നടനാവാന്‍ വേണ്ടി മാത്രം ജനിച്ചയാളാണ് അദ്ദേഹം; എന്നാൽ എൻ്റെ സ്വപ്നമോ ലക്ഷ്യമോ സിനിമ ആയിരുന്നില്ല: മോഹൻലാൽ
Entertainment
നടനാവാന്‍ വേണ്ടി മാത്രം ജനിച്ചയാളാണ് അദ്ദേഹം; എന്നാൽ എൻ്റെ സ്വപ്നമോ ലക്ഷ്യമോ സിനിമ ആയിരുന്നില്ല: മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 18th June 2025, 10:32 pm

നാല് പതിറ്റാണ്ടുകളായി സിനിമാരംഗത്ത് സജീവമാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെയും അഭിനയത്തിലൂടെയും എപ്പോഴും നമ്മെ അമ്പരപ്പിച്ചിട്ടുള്ള നടനാണ് അദ്ദേഹം. മോഹൻലാലിൻ്റെ ഏറ്റവും അടുത്ത സുഹൃത്താണ് മമ്മൂട്ടി. ഇച്ചാക്ക എന്നാണ് മോഹൻലാൽ മമ്മൂട്ടിയെ വിളിക്കുന്നത്. ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

അമ്പത്തിമൂന്നിലധികം സിനിമകളില്‍ തങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്നും താനോ അല്ലെങ്കില്‍ മമ്മൂട്ടിയോ അഭിനയത്തില്‍ പരസ്പരം അനുകരിച്ചിട്ടില്ലെന്നും തങ്ങള്‍ രണ്ടുപേരും വ്യത്യസ്തരായ കലാകാരന്‍മാരാണെന്നും മോഹന്‍ലാല്‍ പറയുന്നു.

നടനാകുന്നതിന് വേണ്ടി ജനിച്ച വ്യക്തിയാണ് മമ്മൂട്ടിയെന്നും ഇപ്പോഴും സിനിമ തന്നെയാണ് അദ്ദേഹത്തിന്റെ പാഷനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തന്റെ കാര്യം അങ്ങനെയല്ലെന്നും സിനിമ തന്റെ സ്വപ്നമോ ലക്ഷ്യമോ ആയിരുന്നില്ലെന്നും നടന്‍ പറയുന്നു. അഭിനയത്തിന് വേണ്ടി യാതൊരു വിധ തയ്യാറെടുപ്പുകളും നടത്താറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അമ്പത്തിമൂന്ന് സിനിമകളിലധികം ഞങ്ങള്‍ ഒരുമിച്ചഭിനയിച്ചുണ്ട്. ഞാന്‍ മമ്മൂട്ടിയോളം അഭിനയിക്കാനോ മമ്മൂട്ടി എന്നെപ്പോലെ അഭിനയിക്കാനോ ഇതുവരെ ശ്രമിച്ചിട്ടില്ല. അതിന്റെ പ്രധാന കാരണം ഞങ്ങള്‍ രണ്ടുപേരും തീര്‍ത്തും വ്യത്യസ്തരായ രണ്ട് മനുഷ്യരാണ്, രണ്ട് കലാകാരന്‍മാരുമാണ് എന്ന കാര്യം മറ്റാരേക്കാളും ഞങ്ങള്‍ക്കറിയാമായിരുന്നു എന്നതാണ്.

നടനാവാന്‍ വേണ്ടി മാത്രം ജനിച്ചയാളാണ് മമ്മൂട്ടി. തന്റെ ലക്ഷ്യവും വഴിയുമെല്ലാം അദ്ദേഹത്തിന് നേരത്തെ നല്ല നിശ്ചയമുണ്ടായിരുന്നു. അതു കൊണ്ടുതന്നെ അത്രയും ദൃഢനിശ്ചയ ത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ഓരോ ചുവടുകളും. ഇന്നും സിനിമ തന്നെയാണ് അദ്ദേഹത്തിന്റെ പാഷന്‍.

എന്റെ കാര്യം നേരെ തിരിച്ചാണ്. ഞാനത് പലതവണ പലയിടത്തും പറഞ്ഞതുമാണ്. സിനിമ എന്റെ സ്വപ്നമോ ലക്ഷ്യമോ ആയിരുന്നില്ല, ഒരിക്കലും. ഇപ്പോഴും ഇതുതന്നെയാണോ എന്റെ ജോലി എന്നെനിക്കറിയില്ല. സൗഹൃദങ്ങളുടെ തിരത്തള്ളലില്‍ ഇവിടെ വന്നുപെട്ടയാളാണ് ഞാന്‍. യാതൊരുവിധ പരിശീലനങ്ങളും ലഭിച്ചിട്ടില്ല. അഭിനയിക്കാനായി ഒരുവിധ തയ്യാറെടുപ്പുകളും നടത്താറില്ല. ‘എല്ലാം നേരെയാവണേ’ എന്ന പ്രാര്‍ത്ഥനയോടെ അങ്ങ് ചെയ്യുന്നു എന്നുമാത്രം,’ മോഹന്‍ലാല്‍ പറയുന്നു.

Content Highlight: Mohanlal Talking about Mammootty