പെഗാസസ് ലൈസന്‍സ് പുതുക്കുന്നതിന് വേണ്ടി മുഹമ്മദ് ബിന്‍ സല്‍മാന്‍ നെതന്യാഹുവിനെ വിളിച്ചു; ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്
World News
പെഗാസസ് ലൈസന്‍സ് പുതുക്കുന്നതിന് വേണ്ടി മുഹമ്മദ് ബിന്‍ സല്‍മാന്‍ നെതന്യാഹുവിനെ വിളിച്ചു; ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th January 2022, 10:52 am

ന്യൂയോര്‍ക്ക്: ഇസ്രഈലി ചാര സോഫ്റ്റ്‌വെയര്‍ പെഗാസസിന്റെ ലൈസന്‍സ് പുതുക്കുന്നതിന് വേണ്ടി സൗദിയുടെ മുഹമ്മദ് ബിന്‍ സല്‍മാന്‍ അന്നത്തെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഫോണില്‍ ബന്ധപ്പെട്ടു.

ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

സൗദി അറേബ്യയുടെ കിരീടാവകാശിയായ എം.ബി.എസ് നെതന്യാഹുവിനെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടതിന് പിന്നാലെ സൗദിക്ക് പെഗാസസ് പുതുക്കി ലഭിച്ചെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇസ്രഈല്‍ പ്രതിരോധ മന്ത്രാലയം, ഇസ്രഈല്‍ ഇന്റലിജന്‍സ് ഏജന്‍സി മൊസാദ്, എന്‍.എസ്.ഒ ഗ്രൂപ്പ് എന്നിവയുമായി മുഹമ്മദ് ബിന്‍ സല്‍മാന്റെ അനുയായികള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇത് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് എം.ബി.എസ് തന്നെ നേരിട്ട് നെതന്യാഹുവിനെ വിളിക്കുകയായിരുന്നു എന്നാണ് വിവിധ സ്രോതസുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സൗദി സോഫ്റ്റ്‌വെയര്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് തുടക്കത്തില്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് ഇസ്രഈലി പ്രതിരോധ മന്ത്രാലയം വിസമ്മതിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

2020ല്‍ ഇസ്രഈലിനും നാല് അറബ് രാജ്യങ്ങള്‍ക്കുമിടയില്‍ നടന്ന നോര്‍മലൈസേഷന്‍ കരാറുകള്‍ക്ക് തൊട്ടുമുമ്പായിരുന്നു എം.ബി.എസ് നെതന്യാഹുവിനെ ബന്ധപ്പെട്ടത്.

സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയെ വധിക്കുന്നതിന് പദ്ധതിയിടുന്നതില്‍ സൗദി പെഗാസസ് ഉപയോഗിച്ചിട്ടുണ്ട് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ജമാല്‍ ഖഷോഗ്ജിയുടെ പ്രതിശ്രുത വധുവായിരുന്ന ഹനാന്‍ എലട്രിന്റെ ഫോണില്‍ സൗദിയുടെ സഖ്യരാജ്യമായ യു.എ.ഇയിലെ സര്‍ക്കാര്‍ ഏജന്‍സി പെഗാസസ് സ്ഥാപിച്ചിരുന്നതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ഖഷോഗ്ജിയെ ട്രാക്ക് ചെയ്യുന്നതിനും പെഗാസസ് ഉപയോഗിച്ചിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു.

ഖഷോഗ്ജിയുടെ കൊലപാതകത്തിന് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മാത്രമായാണ് ഇവരുടെ ഫോണില്‍ സ്‌പൈവെയര്‍ സ്ഥാപിച്ചതെന്നായിരുന്നു വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

മുഹമ്മദ് ബിന്‍ സല്‍മാന്‍ ഏര്‍പ്പെടുത്തിയ ആളുകളാണ് ഖഷോഗ്ജിയെ ഇസ്താംബൂള്‍ എംബസിയില്‍ വെച്ച് കൊലപ്പെടുത്തിയത് എന്ന് തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

അതേസമയം, 2017ല്‍ ഇന്ത്യക്കും ഇസ്രഈലിനുമിടയില്‍ നടന്ന പ്രതിരോധ-ആയുധ ഇടപാടുകളുടെ ഭാഗമായി ഇന്ത്യ പെഗാസസ് വാങ്ങിയിരുന്നെന്ന് എന്‍.വൈ ടൈംസിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രഈല്‍ സന്ദര്‍ശനം നടത്തിയതും 2017ലായിരുന്നു.

ഇസ്രഈല്‍ സര്‍ക്കാരിന്റെ അറിവോടെയാണ് എന്‍.എസ്.ഒ സോഫ്റ്റ്വെയര്‍ നിര്‍മിച്ചതെന്നും
ഇസ്രഈലിന്റെ സുഹൃത്ത് രാജ്യങ്ങള്‍ക്ക് വില്‍ക്കാനായിരുന്നു ആദ്യം കമ്പനിക്ക് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് സോഫ്റ്റ്‌വെയര്‍ നല്‍കി. അമേരിക്കക്ക് വേണ്ടി എഫ്.ബി.ഐ ആയിരുന്നു സോഫ്റ്റ്വെയര്‍ വാങ്ങിയത്. എന്നാല്‍ എഫ്.ബി.ഐ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പിന്നീട് മറ്റ് രാജ്യങ്ങള്‍ക്ക് കൂടി സോഫ്റ്റ്വെയര്‍ നല്‍കാനുള്ള ലൈസന്‍സ് എന്‍.എസ്.ഒക്ക് ലഭിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ, പോളണ്ട്, ഹംഗറി തുടങ്ങിയ രാജ്യങ്ങള്‍ക്ക് സോഫ്റ്റ്വെയര്‍ വിറ്റുവെന്നും എന്‍.വൈ ടൈംസിന്റെ റിപ്പോര്‍ട്ടിലുണ്ട്.


Content Highlight: Muhammed Bin Salman called then Israel Prime Minister Benjamin Netanyahu to renew Saudi Arabia’s Pegasus license