ഇന്ത്യയിലെ മികച്ച നടന്മാര്‍ക്കും സംവിധായകര്‍ക്കുമൊപ്പവും പ്രവര്‍ത്തിച്ചിട്ടുള്ള നടന്‍; എന്നാല്‍ കാണുമ്പോഴെല്ലാം എന്നോട് ക്ഷമ ചോദിക്കും: മോഹന്‍ലാല്‍
Entertainment
ഇന്ത്യയിലെ മികച്ച നടന്മാര്‍ക്കും സംവിധായകര്‍ക്കുമൊപ്പവും പ്രവര്‍ത്തിച്ചിട്ടുള്ള നടന്‍; എന്നാല്‍ കാണുമ്പോഴെല്ലാം എന്നോട് ക്ഷമ ചോദിക്കും: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 18th June 2025, 5:40 pm

കമല്‍ ഹാസനൊപ്പം ഉന്നൈ പോല്‍ ഒരുവനില്‍ അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് മോഹന്‍ലാല്‍. ഉന്നൈ പോല്‍ ഒരുവനിലേക്ക് കമല്‍ ഹാസന്‍ തന്നെ വിളിച്ചത് വലിയ കാര്യമാണെന്നും സിനിമയുടെ എല്ലാ കാര്യങ്ങളിലും അദ്ദേഹം ശ്രദ്ധിക്കാറുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു. അന്ന് കമല്‍ ഹാസന്‍ തനിക്കൊരു വാച്ച് സമ്മാനമായി ഓഫര്‍ ചെയ്തിരുന്നുവെന്നും എന്നാല്‍ ഇതുവരെ അത് കിട്ടിയിട്ടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

‘കമല്‍ ഹാസനുമൊത്ത് അഭിനയിച്ച ഏക സിനിമയാണ് ഉന്നൈ പോല്‍ ഒരുവന്‍. ഒറ്റ സീനില്‍ മാത്രമൊതുങ്ങിയ കോമ്പിനേഷന്‍. സിനിമ മുഴുവന്‍ ഞങ്ങളുടെ ഫോണ്‍ സംഭാഷണങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നത്. ഒടുവില്‍, രണ്ടുദിക്കിലേക്ക് നടന്നുപോകുമ്പോള്‍ മാത്രം ഞങ്ങളുടെ കഥാപാത്രങ്ങള്‍ കണ്ടുമുട്ടുന്നു.

പരസ്പരം അറിയുമായിരുന്നിട്ടും ഒന്നും മിണ്ടാതെ നടന്നുപോകുന്നു. ലോകത്തിലെ മികച്ച സാങ്കേതിക വിദഗ്ധര്‍ക്കൊപ്പവും ഇന്ത്യയിലെ മികച്ച നടന്മാര്‍ക്കും സംവിധായകര്‍ക്കുമൊപ്പവും പ്രവര്‍ത്തിച്ചിട്ടുള്ള കമല്‍ ഹാസന്‍ ‘ഉന്നൈ പോല്‍ ഒരുവനി’ല്‍ ഒപ്പമഭിനയിക്കാന്‍ എന്നെ വിളിച്ചത് വലിയൊരു കാര്യമായാണ് ഞാന്‍ കണ്ടത്. അതിന്റെ ഡബ്ബിങ് പോലുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴെല്ലാം ഞങ്ങളൊരുമിച്ചായിരുന്നു.

കൂടെ അഭിനയിക്കുന്നവര്‍ പെര്‍ഫെക്ടായിരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. കോസ്റ്റ്യൂമായാലും മേക്കപ്പായാലും ലിപ് മൂവ്‌മെന്റായാലും ഫ്രെയിം ടു ഫ്രെയിം അദ്ദേഹത്തിന്റെ ശ്രദ്ധയുണ്ടാകും. ഉന്നൈ പോല്‍ ഒരുവനില്‍ അഭിനയിക്കുന്ന കാലത്ത് കമല്‍ ഹാസന്‍ എനിക്കൊരു സമ്മാനം വാഗ്ദാനം ചെയ്തു, ഒരു റഷ്യന്‍ വാച്ച്. പക്ഷേ, ഇന്നുവരെ അതെനിക്ക് തന്നില്ല.

കാണുമ്പോഴെല്ലാം പറയും, സോറി ലാല്‍. അടുത്ത തവണ തീര്‍ച്ചയായും.. അങ്ങനെ എത്രയോ നാള്‍ കടന്നുപോയി. പിന്നീട് ഞാന്‍ തമാശക്കായി അദ്ദേഹത്തോട് ചോദിക്കും, സാര്‍…നമ്മുടെ വാച്ച്? നിഷ്‌കളങ്കമായ ചിരിയോടെ അപ്പോള്‍ അദ്ദേഹം പറയും, അടുത്ത തവണ…,’ മോഹന്‍ലാല്‍ പറയുന്നു.

Content Highlight: Mohanlal talks about Kamal Haasan