ഒരു രാത്രി മുഴുവന്‍ കേട്ടിരുന്നാലും ആ നടന്റെ വാക്കുകള്‍ നമ്മളെ മുഷിപ്പിക്കില്ല: മോഹന്‍ലാല്‍
Entertainment
ഒരു രാത്രി മുഴുവന്‍ കേട്ടിരുന്നാലും ആ നടന്റെ വാക്കുകള്‍ നമ്മളെ മുഷിപ്പിക്കില്ല: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th June 2025, 10:34 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് മധു. ഇപ്പോള്‍ മധുവിനെ കുറിച്ച് പറയുകയാണ് നടന്‍ മോഹന്‍ലാല്‍. വിഷയമേതായാലും നര്‍മം കലര്‍ത്തി തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെയ്ക്കാന്‍ മധുവിന് അസാധ്യമായ കഴിവുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

സിനിമക്ക് പുറമെ നാടകം, സാഹിത്യം, സംഗീതം, രാഷ്ട്രീയം, ആത്മീയത എന്നീ കാര്യങ്ങളൊക്കെ നടന് ആഴത്തില്‍ അറിയാമെന്നും ഒരു ജീനിയസാണ് അദ്ദേഹമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘സിനിമയെക്കുറിച്ചു മാത്രമല്ല, നാടകത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും സംഗീതത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചുമൊക്കെ ആഴത്തില്‍ അറിയാവുന്ന ഒരു ജീനിയസാണ് അദ്ദേഹം.

വിഷയമേതായാലും ഒരുപാട് നര്‍മം കലര്‍ത്തി തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെയ്ക്കാന്‍ മധു സാറിന് അസാധ്യമായ കഴിവുണ്ട്. ഒരു രാത്രി മുഴുവന്‍ കേട്ടിരുന്നാലും ആ വാക്കുകള്‍ നമ്മെ മുഷിപ്പിക്കില്ല. അത്രമാത്രം ഹ്യൂമര്‍ സെന്‍സുള്ള വ്യക്തിയാണ് അദ്ദേഹം,’ മോഹന്‍ലാല്‍ പറയുന്നു.

തന്നോടൊപ്പം അഭിനയിച്ച ആളുകള്‍ ഓരോരുത്തരായി മരണപ്പെടുന്നതിന്റെ കാര്യം പറയുമ്പോള്‍ നടന്റെ വാക്കുകളില്‍ പലപ്പോഴും വേദനയുടെ ചില അംശങ്ങള്‍ കടന്നുവരാറുണ്ടെന്നും മോഹന്‍ലാല്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

‘മധു സാറിന്റെ വാക്കുകളില്‍ പലപ്പോഴും വേദനയുടെ ചില അംശങ്ങള്‍ കടന്നുവരാറുണ്ട്. സിനിമയില്‍ അദ്ദേഹത്തിനൊപ്പം നടിച്ചവര്‍ ഓരോരുത്തരായി ജീവിതത്തിന്റെ അരങ്ങാഴിഞ്ഞ് പോയത് വല്ലാത്ത ദുഃഖവും ശൂന്യതയും ആ മനസില്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

സത്യന്‍ മാഷ്, നസീര്‍ സാര്‍, തിക്കുറിശ്ശി, കൊട്ടാരക്കര, അടൂര്‍ ഭാസി, സോമന്‍, സുകുമാരന്‍, ജയന്‍, ജോസ്പ്രകാശ്, കെ.പി. ഉമ്മര്‍, ബാലന്‍ കെ. നായര്‍. ഇവരെയെല്ലാം ടിവിയില്‍ കാണുമ്പോള്‍ ഇനി ഞാന്‍ മാത്രമേ ബാക്കിയുള്ളൂ എന്ന ചിന്ത അദ്ദേഹത്തിനെ വേദനിപ്പിക്കുന്നു ണ്ടോ? മധുസാറിന്റെ വാക്കുകളില്‍ നിന്നും പലപ്പോഴും ആ സന്ദേഹം ഞാന്‍ വായിച്ചെടുത്തിട്ടുണ്ട്,’ മോഹന്‍ലാല്‍ പറയുന്നു.

Content Highlight: Mohanlal Talks About Madhu