സംവിധായകന്‍ ഗിരീഷ് എ.ഡിയെ കുറിച്ചും ആദ്യമായി അദ്ദേഹത്തെ കണ്ടതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ഗിരീഷിന്റെ ആദ്യപടത്തിന്റെ റിലീസ് ദിവസമാണ് ആദ്യമായി ഗിരീഷിനെ കണ്ടതെന്ന് ഔസേപ്പച്ചന്‍ പറയുന്നു.

ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തില്‍ താന്‍ സംഗീതം നല്‍കിയ ‘യവന കഥയില്‍ നിന്നുവന്ന’ എന്ന് തുടങ്ങുന്ന ഗാനം ഉപയോഗിക്കുമെന്ന് ആദ്യമേ പറഞ്ഞിരുന്നില്ലെന്നും റിലീസിന് ശേഷമാണ് ഗിരീഷ് വിളിച്ചതെന്നും ഔസേപ്പച്ചന്‍ പറയുന്നു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ഗിരീഷ് ബെത്‌ലഹേം റിലീസിന് ശേഷമാണ് എന്നെ വിളിച്ചത്. സൂപ്പര്‍ശരണ്യയില്‍ എന്റെ പാട്ട് ഉപയോഗിച്ചപ്പോഴും എന്നോട് ഒന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല. അക്കരെ അക്കരെ എന്ന സിനിമയ്ക്ക് വേണ്ടി ചെയ്ത കണ്ണ് കണ്ടില്‍ കൊണ്ട നിമിഷം മുതല്‍ എന്ന് തുടങ്ങുന്ന ഗാനം ആ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. ശ്രീകുമാരന്‍ തമ്പിയും ഞാനും കൂടി ചെയ്ത പാട്ടാണ് അത്. എന്നെ വളരെയധികം ഫോളോ ചെയ്യുന്ന ആളാണ് ഗിരീഷ്.

എന്റെ എല്ലാ അക്കൗണ്ടുകളും നോക്കുന്നത് സന്ദീപ് എന്ന് പറയുന്ന ഒരാളാണ്. അവന് മ്യൂസിക്കിനോട് ആരാധനയാണ്. ഇവനും ഗിരീഷും തമ്മില്‍ സംസാരിക്കും. എന്റെ ഒരു ഫാന്‍ ഗ്രൂപ്പുണ്ട്. അതില്‍പ്പെട്ട ആളാണ് ഗിരീഷും. അദ്ദേഹം സംവിധായകന്‍ ആകുന്നതിന് മുന്‍പൊക്കെ.

ഗിരീഷിന് എന്നെ വളരെ മുന്‍പ് അറിയാം. ഗിരീഷിന്റെ ആദ്യപടം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ കാണാന്‍ ഞാന്‍ തിയേറ്ററില്‍ പോയിരുന്നു. ഗിരീഷ് അന്ന് ത്രില്‍ അടിച്ചുനില്‍ക്കുകയാണ്.

പടം ഭയങ്കര സൂപ്പര്‍ഹിറ്റ്. ഗിരീഷ് എനിക്ക് കൈ തന്നപ്പോള്‍ തണുത്ത് മരവിച്ചിരിക്കുന്നു. ആദ്യമായി ചെയ്ത പടത്തിന് തിയേറ്ററില്‍ നിന്ന് കിട്ടുന്ന അപ്രീസിയേഷന്‍ നേരിട്ട് അനുഭവിക്കുകയാണ്. അതിന്റെ എല്ലാ എക്‌സൈറ്റ്‌മെന്റും പുള്ളിക്കുണ്ടായിരുന്നു.

അന്ന് പുള്ളി ഞാനുമായി സംസാരിച്ചിരുന്നു. അതിന് ശേഷം അങ്ങനെ കോണ്‍ടാക്ട് ഒന്നുമില്ല. ഈ പടം റിലീസ് ആയ ശേഷം എന്നെ വിളിച്ചിരുന്നു. ഞങ്ങള്‍ അതിനെ കുറിച്ച് സംസാരിച്ചിരുന്നു,’ ഔസേപ്പച്ചന്‍ പറഞ്ഞു.

Content Highlight: Music Director Ouseppachan about Girish AD