2017ല്‍ ഇന്ത്യ പെഗാസസ് വാങ്ങി; ഇടപാട് നടന്നത് മോദിയുടെ ഇസ്രഈല്‍ സന്ദര്‍ശനത്തിനിടെ; ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്
national news
2017ല്‍ ഇന്ത്യ പെഗാസസ് വാങ്ങി; ഇടപാട് നടന്നത് മോദിയുടെ ഇസ്രഈല്‍ സന്ദര്‍ശനത്തിനിടെ; ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th January 2022, 8:25 am

ന്യൂദല്‍ഹി: ഇസ്രഈലി ചാര സോഫ്റ്റ്‌വെയര്‍ പെഗാസസ് ഇന്ത്യ വാങ്ങിയിരുന്നതായി റിപ്പോര്‍ട്ട്. 2017ല്‍ ഇന്ത്യക്കും ഇസ്രഈലിനുമിടയില്‍ നടന്ന പ്രതിരോധ-ആയുധ ഇടപാടുകളുടെ ഭാഗമായി ഇന്ത്യ സോഫ്റ്റ്‌വെയര്‍ വാങ്ങി എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഏതൊക്കെ രാജ്യങ്ങള്‍ പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു എന്നത് സംബന്ധിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ന്യൂയോര്‍ക്ക് ടൈംസ് പഠനം നടത്തി വരികയായിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇസ്രഈലി കമ്പനിയായ എന്‍.എസ്.ഒ, അവരുടെ ചാര സോഫ്റ്റ്‌വെയര്‍ വിറ്റിട്ടുണ്ട് എന്നാണ് എന്‍.വൈ ടൈംസിന്റെ കണ്ടെത്തല്‍.

ഇസ്രഈലിന്റെ സുഹൃത്ത് രാജ്യങ്ങള്‍ക്ക് വില്‍ക്കാനായിരുന്നു ആദ്യം ഇസ്രഈല്‍ സര്‍ക്കാര്‍ കമ്പനിക്ക് ലെസന്‍സ് നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് സോഫ്റ്റ്‌വെയര്‍ നല്‍കി.

അമേരിക്ക പക്ഷെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കക്ക് വേണ്ടി എഫ്.ബി.ഐ ആയിരുന്നു സോഫ്റ്റ്‌വെയര്‍ വാങ്ങിയത്.

പിന്നീട് മറ്റ് രാജ്യങ്ങള്‍ക്ക് കൂടി സോഫ്റ്റ്‌വെയര്‍ നല്‍കാനുള്ള ലൈസന്‍സ് എന്‍.എസ്.ഒക്ക് ലഭിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ, പോളണ്ട്, ഹംഗറി തുടങ്ങിയ രാജ്യങ്ങള്‍ക്ക് സോഫ്റ്റ്‌വെയര്‍ വിറ്റുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗദി അറേബ്യ, മെക്‌സിക്കോ എന്നീ രാജ്യങ്ങളും ഈ ചാര സോഫ്റ്റ്‌വെയര്‍ വാങ്ങിയതിനെക്കുറിച്ചും അത് ദുരുപയോഗം ചെയ്തതിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രഈല്‍ സന്ദര്‍ശനം നടത്തിയ 2017ല്‍ തന്നെയാണ് ഇന്ത്യ സോഫ്റ്റ്‌വെയര്‍ വാങ്ങുന്നതിനുള്ള കരാറിലേര്‍പ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്നത്തെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി മോദി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

മോദിയുടെ ഇസ്രഈല്‍ സന്ദര്‍ശനത്തിനിടെയാണ് സോഫ്റ്റ്‌വെയര്‍ വാങ്ങുന്നതിനുള്ള കരാര്‍ ഒപ്പുവെച്ചതെന്നും എന്‍.വൈ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏകദേശം 13,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകളായിരുന്നു അന്ന് ഇന്ത്യക്കും ഇസ്രഈലിനുമിടയില്‍ നടന്നത്. ഇതിന്റെ ഭാഗമായാണ് സോഫ്റ്റ്‌വെയര്‍ കൈമാറിയത്.

ഇസ്രഈല്‍ സര്‍ക്കാരിന്റെ അറിവോട് കൂടിയാണ് എന്‍.എസ്.ഒ നിര്‍മിത സോഫ്റ്റ്‌വെയര്‍ ഇന്ത്യ വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഇസ്രഈല്‍ സര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഇസ്രഈല്‍ സര്‍ക്കാരും നേരത്തെ പെഗാസസ് വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

നേരത്തെ മാധ്യമപ്രവര്‍ത്തകരുടെയും രാഷ്ട്രീയക്കാരുടെയും ആക്ടിവിസ്റ്റുകളുടെയുമടക്കം ഫോണുകള്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തി എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്‍ അധ്യക്ഷനായ സമിതിക്ക് സുപ്രീംകോടതി രൂപം നല്‍കിയിരുന്നു.

സമിതിയുടെ അന്വേഷണം തുടരുന്നതിനിടെയാണ് ഇപ്പോള്‍ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.


Content Highlight: New York Times report says India bought Pegasus as part of defense deal with Israel in 2017