കിനാവുകള്‍ കണ്ടുകൊണ്ടെ ഇരിക്കുക, ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന സ്വപ്നം നടന്നിരിക്കും; കുമാര്‍ സാനു തന്‍റെ പാട്ട് പാടിയതില്‍ സന്തോഷം പങ്കിട്ട് നാസര്‍ മാലിക്
Film News
കിനാവുകള്‍ കണ്ടുകൊണ്ടെ ഇരിക്കുക, ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന സ്വപ്നം നടന്നിരിക്കും; കുമാര്‍ സാനു തന്‍റെ പാട്ട് പാടിയതില്‍ സന്തോഷം പങ്കിട്ട് നാസര്‍ മാലിക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 1st October 2022, 12:23 pm

പ്രശസ്ത ഗായകന്‍ കുമാര്‍ സാനു തന്റെ പാട്ട് പാടിയതിലുള്ള സന്തോഷം പങ്കുവെച്ച് മ്യൂസിക് ഡയറക്ടര്‍ നാസര്‍ മാലിക്. ചെറുപ്പം മുതല്‍ തന്നെ കുമാര്‍ സാനുവിന്റെ പാട്ട് കേള്‍ക്കാന്‍ കിലോമീറ്ററുകളോളം നടന്ന അനുഭവങ്ങളും പിന്നീട് സംഗീത സംവിധാന രംഗത്തേക്ക് കടക്കാന്‍ അദ്ദേഹം പ്രചോദനമേകിയതുമെല്ലാം തന്റെ ദീര്‍ഘമായ കുറിപ്പില്‍ നാസര്‍ കുറിച്ചിട്ടുണ്ട്. പാട്ട് പാടിയതിന് ശേഷം കുമാര്‍ സാനു സന്തോഷം പ്രകടിപ്പിച്ച് അയച്ച വീഡിയോയും നാസര്‍ ഒപ്പം പങ്കുവെച്ചിട്ടുണ്ട്.

‘അല്‍ഹംദുലില്ലാ
ഞാന്‍ പഠിച്ച തൃത്താല ഹൈസ്‌കൂള്‍ ഗ്രൗണ്ട് മൈതാനത്തേക്ക് തൊണ്ണൂറുകളില്‍ വൈകുന്നേരം പോയിരുന്നത് അവിടെ നടക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ കാണാന്‍ മാത്രമായിരുന്നില്ല, അതിനപ്പുറം കളി തൊട്ടു മുന്‍പും ഹാഫ് ടൈമിലും വെയ്ക്കുന്ന ആഷിഖി എന്ന ബോളിവുഡ് ബ്ലോക്ക്ബസ്റ്റര്‍ മൂവിയിലെ ‘മെ ദുനിയാ ബുലാ ദൂങ്ക, ജാനേ ജിഗര്‍ ജാനേ മന്‍, ധീരെ ധീരെ സെ തുടങ്ങിയ ഗാനങ്ങള്‍ കേള്‍ക്കാന്‍ ആയിരുന്നു. പാടിയ ഗായകന്‍ ആരെന്നോ സംഗീതം ചെയ്തത് ആരെന്നോ എഴുതിയത് ആരെന്നോ അറിയാത്ത കാലം, സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് വീട്ടില്‍ നിന്നുള്ള മൂന്ന് കിലോമീറ്റര്‍ യാത്രയാണ്.

