കൊച്ചി: മുനമ്പം സമരം താത്കാലികമായി നിര്‍ത്തിവെച്ച് സമരസമിതി. ഞായറാഴ്ച ഇതുസംബന്ധിച്ച് മുനമ്പം ഭൂസംരക്ഷണ സമിതിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. മുനമ്പത്തെ തര്‍ക്ക ഭൂമി കൈവശക്കാര്‍ക്ക് കരം ഒടുക്കാമെന്ന ഹൈക്കോടതിയെ വിധിയെ തുടര്‍ന്നാണ് സമരസമിതിയുടെ തീരുമാനം.
413 ദിവസമായി തുടരുന്ന സമരമാണ് അവസാനിപ്പിക്കാന്‍ പോകുന്നത്. മന്ത്രി പി. രാജീവ് അടക്കമുള്ള വിവിധ മുന്നണികളിലെ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് സമരസമിതി തയ്യാറെടുക്കുന്നത്.
സമരം അവസാനിപ്പിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സമരസമിതിയാണെന്ന് മന്ത്രി പി. രാജീവ് നേരത്തെ വ്യക്തമാക്കിയിരുന്നു. മുനമ്പം ഭൂമി വഖഫ് ആണോയെന്ന് പറയേണ്ടത് സര്‍ക്കാരല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
2024 ഒക്ടോബര്‍ 13നാണ് മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തര്‍ക്കഭൂമിയില്‍ സമരം ആരംഭിച്ചത്. 610 കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
ഇതില്‍ സമരക്കാര്‍ക്ക് അനുകൂലമായി ഹൈക്കോടതി ഇടപെട്ടതോടെ മുനമ്പം സ്വദേശികള്‍ നികുതി അടയ്ക്കാന്‍ ആരംഭിച്ചിട്ടുണ്ട്.
മൂന്ന് വര്‍ഷത്തിന് ശേഷമാണ് കൈവശക്കാരുടെ റവന്യൂ രേഖകള്‍ വീണ്ടും പുനഃസ്ഥാപിക്കുന്നത്. 2019ലാണ് മുനമ്പം ഭൂമി സംസ്ഥാന വഖഫ് ബോര്‍ഡ് വഖഫ് രജിസ്റ്ററിലേക്ക് എഴുതി ചേര്‍ത്തത്.
2022ല്‍ ആദ്യമായി നോട്ടീസ് ലഭിച്ചപ്പോഴുംകൈവശക്കാര്‍ക്ക് കരമടയ്ക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ വഖഫ് സംരക്ഷണ ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ മുനമ്പത്തുകാരുടെ കരമടയ്ക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടു.
മുനമ്പത്തെ ഭൂമിയില്‍ ലൈഫ് ഭവന പദ്ധതിയിലൂടെ ഭൂമി അനുവദിച്ച് കിട്ടിയവര്‍ക്കുപോലും വീടുവെക്കാന്‍ കഴിഞ്ഞിരുന്നില്ല. കരമടയ്ക്കാന്‍ കഴിയാത്തതിനാല്‍ റവന്യു രേഖയ്ക്ക് വിലയില്ലാത്ത സാഹചര്യമായിരുന്നു കൈവശക്കാര്‍ക്ക് ഉണ്ടായിരുന്നത്.
ഇതിനെ തുടര്‍ന്നാണ് റവന്യൂ രേഖകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുനമ്പം നിവാസികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ അന്തിമ വിധി ഉണ്ടാകുന്നതുവരെ കൈവശക്കാര്‍ക്ക് കരം ഒടുക്കാമെന്ന അവകാശം റവന്യു വകുപ്പ് പുനഃസ്ഥാപിച്ച് നല്‍കണമെന്നാണ് ഉത്തരവ്.
Content Highlight: Munambam strike moving on ends; official announcement on Sunday