നാല് പതിറ്റാണ്ടോളമായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടന വിസ്മയമാണ് ലാലേട്ടന്‍ എന്ന് മലയാളികള്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ കരിയര്‍ ആരംഭിച്ച അദ്ദേഹം ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാണ്. എമ്പുരാന്‍, തുടരും എന്നിങ്ങനെ ഈ വര്‍ഷത്തെ ഇന്‍ഡസ്ട്രി ഹിറ്റുകള്‍ എല്ലാം മോഹന്‍ലാലിന് സ്വന്തമാണ്.
മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത് വരാനിരിക്കുന്ന തെലുങ്ക് ചിത്രമാണ് കണ്ണപ്പ. വിഷ്ണു മഞ്ചു, മോഹന്‍ ബാബു, ആര്‍.ശരത്കുമാര്‍, അര്‍പിത് രങ്ക തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും ഒരു പ്രധാനവേഷത്തില്‍ എത്തുന്നു. ഇപ്പോള്‍ കണ്ണപ്പയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ തെലുങ്ക് ഇന്‍ഡസ്ട്രിയെ കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍
ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഡസ്ട്രിയാണ് തെലുങ്കുവെന്നും സിനിമയെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ ഉള്ളത് ഈ ഇന്‍ഡസ്ട്രിയിലാണെന്നും മോഹന്‍ലാല്‍ പറയുന്നു. തെലുങ്കില്‍ 99 ശതമാനം സിനിമകളും പരാജയപെടാറില്ലെന്നും സിനിമയെ അത്രയധികം ബഹുമാനിക്കുന്ന ആളുകളാണ് അവിടെയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ കണ്ണപ്പ എന്ന സിനിമ വളരെ കഷ്ടപ്പെട്ടാണ് എടുത്തതെന്നും ന്യൂസിലാന്‍ഡിലും മറ്റുമൊക്കെ പോയി ഷൂട്ട് ചെയ്തിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.
‘ഇന്ത്യയില്‍ ഏറ്റവും വലിയ ഇന്‍ഡസ്ട്രിയാണ് തെലുങ്കു ഇന്‍ഡസ്ട്രി. ഏറ്റവും കൂടുതല്‍ സിനിമയെ സ്‌നേഹിക്കുന്ന ആള്‍ക്കാരാണ് അവിടുത്തേത്. അവിടുത്തെ സിനിമകള്‍ 99 ശതമാനവും പരാജയപ്പെടാറില്ല. കാരണം അവിടുത്തെ പ്രേക്ഷകര്‍ ആ സിനിമ അത്രയധികം ബഹുമാനിക്കുന്നു. അവരെങ്ങനെ എങ്കിലും ആ സിനിമയെ സക്‌സസിലേക്ക് കൊണ്ട് വരാന്‍ ശ്രമിക്കുന്നു.
അങ്ങനെ ഒരു ഇന്‍ഡസ്ട്രിയില്‍ നിന്ന് നമ്മള്‍ ഒരു സിനിമ എടുത്തു. ഒരുപാട് വര്‍ഷത്തെ പ്ലാനിങ്ങാണ് ഈ സിനിമ. ന്യൂസിലാന്‍ഡ് എന്ന് പറയുന്ന ഏറ്റവും മനോഹരമായ സ്ഥലത്താണ് ഇത് ഷൂട്ട് ചെയ്തിരിക്കുന്നത്. ഒരുപാട് ആളുകളെ ഇവിടുന്നു കൊണ്ടുപോയി, മൂന്ന് പ്രാവശ്യമൊക്കെ പോയാണ് അത് ഷൂട്ട് ചെയ്തത്. അത്ര കഷ്ടപ്പെട്ടാണ് ആ സിനിമ ചെയ്ത്. അത് പിന്നീട് മൊഴിമാറ്റം ചെയ്യുകയും ചെയ്തു,’ മോഹന്‍ലാല്‍ പറയുന്നു.
Content Highlight: Mohanlal talks about the Telugu industry at the trailer launch of Kannappa movie