഷകര്‍ക്കിടയില്‍ തന്നെ തങ്ങിനില്‍ക്കുന്നുണ്ട്.

‘ശ്രീരാഗമോ’ എന്ന പാട്ടിന് വന്നിട്ടുള്ള കവര്‍ സോങുകളെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറയുകയാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംഗീത സംവിധാകന്‍ ശരത് തന്നെ.

ശ്രീരാഗമോ, എന്ന ഗാനത്തിന് ഒരുപാട് കവര്‍ വേര്‍ഷനുകള്‍ വന്നിട്ടുണ്ടല്ലോ, പല സംഗീത സംവിധായകരും ഇത്തരം കവര്‍ സോങുകളെ പിന്തുണക്കുന്നില്ല. ഇതിനെക്കുറിച്ച് അഭിപ്രായമെന്താണ് എന്നായിരുന്നു അവതാരകന്‍ ചോദിച്ചത്.

”ശ്രീരാഗമോ എന്ന പാട്ടെടുത്താല്‍, എനിക്ക് തോന്നുന്നു അമേരിക്കന്‍ പ്രസിഡന്റ് ഒഴിച്ച് ബാക്കി എല്ലാവരും അത് പാടി. ഇനി എനിക്ക് ഒറ്റ ആഗ്രഹമുള്ളത്, അദ്ദേഹവും കൂടി ഇതൊന്ന് പാടി കേള്‍ക്കണം എന്നാണ്.

അത്രയും പോപ്പുലറായി അത്. ചില കവര്‍ വേര്‍ഷനൊക്കെ നല്ലതാണ്. ഇനി ഓവറാക്കിയാലും പ്രശ്‌നമാണ്. നമ്മള്‍ ഒരു സോള്‍ കണ്ടെത്തിയാണ് ഒരു കോംപോസിഷന്‍ ചെയ്യുന്നത്, ഇതാണ് സംഭവം എന്ന് പറഞ്ഞ്.

നമ്മള്‍ക്ക് അത് ഒരു സ്‌കെലട്ടണ്‍ കിട്ടിയാല്‍ എത്രത്തോളം അതിനെ വലുതാക്കാം എന്നത് ടാലന്റുള്ള ഒരു പാട്ടുകാരന് പറ്റും. പക്ഷെ, അത് അനിവാര്യമാണോ എന്നുള്ളത്, വളരെ സീരിയസായി ആലോചിക്കേണ്ട കാര്യമാണ്.

ചില കവര്‍ വേര്‍ഷനൊക്കെ നല്ലതാണ്. ചിലത് കവറല്ല ഖബറാണ് അത്, ഖബറടക്കിയിട്ടുണ്ട്. പിന്നെ, എല്ലാവരുടെയും ആഗ്രഹമല്ലേ, പാടട്ടെ, അല്ലാതെ എന്ത് പറയാനാ,” ശരത് പറഞ്ഞു.

Content Highlight: Music director Sharreth on Sree Ragamo song and its cover versions