ഇന്ത്യന്‍ സൂപ്പര്‍ താരം റിഷബ് പന്തിന്റെ പരിക്കിനെക്കുറിച്ച് സംസാരിച്ച് ഇന്ത്യന്‍ ബൗളിങ് പരിശീലകന്‍ മോര്‍ണി മോര്‍ക്കല്‍. റിഷബ് പന്തിന്റെ വലത് തോളില്‍ വലിയ ചതവേറ്റിട്ടുണ്ടെന്നും പന്തിന്റെ ആരോഗ്യനില നിരീക്ഷിക്കുമെന്നും ലങ്കയ്‌ക്കെതിരായ ടെസ്റ്റിലെ നാലാം ദിനം (നാളെ) പന്ത് മൈതാനത്തുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘റിഷബ് പന്തിന്റെ വലത് തോളില്‍ വലിയ ചതവേറ്റിട്ടുണ്ട്. ഇന്ന് രാവിലെ അദ്ദേഹം വാം-അപ്പ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തോളിന്റെ ചലനം പരിമിതമായിരുന്നു. ഇന്ന് രാത്രിയില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിക്കും. നാളെ അദ്ദേഹം വീണ്ടും വിക്കറ്റ് കീപ്പറായി മൈതാനത്തുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,’ റിഷബ് പന്തിന്റെ പരിക്കിനെക്കുറിച്ച് മോര്‍ണി മോര്‍ക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനം അവസാനിച്ചിരിക്കുകയാണ്. ഒന്നാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യുന്ന ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടിയിട്ടുണ്ട്. ക്രീസിലുള്ളത് 137 പന്തില്‍ 85 റണ്‍സ് നേടിയ സോണല്‍ ദിനുഷയും എട്ട് റണ്‍സ് നേടിയ ലഹിരു കുമാരയുമാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനമാണ് റിഷബ് പന്ത് കാഴ്ചവെച്ചത്. പരിക്കേറ്റിറ്റും തിരിച്ചെത്തി 89 പന്തില്‍ നിന്ന് 63 റണ്‍സാണ് താരം നേടിയത്. രണ്ട് സിക്‌സും ആറ് ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
Content Highlight: Morne Morkel Talking About Rishabh Pant’s Injury