മലയാളികളുടെ അഭിമാനമായ മോഹൻലാൽ തന്റെ ജന്മനാടായ കേരളത്തോടുള്ള സ്നേഹം തുറന്നു പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
‘മൈ ഗവണ്മെന്റ് ഇന്ത്യ’ പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ പ്രിയപ്പെട്ട യാത്രാ സ്ഥലങ്ങളെയും കുടുംബത്തെയും കുറിച്ച് മനസുതുറന്നത്. അഭിമുഖത്തിലെ റാപിഡ് ഫയർ സെഷനിലായിരുന്നു മോഹൻലാൽ തന്റെ ഇഷ്ടങ്ങളും ഓർമകളും പങ്കുവെച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ടെങ്കിലും തന്റെ ഹൃദയത്തിന് ഏറ്റവും അടുത്തയിടം കേരളമാണെന്ന് മോഹൻലാൽ പറയുന്നു.
ബീച്ചുകളും മലനിരകളും ഒരുപോലെ ഇഷ്ടമാണെന്നും താരം വ്യക്തമാക്കി. ‘എനിക്ക് ബീച്ചുകൾ ഇഷ്ടമാണെന്ന് പറഞ്ഞാൽ മലനിരകൾ ഇഷ്ടമല്ല എന്നല്ല. രണ്ടും എനിക്ക് ഒരുപോലെ ഇഷ്ടമാണ്. ചിലപ്പോൾ ബീച്ചും മലനിരകളും ഒരുമിച്ചുള്ള സ്ഥലങ്ങളാണ് കൂടുതൽ ഇഷ്ടം,’ എന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം ഒരു പ്രത്യേക വെക്കേഷൻ ഡെസ്റ്റിനേഷൻ തെരഞ്ഞെടുക്കാൻ തനിക്ക് കഴിയില്ലെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ഓരോ സ്ഥലത്തിനും അതിന്റെതായ മാജിക്ക് ഉണ്ടെന്നും അതുകൊണ്ട് തന്നെ യാത്ര ചെയ്യാൻ എല്ലാ സ്ഥലങ്ങളും തനിക്ക് ഇഷ്ടമാണെന്നും താരം പറഞ്ഞു. എങ്കിലും എവിടെയൊക്കെ പോയാലും ഒടുവിൽ തിരികെ വരുന്നത് തന്റെ നാട്ടിലേക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘എവിടെയൊക്കെ പോയാലും ഒടുവിൽ ഞാൻ എന്റെ വീട്ടിലേക്കാണ് വരുന്നത്. എന്റെ കേരളത്തിലേക്കാണ് വരുന്നത്. എവിടെയൊക്കെ പോയാലും കേരളം എന്റെ പ്രിയപ്പെട്ട ഇടമാണ്,’ എന്നാണ് മോഹൻലാലിന്റെ വാക്കുകൾ.
മോഹൻലാലും അമ്മയും, Photo: Mohanlal/ Facebook
അഭിമുഖത്തിൽ തന്റെ കുടുംബത്തെക്കുറിച്ചും താരം വികാരഭരിതനായി സംസാരിച്ചു. അച്ഛൻ അറിയപ്പെടുന്ന ആളായിരുന്നുവെന്നും അദ്ദേഹത്തിന് മികച്ചൊരു കരിയർ ഉണ്ടായിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു.
‘എനിക്കൊരു ചേട്ടനുണ്ട്. അച്ഛൻ, അമ്മ, ചേട്ടൻ… എല്ലാവരും പോയി. ഞാൻ മാത്രമേ ഇന്ന് ശേഷിക്കുന്നുള്ളൂ. എനിക്ക് ലഭിച്ച നല്ല ഗുണങ്ങൾ എല്ലാം അച്ഛനിലും അമ്മയിലും ഗ്രാൻഡ്‌പാരന്റ്സിൽ നിന്നുമാണ്,’ താരം പറഞ്ഞു.
അമ്മയുടെ സ്വഭാവം തന്നിലുണ്ടെന്ന് പലരും പറയാറുണ്ടെന്നും മോഹൻലാൽ പറഞ്ഞു. അമ്മ വളരെ സ്‌നേഹനിധിയും തമാശക്കാരിയുമായിരുന്നുവെന്നും താരം ഓർത്തെടുത്തു.
ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന അമ്മ പിന്നീട് തിരുവനന്തപുരം പോലൊരു നഗരത്തിലേക്ക് എത്തിയതായും അദ്ദേഹം വ്യക്തമാക്കി. അച്ഛൻ ക്ലർക്കായി ജോലി ആരംഭിച്ച് പിന്നീട് നിയമോപദേഷ്ടാവായി വിരമിച്ചതും തന്റെ ജീവിതത്തെ സ്വാധീനിച്ച അനുഭവങ്ങളിലൊന്നാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.