കളി കഴിഞ്ഞു തിരിച്ചു വരും നേരം കാസറ്റ് കടകളില്‍ ഇരിക്കുന്ന നായകന്റെ കോട്ട് കൊണ്ട് തന്റെയും നായികയുടേയും തല മൂടിയ ആഷിഖിയുടെ വിശ്വവിഖ്യാതമായ ഫോട്ടോയുള്ള കാസറ്റ് കവറിലേക്ക് നോക്കി കുറേനേരം വെള്ളമിറക്കി നില്‍ക്കും, അന്ന് 20 രൂപയായിരുന്നു ആ കാസറ്റിന് വില എന്നാണ് ഓര്‍മ്മ. കുഞ്ഞായിരുന്നു അന്ന് അതുകൊണ്ടുതന്നെ കാസറ്റ് വാങ്ങാനുള്ള ബഡ്ജറ്റ് ഒന്നും നമ്മളെ കയ്യില്‍ ഉണ്ടായിരുന്നില്ല അപ്പോള്‍ പിന്നെ മൂന്നു കിലോമീറ്റര്‍ യാത്ര ചെയ്തു നടന്ന് പാട്ടുകേട്ടു വരിക എന്നതായിരുന്നു ഏക മാര്‍ഗം.

മ്യൂസിക് കമ്പോസര്‍ ആകുമെന്നോ പാട്ടുകാരന്‍ ആകുമെന്നോ ഒന്നും അറിയാത്ത കാലം ആയിരുന്നു അന്ന്, എന്നാലും ആ ശബ്ദത്തില്‍ ആ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഒരു പ്രത്യേക ഊര്‍ജം ആയിരുന്നു. എന്തെന്നറിയാത്ത ഒരുപാട് സ്വപ്നങ്ങള്‍ മനസ്സില്‍ വന്നിരുന്നു. അങ്ങനെ ആദ്യമായി ഹിന്ദി പാട്ടുകളുടെ കാസറ്റ് സ്വന്തമായി കിട്ടുന്നത് മഹേഷ് ഭട്ടിന്റെ ‘ഫിര്‍ തേരി കഹാനി യാദ് ആയി’ എന്ന സിനിമയിലെതാണ്. രാഹുല്‍ റോയ് തന്നെ ആയിരുന്നു അതിലും നായകന്‍. അതിലും ഒന്നൊഴിച്ചുള്ള പാട്ടുകള്‍ എല്ലാം പാടിയിരിക്കുന്നത് ഞാന്‍ സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ആരുടെ പാട്ട് ആണോ കേള്‍ക്കാന്‍ പോയിരുന്നത് ആ ഗായകന്‍ തന്നെ. അവിടെ നിന്നാണ് ആ ഗായകന്റെ പേര് മനസ്സില്‍ പതിയുന്നത്. പിന്നെ അങ്ങോട്ട് ആ സ്വരത്തിന്റെ ലഹരിയില്‍ ആയിരുന്നു അവിടെ നിന്ന് അങ്ങോട്ടുള്ള സംഗീത യാത്ര.

പിന്നെ ‘ കുമാര്‍ സാനു’ എത്ര പാട്ട് പാടി എന്നൊക്കെ നോക്കിയാണ് ഓരോ കാസറ്റ് പോലും വാങ്ങിയിരുന്നത്. അന്നും മ്യൂസിക് കമ്പോസര്‍ ആവുമെന്നുള്ള ഒരു പ്രതീക്ഷയും ഇല്ല ആ പാട്ടുകള്‍ കേട്ട് അങ്ങനെ ഏതോ ഒരു സ്വപ്ന ലോകത്ത് ആവും. കരോക്കേ ഗാനമേളകളില്‍ പാടാന്‍ തുടങ്ങിയപ്പോള്‍ കിട്ടാവുന്ന കുമാര്‍ സാനുവിന്റെ പാട്ടുകള്‍ ആയിരുന്നു പാടിയിരുന്നത്. അവിടെ നിന്ന് സംഗീത സംവിധാനത്തിലേക്ക് എത്തിയപ്പോള്‍ കുമാര്‍ സാനുവിനെ ഒന്ന് നേരിട്ട് കാണണം എന്ന ആഗ്രഹം ഉണ്ടായിരുന്നു, പിന്നെ എന്റെ സംഗീതത്തില്‍ കുമാര്‍ സാനു ഒരു പാട്ട് പാടുന്നത് ഇങ്ങനെ പകല്‍ കിനാവുകള്‍ കാണുന്ന നേരം എന്റെ മനസ്സ് തന്നെ എന്നോട് പറയും സംഭവം സ്വപ്നം ആണെങ്കിലും അതിനും ഒരു പരിധി ഒക്കെ വേണ്ടേ എന്ന്. അപ്പോള്‍ തിരിച്ച് എന്റെ മനസ്സ് എന്നോട് തന്നെ പറയും ചില ആഗ്രഹങ്ങള്‍ ഇങ്ങനെ ആരും അറിയാതെ സ്വപ്നം കണ്ടെങ്കിലും തീര്‍ക്കണമല്ലോ എന്ന്.

