നാല് പതിറ്റാണ്ടിലധികമായി മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. ഇത്രയും കാലത്തെ കരിയറില്‍ മോഹന്‍ലാല്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. തന്നിലെ നടനെയും താരത്തെയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന ചുരുക്കം നടന്മാരില്‍ ഒരാളാണ് മോഹന്‍ലാല്‍.
മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായ ഭാരത് ഗോപിയെ കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍. ഒരു കുഞ്ഞിന്റെ മനസുള്ള നടനായിരുന്നു ഭരത് ഗോപിയെന്നും ഏത് കഥാപാത്രത്തിനും ശരീരം വഴങ്ങുന്ന ആളായിരുന്നു അദ്ദേഹമെന്നും മോഹന്‍ലാല്‍ പറയുന്നു. വൈവിധ്യമായ ഒരുപാട് വേഷങ്ങള്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ടെന്നും ശരിക്കും ഭരത് ഗോപി ഒരു മഹാനടന്‍ ആയിരുന്നുവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
‘മാമാട്ടിക്കുട്ടിയമ്മയില്‍ നായകനും നായികയും ഒരു കുഞ്ഞിമോളായിരുന്നു എന്നു പറയുന്നതാവും ശരി. അഭിനയിക്കുമ്പോള്‍ മാത്രമായിരുന്നില്ല, ശരിക്കും ഒരു കുഞ്ഞിന്റെ മനസാണ് ഗോപിച്ചേട്ടനെന്ന് അന്നുതന്നെ ഞാന്‍ തിരിച്ചറിഞ്ഞു. ബേബി ശാലിനിയെ മടിയിലിരുത്തി ലാളിക്കുമ്പോഴും ആളൊരുങ്ങി അരങ്ങൊരുങ്ങി എന്ന പാട്ടിനൊത്ത് ശാലിനിയോടൊപ്പം ആടിപ്പാടുമ്പോഴും ഒരു കുട്ടിയായി മാറുകയായിരുന്നു അദ്ദേഹം.
ഏതു കഥാപാത്രത്തിനും ആ ശരീരം വഴങ്ങുമായിരുന്നു. അല്ലെങ്കില്‍ ഗോപിച്ചേട്ടന്‍ വഴക്കിയെടുക്കുമായിരുന്നു. അത് കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു. എത്രമാത്രം വൈവിധ്യമായിരുന്നു അദ്ദേഹത്തിന്റെ പകര്‍ന്നാട്ടങ്ങള്‍. കൊടിയേറ്റത്തിലെ ശങ്കരന്‍കുട്ടിയും യവനികയിലെ തബലിസ്റ്റ് അയ്യപ്പനും, ഓര്‍മ്മയ്ക്കായിലെ ഊമയും പാളങ്ങളിലെ എഞ്ചിന്‍ ഡ്രൈവറും കള്ളന്‍ പവിത്രനിലെ മാമച്ചനും കാറ്റത്തെ കിളിക്കൂടിലെ ഷേക്സ്പിയര്‍ കൃഷ്ണപിള്ളയും അപ്പുണ്ണിയിലെ അയ്യപ്പന്‍ നായരും ഒന്നായിരുന്നില്ല.
എല്ലാം വ്യത്യസ്തമായ ജീവിതരൂപങ്ങളായിരുന്നു. അത്ഭുതം തോന്നും, എങ്ങനെ ഈ മനുഷ്യന്‍ ഇത്രമാത്രം വേഷപ്പകര്‍ച്ചകളിലൂടെ സഞ്ചരിച്ചുവെന്ന്. മഹാനടന്മാര്‍ക്കു മാത്രം സാധ്യമാകുന്ന കാര്യമാണത്. ശരിക്കും ഭരത് ഗോപി മഹാനടന്‍ തന്നെയായിരുന്നു,’മോഹന്‍ലാല്‍ പറയുന്നു.