യോഗത്തില്‍ പങ്കെടുപ്പിച്ചില്ല; എം.എസ്.എഫിനെതിരെ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങി പി.പി. ഷൈജല്‍
Kerala News
യോഗത്തില്‍ പങ്കെടുപ്പിച്ചില്ല; എം.എസ്.എഫിനെതിരെ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങി പി.പി. ഷൈജല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th February 2022, 11:23 am

കോഴിക്കോട്: ഹരിത നേതാക്കളെ പിന്തുണച്ചതിന് മുസ്‌ലിം ലീഗ് പുറത്താക്കിയ എം.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ഷൈജലിനെ എം.എസ്.എഫ് യോഗത്തില്‍ പങ്കെടുപ്പിച്ചില്ല.

പുറത്താക്കിയ നടപടിക്കെതിരെ ഷൈജല്‍ കല്‍പ്പറ്റ മുന്‍സിഫ് കോടതിയില്‍ നിന്ന് സ്റ്റേ നേടിയിരുന്നു. കോടതി ഉത്തരവോടെയാണ് ഷൈജല്‍ യോഗത്തിനെത്തിയിരുന്നത്.

കോടതി ഉത്തരവുള്ള പക്ഷം ഷൈജലിന് യോഗത്തില്‍ പങ്കെടുക്കാമെന്നും കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോവുമെന്നും ഷൈജല്‍ വ്യക്തമാക്കി.

‘എം.എസ്.എഫിന്റെ യോഗങ്ങളിലും മുസ്‌ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും യോഗങ്ങളില്‍ പങ്കെടുക്കാന്‍ വേണ്ടി എനിക്ക് അംഗീകാരം തന്നിട്ടുള്ളത് കോടതിയാണ്. കോടതി ഉത്തരവിനെയാണ് ഇപ്പോള്‍ തടഞ്ഞിരിക്കുന്നത്. കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോവാനാണ് തീരുമാനം,’ ഷൈജല്‍ പറഞ്ഞു.

കോടതി വിധിയുടെ പകര്‍പ്പ് സംഘടനാ ഭാരവാഹികള്‍ക്കാര്‍ക്കും കിട്ടിയിട്ടില്ലെന്നും ഷൈജലിനെ ഒരു യോഗത്തിലും പങ്കെടുപ്പിക്കാന്‍ സാധിക്കില്ലെന്നുമാണ് എം.എസ്. എഫിന്റെയും മുസ്‌ലിം ലീഗിന്റെയും നേതാക്കളുടെ നിലപാട്.

അച്ചടക്ക ലംഘനം കണ്ടെത്തിയാണ് ഷൈജലിനെ എം.എസ്.എഫില്‍ നിന്നും ലീഗിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതെന്നാണ് നേതാക്കളുടെ വിശദീകരണം.

പ്രളയ ഫണ്ടില്‍ തട്ടിപ്പ് നടത്തിയെന്നും ടി. സിദ്ദിഖിനെ ഒരു വിഭാഗം ലീഗ് നേതാക്കള്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നുമുള്ള ആരോപണവും ലീഗിനെതിരെ ഷൈജല്‍ നേരത്തെ ഉന്നയിച്ചിരുന്നു.


Content Highlights: MSF do not allowes PP Shaijal to entering the meeting