ഇങ്ങ് കേരളത്തില്‍ തൃത്താല എന്ന ഗ്രാമത്തില്‍ ജീവിക്കുന്ന ആക്കാദമിക്ക് യോഗ്യത ഒന്നും ഇല്ലാത്ത ഒരു മ്യുസീഷ്യനായ എനിക്ക് എങ്ങനെ അങ്ങ് ‘ബോളിവുഡില്‍’ തിളങ്ങി നില്‍ക്കുന്ന കുമാര്‍ സാനു എന്ന ഇതിഹാസ ഗായകനിലേക്ക് എത്താന്‍ പറ്റും. ഞാനൊക്കെ സംഗീതം ചെയ്ത പാട്ട് കേട്ടാല്‍ ആയിര ക്കണക്കിന് ഹിറ്റുകള്‍ പാടിയ കുമാര്‍ സാനു എന്നെ ഓടിക്കും എന്നൊക്കെ ചിന്തിക്കുന്ന നേരം ആണ് എന്റെ പകല്‍ കിനാവിന്റെ തമാശകളിലെ ആഴം മനസ്സിലാവുക. അപ്പോഴും കിനാവ് കാണാന്‍ ചിലവ് ഒന്നും ഇല്ലല്ലോ എന്നോര്‍ത്ത് അങ്ങനെ കിനാവ് കാണുന്നത് നിര്‍ത്താന്‍ ഞമ്മള്‍ ഒരുക്കം ആയിരുന്നില്ല. ഞമ്മള്‍ അങ്ങിനെ കണ്ട് കൊണ്ടെ ഇരുന്നു.

അല്‍ഹംദുലില്ലാഹ് ഒടുവില്‍ ആ സ്വപ്‌നം പൂവണിഞ്ഞിരിക്കുന്നു. ആരുടെ ശബ്ദം കേള്‍ക്കാന്‍ ആണോ ആ മൂന്ന് കിലോമീറ്റര്‍ കുഞ്ഞു നാളില്‍ യാത്ര നടത്തിയത് ആ ശബ്ദത്തിനുടമയായ ഗായകന്‍ കുമാര്‍ സാനു തന്നെ എന്റെ മ്യൂസിക്കില്‍ പാടുന്നു. പാടി കഴിഞ്ഞ ശേഷം എന്റെ പേര് അടക്കം പറഞ്ഞു കൊണ്ട് ഒരു വീഡിയോ എടുത്ത് എനിക്ക് അയച്ചു തരാന്‍ പറയുന്നു. ആ വീഡിയോ ആണ് ഇത്.

വീഡിയോയില്‍ പറഞ്ഞതിന് പുറമെ കുറച്ച് വാക്കുകള്‍ കൂടെ കുമാര്‍ സാനു മാനേജര്‍ ദിനേശ് ഏട്ടനോട് പറഞ്ഞത് അദ്ദേഹം എന്നോട് പറഞ്ഞത് കൂടി ഇവിടെ എഴുതുന്നു. ‘ഈ പാട്ട് എന്നെ 90 കളിലെ ഗോള്‍ഡന്‍ ഇറയിലേക്ക് കൂട്ടി കൊണ്ട് പോയി. ഈ പാട്ട് പാടി തീരും വരെ ഞാന്‍ ആ സുവര്‍ണ കാലഘട്ടത്തില്‍ ആയിരുന്നു. വല്ലാത്ത ഒരു നൊസ്റ്റാള്‍ജിയ, നാസര്‍ മാലിക്കിന്റെ മ്യൂസിക് ജേണി മനോഹരം ആയിരിക്കുന്നു എന്ന് അവനോട് പ്രത്യേകം പറയുക’

