'നമ്മൾ പിരിഞ്ഞതുകൊണ്ട് സിനിമക്ക് ഒരു നഷ്ടവുമില്ല അല്ലേ' എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു; മങ്ങിയ ചിരിയായിരുന്നു ഉത്തരം: മോഹൻലാൽ
Entertainment
'നമ്മൾ പിരിഞ്ഞതുകൊണ്ട് സിനിമക്ക് ഒരു നഷ്ടവുമില്ല അല്ലേ' എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു; മങ്ങിയ ചിരിയായിരുന്നു ഉത്തരം: മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th May 2025, 9:40 pm

ഒരുകാലത്ത് മോഹന്‍ലാല്‍ – സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ എന്നുപറഞ്ഞാല്‍ തിയേറ്ററില്‍ ആള് നിറയുമായിരുന്നു. അതിലേക്ക് ശ്രീനിവാസവനും കൂടി കടന്നുവന്നപ്പോള്‍ ബോക്‌സ് ഓഫീസ് വിജയം ആവര്‍ത്തിച്ചു.

എന്നാൽ പിന്നീട് ആ കൂട്ടുകെട്ട് ആവർത്തിക്കാൻ ഇരുവർക്കും സാധിക്കാതെ വന്നിരുന്നു. മോഹൻലാൽ വളരെ പെട്ടെന്ന് തന്നെ സൂപ്പർസ്റ്റാറായതും അദ്ദേഹത്തിന് നിരവധി സിനിമകൾ കിട്ടിയതുമാണ് അതിന് കാരണം. ഇപ്പോൾ അതിനെപ്പറ്റി സംസാരിക്കുകയാണ് മോഹൻലാൽ.

സിനിമകൾ വന്നാലും പോയാലും സത്യൻ അന്തിക്കാടുമായുള്ള വ്യക്തിബന്ധം നിലനിർത്താൻ താൻ ശ്രമിച്ചെന്നും നിരന്തരം ഫോണിൽ സംസാരിക്കുമായിരുന്നെന്നും മോഹൻലാൽ പറയുന്നു.

താനുമായി പിരിഞ്ഞതിന് ശേഷം സത്യൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കിയെന്നും താൻ അഭിനയിച്ച പല സിനിമകളും വൻ വിജയങ്ങളായെന്നും അദ്ദേഹം പറഞ്ഞു.

നമ്മൾ പിരിഞ്ഞതുകൊണ്ട് സിനിമക്ക് ഒരു നഷ്ടവുമില്ലല്ലോയെന്ന് ഒരിക്കൽ താൻ അദ്ദേഹത്തോട് ചോദിച്ചെന്നും അതുകേട്ട് സത്യൻ ചിരിച്ചെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. സ്റ്റാർ & സ്റ്റൈൽ മാഗസിനിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.

‘സിനിമകൾ വരട്ടെ പോകട്ടെ. സത്യേട്ടനുമായുള്ള വ്യക്തിബന്ധം നിലനിർത്താൻ ഞാൻ കഠിനമായി ശ്രമിച്ചു. നിരന്തരം ഞങ്ങൾ ഫോണിൽ സംസാരിച്ചു. പലയിടത്തുവെച്ചും കണ്ടു. പക്ഷേ, അപ്പോഴൊന്നും സിനിമയെക്കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. ഞാനുമായി പിരിഞ്ഞതിനുശേഷം സത്യേട്ടൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി.

ഞാനഭിനയിച്ച പല സിനിമകളും വൻ വിജയങ്ങളായി. ഒരിക്കൽ കണ്ടപ്പോൾ ഞാൻ സത്യേട്ടനോട് ചോദിച്ചു: ‘നമ്മൾ പിരിഞ്ഞതുകൊണ്ട് സിനിമക്ക് ഒരു നഷ്ടവുമില്ല അല്ലേ സത്യേട്ടാ? നഷ്ടം നമുക്ക് മാത്രമാണ്. നിങ്ങളോടൊപ്പമുള്ള രസങ്ങൾ മുഴുവൻ എനിക്ക് നഷ്ടമാവുന്നു,’ എന്ന്. അതുകേട്ട് സത്യേട്ടൻ മങ്ങിയ ചിരിചിരിച്ചു. ആ ചിരിയിൽ നിറയെ കണ്ണീർക്കണങ്ങൾ എനിക്ക് കാണാമായിരുന്നു,’ മോഹൻലാൽ പറയുന്നു.

Content Highlight: Mohanlal Talking about Director Sathyan Anthikkad