മലയാള സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’.
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി നായികയായി എത്തുന്ന ചിത്രം എന്ന പ്രത്യേകത കൊണ്ടുതന്നെ സിനിമ ഇതിനോടകം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
ഓഗസ്റ്റ് ഏഴിനാണ് ചിത്രത്തിന്റെ റിലീസ്. ഇപ്പോഴിതാ മകളുടെ സിനിമ പ്രവേശനത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
തുടക്കം, Photo: IMDb
‘അച്ഛൻ മകൾ എന്നുള്ളതല്ല. അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ സമ്മതം കൊടുക്കണം. അവർക്ക് സിനിമയിൽ ചെയ്യണം എന്ന് പറഞ്ഞു, ചെയ്യട്ടെ. ഇനി അവരാണ് പ്രൂവ് ചെയ്യേണ്ടത്. അല്ലാതെ എന്റെ മകൾ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല, അവൾ സിനിമയിൽ സ്വയം പ്രൂവ് ചെയ്യണം,’ എന്നാണ് മോഹൻലാൽ പറഞ്ഞത്.
മകൻ പ്രണവ് മോഹൻലാലിനെ കുറിച്ചും താരം അഭിമുഖത്തിൽ സംസാരിച്ചു. ‘അപ്പു ഒക്കെ വളരെ കുറച്ച് സിനിമ ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണ്. അവൻ സിനിമ ചെയ്യാതിരിക്കാൻ എന്താണ് ചെയ്യുക എന്ന് ആലോചിക്കുന്ന ആളാണ്. അതുപോലെ അവരുടെ ഒരു ഡിസിഷൻ ആണ്,’ എന്ന് മോഹൻലാൽ പറഞ്ഞു.
വിസ്മയയുടെ താത്പര്യങ്ങളെ കുറിച്ചും താരം തുറന്നു പറഞ്ഞു. ‘അവൾ ഒരു മാർഷൽ ആർട്സ് പഠിച്ച കുട്ടിയാണ്. അപ്പോൾ ഇങ്ങനെ ഒരു സിനിമ ചെയ്യണം എന്ന് പറഞ്ഞു. ഇനി അത് എങ്ങനെ ആകും എന്നുള്ളത് ഈശ്വരന്റെ കയ്യിലാണ്,’ എന്നാണ് മോഹൻലാൽ പറഞ്ഞത്. സിനിമാ പശ്ചാത്തലത്തിൽ വളർന്ന കുട്ടികളായതിനാൽ സിനിമയെ കുറിച്ച് അവർക്ക് നല്ല ധാരണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘അവർ ജനിച്ചത് മുതൽ സിനിമയെ കുറിച്ച് അറിവ് ഉള്ളവരാണ്. എന്റെ വൈഫ് വലിയ സിനിമ ഫാമിലിയിൽ ഉള്ള ആളാണ്. സിനിമ മോശമായ കാര്യമൊന്നുമല്ലല്ലോ. നമ്മൾ ചിന്തിക്കുന്നതുപോലെ നമുക്ക് ജീവിക്കാൻ കഴിയും. സിനിമ പോലെ ഇത്രയും വലിയ മാജിക്ക് ഉള്ള എന്റർടൈൻമെന്റ് ഇല്ലല്ലോ,’ എന്നും താരം പറഞ്ഞു.
സിനിമയിൽ വിജയിക്കുക എളുപ്പമല്ലെന്നും അതിന് വലിയ സമർപ്പണവും പരിശ്രമവും ആവശ്യമാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ‘സിനിമയിൽ നില നിൽക്കുക സക്സസ് ആവുക എന്ന് പറയുന്നത് വലിയ ഒരു ഭാഗ്യമാണ്.
ഞാൻ ഒരു 48 കൊല്ലമായി സിനിമയിൽ വന്നിട്ട് അത് ഒരു ഈസിയായിട്ടുള്ള യാത്രയല്ല എന്ന് പിന്നീട് ചിന്തിക്കുമ്പോൾ മനസിലാകും, ഒരുപാട് സഫർ ചെയ്തിട്ടാണ് ഇവിടെ വരെ എത്തിയത്.
മറ്റ് ഏത് മേഖല നോക്കിയാലും പൊളിറ്റീഷ്യൻ ആയാലും ഡോക്ടർസ് ആയാലും എല്ലാവരും അവരുടെ ലൈഫ് കളഞ്ഞിട്ടാണ്, അത്രയും ഡെഡികേറ്റഡ് ആണ് ഓരോരുത്തരും,’ എന്നാണ് മോഹൻലാൽ പറഞ്ഞത്.
Content Highlight: Mohanlal talks about his daughter Vismaya Mohanlal
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.