ആഷിഖി മൂവിയിലെ ആരുടെ എന്ന് അറിയാത്ത ഒരു ശബ്ദം കേക്കാന്‍ വേണ്ടി മൂന്ന് കിലോമീറ്റര്‍ സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് നടന്നിരുന്ന 90 കളിലെ ആ യാത്ര ആയിരുന്നു എന്റെ മ്യൂസിക് ജേണിയുടെ തുടക്കമെന്നും ആ ജേണി ഇന്ന് എത്തി നില്‍ക്കുന്ന ഇടത്ത് നിന്ന്, എന്നെ അങ്ങോട്ട് കൊണ്ട് പോയ കുമാര്‍ സാനു എന്ന ഗായകനെ എനിക്ക് 90 കളിലേക്ക് കുറച്ച് സമയം തിരിച്ചു കൊണ്ട് പോവാന്‍ പറ്റി എന്നത് മാത്രം ആണ് സത്യം എന്ന് കുമാര്‍ സാനുവിന്ന് ഇന്നും അറിയുന്നുണ്ടാവില്ല. എങ്കിലും അദ്ദേഹം മനോഹരം എന്ന് പറഞ്ഞ ആ മ്യൂസിക് ജേണി അദ്ദേഹത്തിന്റെ തന്നെ മധുര സ്വരം ആയിരുന്നു എന്ന് ഇവിടെ കുറിക്കുന്നു.

കിനാവുകള്‍ കണ്ടുകൊണ്ടെ ഇരിക്കുക ഉടനടി നടന്നില്ല എങ്കിലും. ഒരു നാള്‍ മനസ് അത്ര മേല്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന സ്വപ്നം നടന്നിരിക്കും. അല്ലാഹുവിന് സ്തുതി. ഇത്ര പ്രശസ്ഥനായ ഒരു ഗായകന്‍ പാടാന്‍ ഉള്ളപ്പോള്‍ എന്നില്‍ വിശ്വാസം അര്‍പ്പിച്ച റഫീഖ് ഭായിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

നിങ്ങളുടെ നാസര്‍ എന്താണ് ഇങ്ങനെ പാട്ടും പാടി നടക്കുന്നത് എന്ന് പരിഹാസ രൂപേണെ നാട്ടുകാര്‍ ചോദിച്ചു വീട്ടുകാരെ ബുദ്ധിമുട്ടിച്ചിരുന്ന കാലത്തും, എന്നെ സഹിച്ചു അതിലുപരി നാട്ടുകാരെ സഹിച്ചു എന്നെ എന്റെ വഴിയില്‍ വിട്ട വീട്ടുകാരാണ് ആണ് എനിക്ക് വലിയ പിന്തുണയായി നിന്നത്, പ്രത്യേകിച്ചു എന്റെ ഇക്കമാര്‍.

