അഭിനേതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് മുരളി ഗോപി. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്‍മാരില്‍ ഒരാളായിരുന്ന ഭരത് ഗോപിയുടെ മകനാണ് മുരളി ഗോപി. വ്യക്തമായ കാഴ്ചപ്പാടും നിലപാടുമുള്ള അദ്ദേഹം രചന നിര്‍വ്വഹിക്കുന്ന സിനിമകളില്ലെല്ലാം തന്നെ ശക്തമായ രാഷ്ട്രീയം ചര്‍ച്ച ചെയ്യാറുണ്ട്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത്, ടിയാന്‍ തുടങ്ങിയ ചിത്രങ്ങള്‍ മുരളി ഗോപിയുടെ രചനയില്‍ പിറന്നവയാണ്.
മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ലൂസിഫര്‍. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയക്കാരനായി മോഹന്‍ലാല്‍ എത്തിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു. ഒരു മാസ് സിനിമ എന്നതിലുപരി ഒരുപാട് ലെയറുകളുള്ള കോംപ്ലിക്കേറ്റഡായ ചിത്രം കൂടിയാണ് ലൂസിഫര്‍.
ചിത്രത്തിലെ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മുരളി ഗോപി. ഒരുപാട് നിഗൂഢതകളുള്ള കഥാപാത്രമാണ് സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന് മുരളി ഗോപി പറഞ്ഞു. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് വളരെ സട്ടിലായി പെര്‍ഫോം ചെയ്യേണ്ട കഥാപാത്രമാണ് അതെന്നും ഓരോ നോട്ടത്തില്‍ പോലും ഒരുപാട് അര്‍ത്ഥമുള്ള കഥാപാത്രമാണ് അതെന്നും മുരളി ഗോപി പറയുന്നു.
എന്നാല്‍ മോഹന്‍ലാല്‍ ആ കഥാപാത്രത്തെ വളരെ അനായാസമായി അവതരിപ്പിച്ചിട്ടുണ്ടെന്നും താന്‍ എഴുതി വെച്ചതിലും ഒരു സ്റ്റെപ്പ് മുകളില്‍ ആ കഥാപാത്രത്തെ എത്തിച്ചെന്നും മുരളി ഗോപി കൂട്ടിച്ചേര്‍ത്തു. എമ്പുരാനില്‍ സ്റ്റീഫന്‍ നെടുമ്പള്ളിക്കാണോ ഖുറേഷി അബ്രാമിനാനണോ പ്രാധാന്യമെന്ന ചോദ്യത്തിന് ഇപ്പോള്‍ മറുപടി പറയാന്‍ കഴിയില്ലെന്നും മുരളി ഗോപി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു മുരളി ഗോപി.
‘ഒരുപാട് നിഗൂഢതകളുള്ള ക്യാരക്ടറാണ് സ്റ്റീഫന്‍ നെടുമ്പള്ളി. അയാള്‍ എന്ത് ചിന്തിക്കുന്നു, അല്ലെങ്കില്‍ അയാള്‍ ആരാണ് എന്നതിന്റെ ഒരു സൂചനയും ഒരിടത്തും അയാള്‍ കാണിക്കുന്നില്ല. എന്നാല്‍ ചില കാര്യങ്ങള്‍ പറയാതെ പറയുന്നുമുണ്ട്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സട്ടിലായ ഒരു കഥാപാത്രമാണ് സ്റ്റീഫന്‍ നെടുമ്പള്ളിയുടേത്. അയാളുടെ ഒരോ നോട്ടത്തിലും പല അര്‍ത്ഥങ്ങളുണ്ട്.
എന്നാല്‍ ലാല്‍ സാര്‍ ആ കഥാപാത്രത്തെ വളരെ സിമ്പിളായിട്ടാണ് അഭിനയിച്ച് ഫലിപ്പിച്ചത്. ഞാന്‍ എഴുതി വെച്ചതിലും ഒരു സ്റ്റെപ്പ് മുകളില്‍ പോയെന്ന് പറഞ്ഞാലും അതില്‍ അതിശയോക്തിയില്ല. എമ്പുരാനില്‍ ഖുറേഷിക്കാണോ സ്റ്റീഫന്‍ നെടുമ്പള്ളിക്കാണോ പ്രാധാന്യമെന്ന് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. സിനിമ കാണുമ്പോള്‍ മനസിലാക്കുക,’ മുരളി ഗോപി പറഞ്ഞു.
Content Highlight: Murali Gopy saying Mohanlal performed a step more than what he wrote in Lucifer