അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരും
Film News
അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 2nd June 2025, 9:06 am

കൊച്ചി: മലയാള സിനിമയുടെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡണ്ട് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരും. പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ തയ്യാറാണെന്ന് മോഹന്‍ലാല്‍ അഡ്ഹോക് കമ്മിറ്റിയെ അറിയിച്ചു.

എന്നാല്‍ തല്‍സ്ഥാനത്തേക്ക് മത്സരമുണ്ടായാല്‍ പിന്‍മാറാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. അഡ്ഹോക് കമ്മിറ്റിയിലെ എല്ലാവരും തന്നെ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്ന ആവശ്യം ഉന്നയിച്ചതുകൊണ്ടാണ് അദ്ദേഹം ഇത്തരമൊരു തീരുമാനമെടുത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ജനറല്‍ സെക്രട്ടറി സ്ഥാനമാണ് ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുന്നത്. ജനറല്‍ സെക്രട്ടറിയായിരുന്ന നടന്‍ സിദ്ദിഖ് രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ ഈ ഒഴിവിലേക്ക് ആരാണ് പുതിയ ജനറല്‍ സെക്രട്ടറിയെന്ന് ഈ മാസം 22 ന് നടക്കുന്ന ജനറല്‍ ബോഡിക്ക് ശേഷം തീരുമാനിക്കും. കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ പ്രസിഡന്റായിരുന്ന അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ പിരിച്ചുവിട്ടിരുന്നു.

Content Highlight: Mohanlal to continue as president of AMMA organization