ഏത് ഭാഷയായാലും, ഏത് തരത്തിലുള്ള നായകന്മാരും നായികമാരുമാകട്ടെ, സിനിമ എന്നത് എല്ലാ പ്രേക്ഷകരെയും ഒരുപോലെ സ്വാധീനിക്കുന്ന ഒരു ശക്തമായ മാധ്യമമാണ്.
സിനിമ കണ്ട ശേഷം ജീവിതരീതികൾ മാറ്റുന്നവരും, ചിലപ്പോൾ തെറ്റായ വഴികളിലേക്ക് വഴുതിപ്പോകുന്നവരും ഉണ്ടാകാം. എന്നാൽ ഒരു സിനിമ മനുഷ്യനെ പൂർണമായും നിയന്ത്രിക്കുന്നു എന്ന് പറയാനാകില്ല. എന്നിരുന്നാലും ചെറിയ രീതിയിൽ എങ്കിലും സിനിമകൾ ഓരോരുത്തരെയും സ്വാധീനിക്കുന്നതാണ്.
ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിച്ച് മോഹൻലാൽ നായകനായി എത്തിയ ദൃശ്യം എന്ന ചിത്രം ഒരു കൊലപാതകം നടക്കുകയും അത് ആരും അറിയാതെ മറച്ചുവയ്ക്കുകയും ചെയ്യുന്ന കഥയാണ് പറയുന്നത്. ചിത്രം പുറത്തിറങ്ങിയതിന് ശേഷം നടന്ന ചില കൊലപാതകങ്ങൾ ദൃശ്യം സിനിമയുടെ സ്വാധീനമാണെന്ന് പലരും ആരോപിച്ചിരുന്നു
എന്നാൽ ഇത്തരം ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നടി അൻസിബ. ദൃശ്യം സിനിമ പുറത്തിറങ്ങുന്നതിന് മുമ്പും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്നും അവയും മറച്ചുവച്ചിട്ടുണ്ടെന്നും അൻസിബ വ്യക്തമാക്കുന്നു. ദൃശ്യം ഒരു ബെഞ്ച്മാർക്ക് സൃഷ്ടിച്ചതുകൊണ്ടാണ് പിന്നീട് നടക്കുന്ന സംഭവങ്ങളെ അതുമായി ആളുകൾ ബന്ധിപ്പിക്കുന്നതെന്നാണ് താരത്തിന്റെ അഭിപ്രായം.
റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് അന്സിബയുടെ ഈ പ്രതികരണം.
ദൃശ്യം2, Photo: IMDb
‘ദൃശ്യം വരുന്നതിന് മുമ്പും ഇവിടെ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്, പല സ്ഥലങ്ങളിലും അത് ഹൈഡ് ചെയ്തിട്ടുണ്ട്. പക്ഷേ ദൃശ്യം എന്ന ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് ഒരു ബെഞ്ച്മാർക്ക് ഉണ്ടാക്കി. ജോർജ്‌കുട്ടി വളരെ നന്നായി അത് മറച്ചുവെച്ചത് ആളുകൾ ശ്രദ്ധിച്ചു, അതുകൊണ്ട് പിന്നീട് സംഭവങ്ങളെ അതുമായി കണക്ട് ചെയ്തു.
അതുപോലെ തന്നെ, ധൂം സിനിമ പുറത്തിറങ്ങിയതിന് ശേഷം ബാങ്ക് കവർച്ചകൾ കൂടുതലായി ശ്രദ്ധിക്കപ്പെട്ടതായും പറയാറുണ്ട്. എന്നാൽ അതിന് മുമ്പും ഇത്തരം കവർച്ചകൾ ഉണ്ടായിരുന്നുവെന്നതാണ് സത്യാവസ്ഥ. സിനിമയ്ക്ക് ശേഷം നടന്ന സംഭവങ്ങളെ അതുമായി ബന്ധിപ്പിക്കുന്നതാണ് ആളുകളുടെ പ്രവണത,’ അൻസിബ പറഞ്ഞു.
ദൃശ്യം3, Photo: IMDb
കൂടാതെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രം കണ്ട ശേഷം തിയേറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ നിരവധി ദമ്പതികൾ കൈകോർത്താണ് പുറത്തേക്ക് വന്നതെന്ന് അൻസിബ പങ്കുവച്ചു. അത് ആ സിനിമ നൽകിയ നല്ല ഒരു മെസേജാണ് എന്നും താരം കൂട്ടിച്ചേർത്തു.
മോഹൻലാൽ നായകനായെത്തുന്ന ദൃശ്യം 3 യാണ് താരത്തിന്റേതായി തിയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രം. ചിത്രത്തിൽ മീന, അൻസിബ ഹസൻ, സിദ്ദിഖ്, ആശ ശരത് എന്നിവർ വീണ്ടും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Content Highlight: Murders took place here even before Drishyam was released; but Drishyam set a benchmark for these things: Ansiba
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.