'ഒടിയനിലെ എല്ലാ ഗാനങ്ങളും അതിമനോഹരം': പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മോഹൻലാൽ - വീഡിയോ
Entertainment
'ഒടിയനിലെ എല്ലാ ഗാനങ്ങളും അതിമനോഹരം': പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മോഹൻലാൽ - വീഡിയോ
ന്യൂസ് ഡെസ്‌ക്
Saturday, 1st December 2018, 5:45 pm

കൊച്ചി: ഒടിയനിലെ “കൊണ്ടോരാം കൊണ്ടൊരാം” എന്ന ഗാനം ഹിറ്റാക്കിയതിനു പ്രേക്ഷകരോട് നന്ദി പറഞ്ഞു മോഹൻലാലും സംഗീത സംവിധായകൻ എം.ജയചന്ദ്രനും. ഇരുവരും വിഡിയോയിൽ കൂടിയാണ് പ്രേക്ഷകർക്ക് തങ്ങളുടെ നന്ദി അറിയിച്ചത്.

“ഒരുപാടൊരുപാട് സന്തോഷം നൽകുന്ന കാര്യം പറയാനാണ്. കുട്ടൻ സംഗീതം നൽകിയ കൊണ്ടോരാം കൊണ്ടോരാം എന്ന ഗാനം മുപ്പതു ലക്ഷത്തിലധികം പേർ ഗാനം കേട്ടുകഴിഞ്ഞു. എനിക്ക് വ്യക്തിപരമായി ഈ ഗാനം വളരെ ഇഷ്ടപ്പെട്ടതാണ്. ഒടിയനിലെ എല്ലാ ഗാനങ്ങളും അതി മനോഹരമാണ്. എനിക്ക് ഒരുപാട് നല്ല ഗാനങ്ങൾ സമ്മാനിച്ച ആളാണു കുട്ടൻ. എനിക്കും ഈ ചിത്രത്തിൽ ഒരു പാട്ടുപാടാൻ അവസരം ലഭിച്ചു. ഞാൻ കുട്ടന്റെ കൂടെ ഒരുപാടു ഗാനങ്ങൾ സിനിമയിൽ പാടിയിട്ടുണ്ട്. ശ്രോതാക്കൾ എല്ലാവരോടും നന്ദി അറിയിക്കുകയാണ്”. മോഹൻലാൽ പ്രേക്ഷകരോടായി പറഞ്ഞു.

” വളരെ മനോഹരമായാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത് കുട്ടൻ ഈ ഗാനം കാണൂ. നമ്മൾ വിചാരിക്കാത്ത ഒരുതലത്തിലേക്ക് ആ ഗാനം നമ്മളെ എത്തിക്കും” നന്ദി അറിയിച്ച ശേഷം മോഹൻലാൽ എം. ജയചന്ദ്രനോട് പറഞ്ഞു. ഇനിയും ഇത്പോലെ നിരവധി ഗാനങ്ങൾ ജയചന്ദ്രന് ചെയ്യാൻ സാധിക്കട്ടെ എന്നും മോഹൻലാൽ ആശംസിച്ചു.

ഗാനം ഹൃദയത്തിൽ സ്വീകരിച്ച പ്രേക്ഷകർക്ക് ഇതിനു മുന്നേ ശ്രേയ ഘോഷാലും നന്ദി അറിയിച്ചിരുന്നു. റിലീസ് ചെയ്ത നിമിഷങ്ങൾക്കകം തന്നെ യൂട്യൂബിൽ ഒന്നാമതെത്തിയ ഗാനത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ശ്രേയ ഘോഷാലും സുധീപും ഒരുമിച്ചാണ് “ഒടിയനി”ലെ ഈ ഗാനം ആലപിച്ചത്. മോഹൻലാലിന്റെ ഒടിയന്റെയും മഞ്ജുവാരിയർ അവതരിപ്പിക്കുന്ന നായികാകഥാപത്രം പ്രഭയുടെയും പ്രണയമാണ് ഈ ഗാനത്തിൽ വിഷയമാകുന്നത്.

മോഹൻലാൽ, ശങ്കർ മഹാദേവന്‍ എന്നിവരും ചിത്രത്തിലെ മറ്റു ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. പ്രഭാ വർമ, ലക്ഷ്മി ശ്രീകുമാർ, റഫീഖ് അഹമ്മദ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ നൽകിയത്. “കൊണ്ടോരാം കൊണ്ടോരാം”മിന്റെ വിഡിയോയ്ക്കായാണ് ആരാധകർ ഇനി കാത്തിരിക്കുന്നത്. ഈ മാസത്തോടെ ഒടിയൻ തീയേറ്ററുകളിൽ എത്തും.