മുസ്‌ലിം സ്ത്രീകളെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്യുമെന്ന് പുരോഹിതന്‍; ജയ് ശ്രീറാം വിളിച്ച് ആക്രോശിച്ച് ആള്‍കൂട്ടം; പൊലീസ് നടപടിയെടുക്കും
national news
മുസ്‌ലിം സ്ത്രീകളെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്യുമെന്ന് പുരോഹിതന്‍; ജയ് ശ്രീറാം വിളിച്ച് ആക്രോശിച്ച് ആള്‍കൂട്ടം; പൊലീസ് നടപടിയെടുക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th April 2022, 11:21 am

ലഖ്‌നൗ: മുസ്‌ലിം സ്ത്രീകളെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്യുമെന്ന ഭീഷണിപ്രസംഗം നടത്തുന്ന ഹിന്ദു പുരോഹിതനെതിരെ അന്വേഷണമാരംഭിച്ച് പൊലീസ്. പുരോഹിതന്റെ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് അന്വേഷണമാരംഭിച്ചത്.

സീതാപൂര്‍ ജില്ലയിലെ ഒരു പള്ളിക്ക് പുറത്ത് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുമെന്ന് പുരോഹിതന്‍ പറഞ്ഞത്.

ഒരു മുസ്‌ലിം ആ പ്രദേശത്തെ ഏതെങ്കിലും ഹിന്ദു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയാല്‍, താന്‍ മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പരസ്യമായി ബലാത്സംഗം ചെയ്യുമെന്നാണ് ഇയാള്‍ പറഞ്ഞത്.

ഏപ്രില്‍ 2നാണ് വീഡിയോ ചിത്രീകരിച്ചതെന്നും എന്നാല്‍ സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടിയൊന്നും എടുത്തിട്ടില്ലെന്നും ഫാക്ട് ചെക്ക് വെബ്സൈറ്റ് ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.

മുഹമ്മദ് സുബൈര്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ നിരവധിയാളുകളുകള്‍ പുരോഹിതനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

പുരോഹിതന്‍ ബജ്റംഗ് മുനി ആണെന്ന് പലരും അഭിപ്രായപ്പെട്ടു. വിഷയത്തില്‍ കര്‍ശനമായ ഇടപെടല്‍ ആവശ്യപ്പെട്ട് ട്വിറ്റര്‍ ഉപയോക്താക്കള്‍ യു.എന്‍ മനുഷ്യാവകാശ സംഘടനയ്ക്കും ദേശീയ വനിതാ കമ്മീഷനും വര്‍ഗീയ പരാമര്‍ശങ്ങള്‍ ഫ്‌ളാഗുചെയ്തു.

പുരോഹിതന്‍ ജീപ്പിനുള്ളില്‍ നിന്ന് പ്രസംഗിക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. വീഡിയോയില്‍ പൊലീസുകാരെയും ഇയാള്‍ക്ക് പിന്നില്‍ കാണാന്‍ സാധിക്കും.

ഇയാളുടെ പ്രസംഗത്തിനിടക്ക് ആള്‍കൂട്ടം ജയ് ശ്രീറാമെന്ന് വിളിച്ച് ആക്രോശിക്കുന്നതും വര്‍ഗീയവും പ്രകോപനപരവുമായ പരാമര്‍ശങ്ങള്‍ നടത്തുന്നതായും വീഡിയോയില്‍ കാണാം.

തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും ഇതിനായി 28 ലക്ഷം രൂപയോളം പിരിച്ചെടുത്തതായും പുരോഹിതന്‍ പ്രസംഗത്തില്‍ ആരോപിക്കുന്നുണ്ട്.

സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പുരോഹിതനെതിരെ നടപടിയെടുക്കുമെന്നും സിതാപൂര്‍ പൊലീസ് പറഞ്ഞു.

Content Hair: On Camera, Hatemonger’s Rape Threat To Muslim Women In UP Amid Cheers