പത്മരാജന്റെ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍. പത്മരാജന്റെ സിനിമകള്‍ അഭിനയിക്കാന്‍ കഴിയുമെന്ന് താന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ലെന്നും എന്നാല്‍ ദൈവാധീനം കൊണ്ട് അദ്ദേഹത്തിന്റെ അഞ്ച് സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞുവെന്ന് മോഹന്‍ലാല്‍ പറയുന്നു.
സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ആഘോഷിക്കപ്പെട്ട, പിന്‍കാലങ്ങളില്‍ ക്ലാസ്സിക് ആണെന്ന് വാഴ്ത്തിയ ചിത്രമാണ് തൂവാനത്തുമ്പികള്‍ എന്നും ഇറങ്ങിയ കാലത്തേക്കാളും ആ സിനിമകള്‍ എല്ലാം ഇന്ന് ചര്‍ച്ചയാകുന്നുണ്ടെങ്കില്‍ അതാണ് ആ മഹാ പ്രതിഭയ്ക്ക് കാലം കാത്തുവെച്ച ദക്ഷിണയെന്നും മോഹന്‍ലാല്‍ പറഞ്ഞു.
സോളമന്റെയും സോഫിയയുടെയും പ്രണയത്തെ മാത്രമല്ല, ക്ലാരയെയും മഴയെയും ജോണ്‍സണ്‍ മാഷിന്റെ സംഗീതവുമെല്ലാം എന്റെ മകളും മകനും അടങ്ങുന്ന തലമുറ ആരാധനയോടെ നോക്കുമ്പോള്‍ അതിന്റെയൊക്കെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ തനിക്ക് അതിയായ ചാരിതാര്‍ഥ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്മരാജന്റെ 80ാം പിറന്നാളിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.
‘പത്മരാജന്റെ സിനിമകളില്‍ അഭിനയിക്കാന്‍ കഴിയുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചില്ലായിരുന്നു. എന്നാല്‍ ദൈവാധീനം കൊണ്ട് എനിക്ക് അദ്ദേഹത്തിന്റെ ഒന്നല്ല, അഞ്ച് സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞിരുന്നു. 1986ല്‍ അദ്ദേഹം സംവിധാനം ചെയ്ത രണ്ട് സിനിമകളിലൂടെയാണ് ഞങ്ങളുടെ ബന്ധം തുടങ്ങുന്നത്. ദേശാടനക്കിളി കരയാറില്ല, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രങ്ങളായിരുന്നു അത്.
സമൂഹ മാധ്യമങ്ങളിലൂടെയും സിനിമകളില്‍ പോലും ആഘോഷിക്കപ്പെട്ട, പിന്‍കാലങ്ങളില്‍ ക്ലാസ്സിക് ആണെന്ന് വാഴ്ത്തിയ ചിത്രമാണ് തൂവാനത്തുമ്പികള്‍. ഇറങ്ങിയ കാലത്തേക്കാളും ആ സിനിമകള്‍ എല്ലാം ഇന്ന് ചര്‍ച്ചയാകുന്നുണ്ടെങ്കില്‍ അതാണ് ആ മഹാ പ്രതിഭയ്ക്ക് കാലം കാത്തുവെച്ച ദക്ഷിണ.
അതുപോലതന്നെ കാലത്തിന് മുമ്പേ പിറന്ന ചിത്രങ്ങളായിരുന്നു സീസണും ദേശാടനക്കിളി കരയാറില്ല എന്ന സിനിമയുമെല്ലാം എന്ന് ഞാന്‍ വിശ്വസിക്കുന്നു. സോളമന്റെയും സോഫിയയുടെയും പ്രണയത്തെ മാത്രമല്ല, ക്ലാരയെയും മഴയെയും ജോണ്‍സണ്‍ മാഷിന്റെ സംഗീതവുമെല്ലാം എന്റെ മകളും മകനും അടങ്ങുന്ന തലമുറ ആരാധനയോടെ നോക്കുമ്പോള്‍ അതിന്റെയൊക്കെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ ചാരിതാര്‍ഥ്യമുണ്ട്,’ മോഹന്‍ലാല്‍ പറയുന്നു.