ഇരുന്നിടത്ത് നിന്നും അനങ്ങിയില്ല; റോഷാക്കിനെ കുറിച്ച് മൃണാള്‍ താക്കൂര്‍
Entertainment
ഇരുന്നിടത്ത് നിന്നും അനങ്ങിയില്ല; റോഷാക്കിനെ കുറിച്ച് മൃണാള്‍ താക്കൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 13th November 2022, 7:20 pm

അഭിനന്ദനങ്ങളുടെ പെരുമഴയാണ് റോഷാക്കിനെ തേടിയെത്തുന്നത്. പ്രേക്ഷകര്‍ക്കൊപ്പം സിനിമാ ഇന്‍ഡസ്ട്രിയിലുള്ളവരും റോഷാക്കിനെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നുണ്ട്.

സീതാരാമത്തിലൂടെ ദക്ഷിണേന്ത്യയില്‍ തരംഗം സൃഷ്ടിച്ച നടി മൃണാള്‍ താക്കൂറാണ് ഈ നിരയിലെ പുതിയ താരം. റോഷാക്ക് കണ്ടതിനെ കുറിച്ച് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു മൃണാള്‍ പറഞ്ഞത്.

കുറഞ്ഞ വാക്കുകളിലൂടെയായിരുന്നു സിനിമാനുഭവം നടി പങ്കുവെച്ചത്. മമ്മൂട്ടിയെ മെന്‍ഷന്‍ ചെയ്തുകൊണ്ടായിരുന്നു മൃണാള്‍ ഇത് കുറിച്ചത്.

‘ഹോ..എന്തൊരു പടമാണിത്. ഇരുന്നിടത്ത് നിന്നും ഞാനൊന്ന് അനങ്ങിയത് പോലുമില്ല. ഉള്ളില്‍ തറക്കുന്ന അനുഭവമായിരുന്നു ഈ സിനിമ. മമ്മൂട്ടി സാറിനും ടീമിനും ഒരുപാട് അഭിനന്ദനങ്ങള്‍,’ മൃണാള്‍ പറഞ്ഞു.

നേരത്തെ നടന്‍ അനൂപ് മേനോനും റോഷാക്കിനെയും ലൂക്ക് ആന്റണിയായുള്ള മമ്മൂട്ടിയുടെ പെര്‍ഫോമന്‍സിനെയും അഭിനന്ദിച്ച് രംഗത്തുവന്നിരുന്നു. ഈ മണ്ണിലെ ഏറ്റവും മികച്ച അഭിനേതാവാണ് മമ്മൂട്ടിയെന്നായിരുന്നു റോഷാക്കിലെ പെര്‍ഫോമന്‍സിലെ മികച്ച ഭാഗങ്ങള്‍ എടുത്തു കാണിച്ചുക്കൊണ്ട് അനൂപ് മേനോന്‍ കുറിച്ചത്.

‘റോഷാക്ക് ഇപ്പോഴാണ് കണ്ടത്. പ്രിയപ്പെട്ട മമ്മൂക്ക, ഈ മണ്ണ് ജന്മം നല്‍കിയ ഏറ്റവും മികച്ച അഭിനേതാവാണ് നിങ്ങള്‍.

ഇമോഷണല്‍ രംഗങ്ങളുടെ ഇടക്ക് നല്‍കുന്ന ആ പോസ്, തികച്ചും സാധാരണമായ ക്ലോസ് അപ്പ് ഷോട്ടുകളെ അതിശയിപ്പിക്കുന്നതാക്കി തീര്‍ക്കുന്ന ആ നോട്ടങ്ങള്‍, മോഡുലേഷനിലെ കയ്യൊപ്പുകള്‍, പലതും ഒളിപ്പിക്കുന്ന അടക്കിപ്പിടിച്ച ചിരി…ഒരാളുടെ കഴിവിന് മേല്‍ അയാള്‍ക്കുള്ള പരിപൂര്‍ണമായ അധീശത്വം.

കെട്ട്യോളാണെന്റെ മാലാഖ എന്ന മികച്ച ചിത്രത്തിന് ശേഷം ലോകോത്തര നിലവാരമുള്ള ഒരു സിനിമ ഒരുക്കിയ നിസാം ബഷീറിനും ഒരുപാട് അഭിനന്ദനങ്ങള്‍,’ അനൂപ് മേനോന്‍ പറഞ്ഞു.

അതേസമയം തിയേറ്ററില്‍ മികച്ച പ്രകടനം കാഴ്ച വെച്ചാണ് റോഷാക്ക് ഡിസ്നി ഹോട്സ്റ്റാറിലെത്തിയിരിക്കുന്നത്. ബിന്ദു പണിക്കര്‍, ജഗദീഷ്, കോട്ടയം നസീര്‍, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

പ്രതികാരത്തിലൂന്നി കഥ പറയുന്ന ചിത്രത്തിന് സമീര്‍ അബ്ദുള്ളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവിയും കിരണ്‍ ദാസുമാണ് ക്യാമറയും എഡിറ്റിങ്ങും. മിഥുന്‍ മുകുന്ദനാണ് സംഗീതമൊരുക്കിയിരിക്കുന്നത്.

Content Highlight: Mrunal Thakur congratulates Rorschach and Mammootty after watching the movie