ഷൂട്ട് തുടങ്ങിക്കഴിഞ്ഞാണ് മനസിലായത്, ഞാന്‍ ഇതുവരെ വര്‍ക്ക് ചെയ്ത ഡയറക്ടര്‍മാരെ പോലെയേ അല്ല റോഷന്‍ സാര്‍: ഗ്രേസ് ആന്റണി
Entertainment news
ഷൂട്ട് തുടങ്ങിക്കഴിഞ്ഞാണ് മനസിലായത്, ഞാന്‍ ഇതുവരെ വര്‍ക്ക് ചെയ്ത ഡയറക്ടര്‍മാരെ പോലെയേ അല്ല റോഷന്‍ സാര്‍: ഗ്രേസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 1st October 2022, 12:04 pm

നിവിന്‍ പോളി, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, അജു വര്‍ഗീസ്, സിജു വില്‍സണ്‍, സാനിയ ഇയ്യപ്പന്‍ എന്നിങ്ങനെ യുവതാരങ്ങളെ അണിനിരത്തി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം സാറ്റര്‍ഡേ നൈറ്റ് റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.

ഒക്ടോബര്‍ ആദ്യവാരം തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചനകള്‍.

സാറ്റര്‍ഡേ നൈറ്റില്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ കൂടെ വര്‍ക്ക് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് സെന്‍സേഷന്‍സ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗ്രേസ് ആന്റണി. താന്‍ ഇതുവരെ വര്‍ക്ക് ചെയ്ത ഡയറക്ടര്‍മാരെ പോലയല്ല റോഷന്‍ ആന്‍ഡ്രൂസെന്നും അദ്ദേഹം വളരെ സ്ട്രിക്ടാണെന്നുമാണ് ഗ്രേസ് പറയുന്നത്.

”ചെറുതായിരിക്കും, പക്ഷെ സാര്‍ അത് പറയണമെങ്കില്‍ അതില്‍ എന്തെങ്കിലും ഉണ്ടായിരിക്കും. ഗ്രേസ് വരൂ, വന്നിട്ട് നോക്കാം, ചെറിയ ചില സാധനങ്ങളൊക്കെ എനിക്ക് വേണം എന്ന് പറയും.

 

അങ്ങനെ പറഞ്ഞാണ് അദ്ദേഹം ഷൂട്ട് തുടങ്ങിയത്. പക്ഷെ ഷൂട്ട് തുടങ്ങിക്കഴിഞ്ഞപ്പോഴാണ് എനിക്ക് മനസിലായത്, ഞാന്‍ ഇതുവരെ വര്‍ക്ക് ചെയ്തിട്ടുള്ളവരെ പോലുള്ള ഡയറക്ടറേ അല്ല റോഷന്‍ സാര്‍. ഭയങ്കര സ്ട്രിക്ടാണ്.

സാറിന് എന്താണോ വേണ്ടത് അവിടംവരെ നമ്മള്‍ പോയാല്‍ മതി. അവിടം വരെ പോയില്ലെങ്കില്‍ നമ്മളെ അതുവരെ എത്തിക്കും. അതും കഴിഞ്ഞ് പോയാല്‍ സാറ് പറയും ‘അത് വേണ്ട’ എന്ന്.

അങ്ങനെയുള്ള ആളാണ് റോഷന്‍ സാര്‍. ഇതില്‍ ഒരു കാന്റീന്‍ സീനുണ്ടായിരുന്നു. ആ ഷോട്ടില്‍ റോഷന്‍ സാര്‍ പറഞ്ഞു, പുള്ളിക്കാരിയെ നോക്കണം, നോക്കി ഒരു ചിരി ചിരിക്കണം, എന്ന്.

 

ഞാന്‍ ഒരു എക്‌സ്പ്രഷനിട്ട്, ഇങ്ങനെ മതിയോ സാര്‍ എന്ന് ചോദിച്ചപ്പോള്‍, ‘ഇല്ല കുറച്ചുകൂടി ശരിയാകണം. ഒരു കളിയാക്കലുണ്ട് പക്ഷെ കാണുന്നയാള്‍ക്ക് കളിയാക്കലായി തോന്നരുത്. ഒരു ചെറിയ ചിരിയൊക്കെ വേണം’ എന്നൊക്കെ പറഞ്ഞുതന്നു.

പക്ഷെ നമുക്കത് കറക്ടായി കിട്ടി, അത് കറക്ടായി പ്ലേസ് ചെയ്തപ്പോള്‍ സാറ് പറഞ്ഞു, ‘ഞാന്‍ ചോദിച്ചതിലും കൂടുതല്‍ ഗ്രേസ് എനിക്ക് തന്നു,’ എന്ന്,” ഗ്രേസ് ആന്റണി പറഞ്ഞു.

 

‘കിറുക്കനും കൂട്ടുകാരും’ എന്ന ടാഗ്‌ലൈനോട് കൂടി പുറത്തിറങ്ങുന്ന സാറ്റര്‍ഡേ നൈറ്റ് ഒരു യൂത്ത് കോമഡി എന്റര്‍ടെയിനറായാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

അതേസമയം മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്കാണ് ഗ്രേസിന്റെ ഇനി വരാനിരിക്കുന്ന വമ്പന്‍ പ്രോജക്ടുകളിലൊന്ന്. റിലീസിന് ഏറെ മുമ്പ് തന്നെ ചിത്രത്തിന് വലിയ ഹൈപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Content Highlight: Actress Grace Antony shares the shooting experience of Saturday Night movie with Roshan Andrews