അതോടൊപ്പം സംഗീത വഴിയില്‍ കൂടെ നിന്ന റഹീസ്, ജാസി ചേട്ടന്‍ അശ്വിന്‍ ചേട്ടന്‍, ബിന്‍സിക്കാ, ശറഫുദ്ധീന്‍, നിഖില്‍ ബ്രോ, അക്ബര്‍, തൃത്താല ഷാഫി, ഷംസുക്കാ, ഫിറോസ്‌ക്കാ, ഷാജഹാന്‍, ഷോണിക്, സലാം ഇക്കാ, ഷുക്കൂര്‍ക്കാ, അയ്യൂബിക്കാ, അന്‍വര്‍ക്കാ, മനീഷ് ആദ്യമായി മൈക്ക് എടുത്ത് തന്ന നാസര്‍ക്കയും നിയാസും, കുമാര്‍ സാനു ആണോ മികച്ചത് സോണു നിഗം ആണോ മികച്ചത് എന്ന അടി നടന്നിരുന്ന കെ.എസ്. ഓഡിയോസ്, സൗണ്ട് ആന്‍ഡ് വിഷന്‍ ടീമിലെ സിദ്ധിക്കാ, റഫീഖ്, സാദിഖ് തൃത്താല, മുഹമ്മദലി കൂടല്ലൂര്‍ മുത്തലിബ്, നാസര്‍ കോടനാട്, ഗഫൂര്‍ ചാലിശ്ശേരി ഷഫീര്‍ ചിറ്റപ്പുറം, കസൂറിലെ കാസറ്റ് വാങ്ങി സബ് വൂഫറില്‍ ഇട്ട് കേപ്പിച്ചിരുന്ന ഷബീര്‍, കുമാര്‍ സാനുവിന്റെ പാട്ട് തേടി എന്റെ അടുത്ത് വരുന്ന സുനില്‍ ബ്രോ, എന്റെ തമ്മന്നയുടെ കാസറ്റ് വാങ്ങി ഇന്നും തിരിച്ചു തരാത്ത ലാല്‍ കക്കാട്ടിരി, കിച്ചാ മണി എന്ന ഷാനിബ്, മജീദ് ആലൂര്‍ ഇതിനൊക്കെ പുറമെ അര്‍ജന്റീന ഫാന്‍ ആണെങ്കിലും കുമാര്‍ സാനുവിന്റെ കാര്യം വരുന്ന നേരം കട്ടക്ക് നിക്കുന്ന ചങ്ക് ബ്രോ ഹാരിസ് ഭായ്, പൊന്നാനിക്കാരന്‍ ചങ്ക് അനൂപ് ബ്രോ, ബഷീര്‍ക്കാ, ആദ്യമായി ഒരു ചാനല്‍ ഇന്റര്‍വ്യൂവില്‍ സംഗീത സംവിധായകനായി എന്നെ അവതരിപ്പിച്ച ഹര്‍ഷദ് ഭായ്, ഇപ്പോള്‍ ഞമ്മളെ കൊണ്ട് സിനിമയില്‍ പാട്ട് ചെയ്യിക്കുന്ന അലിഫ് ഭായ് ഇത് വരെ കാണാത്ത നദീം ശ്രാവണ്, ഫാന്‍ ഷബീര്‍ ഭായ്, ജസ്റ്റിന്‍ ബ്രോ, ശ്രീകാന്ത് ബ്രോ ജബ്ബാര്‍, പ്രശാന്ത് ബ്രോ, സുമേഷ് ചാലിശ്ശേരി, പൂച്ച ഗ്രൂപ്പിലെ പ്രിയ സുഹൃത്തുക്കള്‍, റബ്ബാനി അംഗങ്ങള്‍, മുനീര്‍ക്കാ തുടങ്ങി കൂടെ നിന്ന എല്ലാവരോടും സ്‌നേഹം. ( ഇനിയും ഒരുപാട് പേരുണ്ട് എഴുതി തീരുന്നില്ല ആര്‍ക്കും പരിഭവം ഉണ്ടാവരുത് )

ഇന്‍ശാ അല്ലാഹ്, കുമാര്‍ സാനുവും ചിത്ര ചേച്ചിയും ചേര്‍ന്ന് പാടിയ ഈ ഗാനം എഴുതിയത് കൊല്ലം ഷാഫിയാണ്. ഉടന്‍ പുറത്ത് വരും,’ നാസര്‍ മാലിക് ഫേസ്ബുക്കില്‍ കുറിച്ചു.

Contentb Highlight: Music director Nasser Malik shared his happiness that famous singer Kumar Sonu sang his song