മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാട് – മോഹന്‍ലാല്‍ കൂട്ടുകെട്ട്. മലയാളത്തിന് നിരവധി മികച്ച സിനിമകള്‍ നല്‍കിയവരാണ് ഇവര്‍. ഇരുവരും ഒന്നിക്കുന്ന സിനിമകളിലെ സ്ഥിര സാന്നിധ്യമായിരുന്നു നടന്‍ ഇന്നസെന്റ്.
മലയാള സിനിമയില്‍ ഇന്നും ആര്‍ക്കും മറക്കാനാവാത്ത നടനാണ് അദ്ദേഹം. മികച്ച നിരവധി വേഷങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിച്ച നടനാണ് ഇന്നസെന്റ്. മലയാള സിനിമക്ക് നികത്താനാകാത്ത വിടവായിരുന്നു അദ്ദേഹത്തിന്റെ മരണത്തോടെ ഉണ്ടായത്.
ഇപ്പോള്‍ ഇന്നസെന്റിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാടും മോഹന്‍ലാലും. അദ്ദേഹത്തിന്റെ കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകത്തിന്റെ 29ാം പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇരുവരും.
തങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഇന്നസെന്റ് ഒരിക്കലും മാഞ്ഞുപോകില്ലെന്നും ഇന്നസെന്റിനെ ഓര്‍ക്കാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ലെന്നുമാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. സിനിമാ പ്രവര്‍ത്തകര്‍ എന്നതിലുപരി ഇന്നസെന്റുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന ആളായിരുന്നു അദ്ദേഹം.
ഒരിക്കലും മാഞ്ഞുപോകാത്ത ഒരു ചിരിയായി ഇന്നസെന്റ് തങ്ങളുടെ മനസില്‍ എന്നും ഉണ്ടാകുമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അത്രയും സ്‌നേഹമുള്ള ഒരാളെ താന്‍ കണ്ടിട്ടില്ലെന്നും മലയാളികളുടെ മനസില്‍ എന്നും അദ്ദേഹം ഉണ്ടാകുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
‘സത്യേട്ടന്‍ പറഞ്ഞത് പോലെ ഒരിക്കലും മാഞ്ഞുപോകാത്ത ഒരു ചിരിയായി ഞങ്ങളുടെ മനസില്‍ അദ്ദേഹം എന്നും ഉണ്ടാകും. ഞങ്ങളുടെ മനസില്‍ മാത്രമല്ല. മലയാളികളുടെ മനസിലെല്ലാം ഉണ്ടാകും. അത്രയും സ്‌നേഹമുള്ള ഒരാളെ ഞാന്‍ കണ്ടിട്ടില്ല,’ മോഹന്‍ലാല്‍ പറയുന്നു.
താന്‍ അര്‍ബുദ രോഗിയായിരിക്കെ കടന്നുപോയ അനൂഭവങ്ങളെ കുറിച്ച് പറയുന്ന ഇന്നസെന്റിന്റെ പുസ്തകമായിരുന്നു കാന്‍സര്‍ വാര്‍ഡിലെ ചിരി. മാതൃഭൂമി ബുക്ക്‌സ് ഇറക്കിയ ഈ പുസ്തകം ഒരു ലക്ഷം കോപ്പികളാണ് പിന്നിട്ടത്.
കൊച്ചിയില്‍ വെച്ചായിരുന്നു മോഹന്‍ലാലും സത്യന്‍ അന്തിക്കാടും പുസ്തകത്തിന്റെ 29ാം പതിപ്പ് പ്രകാശനം ചെയ്തത്. ഇന്നസെന്റിന്റെ പങ്കാളി ആലിസും മകനും പേരക്കുട്ടികളും ചേര്‍ന്നാണ് പുസ്തകം ഏറ്റുവാങ്ങിയത്.