എന്റെ ആ ചിത്രങ്ങളെ കുറിച്ചെല്ലാം വളരെ മതിപ്പോടെയാണ് രജിനി സാർ അവരോട് സംസാരിച്ചത്: മോഹൻലാൽ
Entertainment
എന്റെ ആ ചിത്രങ്ങളെ കുറിച്ചെല്ലാം വളരെ മതിപ്പോടെയാണ് രജിനി സാർ അവരോട് സംസാരിച്ചത്: മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 11th June 2024, 3:31 pm

മലയാളത്തിലെ സൂപ്പർ താരമാണ് മോഹൻലാൽ. കാലങ്ങളായി തന്റെ കഥാപാത്രങ്ങളിലൂടെ മലയാളികളെ അത്ഭുതപ്പെടുത്തുന്നുണ്ട് അദ്ദേഹം. തമിഴ് സിനിമയിലെ സൂപ്പർ സ്റ്റാർ രജിനികാന്തിനെ കുറിച്ച് പറയുകയാണ് മോഹൻലാൽ.

ഇരുവരും ഒന്നിച്ചെത്തിയ ജയിലർ എന്ന ചിത്രം വമ്പൻ വിജയമായിരുന്നു ബോക്സ്‌ ഓഫീസിൽ നേടിയത്. മാത്യു എന്ന കഥാപാത്രമായിട്ടായിരുന്നു മോഹൻലാൽ ചിത്രത്തിൽ എത്തിയത്.

തന്റെ പല സിനിമകളും രജിനികാന്ത് കണ്ടിട്ടുണ്ടെന്നും അവയെ കുറിച്ചെല്ലാം ഒരുപാട് പേരോട് നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും മോഹൻലാൽ പറയുന്നു. രജിനികാന്ത് അഭിനയിച്ച തന്റെ മൊഴിമാറ്റ ചിത്രങ്ങളെ കുറിച്ചും മോഹൻലാൽ പറഞ്ഞു. സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ പല സിനിമകളും അദ്ദേഹം കണ്ടിട്ടുണ്ട്. എന്നോട് മാത്രമല്ല, മറ്റ് പലരോടും ആ സിനിമകളെ കുറിച്ച് വലിയ മതിപ്പോടെ അദ്ദേഹം സംസാരിച്ചിട്ടുണ്ട്. മണിച്ചിത്രത്താഴും( ചന്ദ്രമുഖി ) തേന്മാവിൻ കൊമ്പത്തും (മുത്തു ) തമിഴിലേക്ക് മൊഴി മാറ്റിയപ്പോൾ എന്റെ റോൾ ചെയ്തത് അദ്ദേഹമായിരുന്നു,’മോഹൻലാൽ പറയുന്നു.

തമ്മിൽ കാണുമ്പോൾ തങ്ങൾ സിനിമയെ കുറിച്ച് അധികം സംസാരിക്കാറില്ലെന്നും സിനിമയ്ക്ക് പുറത്ത് ഗ്ലാമർ പരിവേഷങ്ങൾ ഉപേക്ഷിക്കാൻ കഴിയുമെന്ന് തെളിയിച്ച താരമാണ് രജിനികാന്തെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

‘തമ്മിൽ കാണുമ്പോഴൊന്നും സിനിമയെ കുറിച്ച് അധികം സംസാരിക്കാറില്ല. കുടുംബകാര്യങ്ങളെയും സൗഹൃദങ്ങ ളെയും കുറിച്ചാണ് അദ്ദേഹം ഏറെയും സംസാരിക്കാറുള്ളത്.

സിനിമയ്ക്ക് പുറത്ത് ഗ്ലാമറിന്റെ പരിവേഷങ്ങൾ ഒരു താരത്തിന് ഉപേക്ഷിക്കാനാകുമെന്ന് സ്വന്തം ജീവിതംകൊണ്ട് തെളിയിച്ച നടനാണ് അദ്ദേഹം. അഭ്രപാളിയിൽ രജിനികാന്തിൻ്റെ നായകൻമാർ ഇടിമുഴക്കങ്ങൾ സൃഷ്ടിക്കുമ്പോൾ വെള്ളിവെളിച്ചത്തിന് പുറത്ത് ഒരു സാധാരണക്കാരനെപ്പോലെ അദ്ദേഹം ജനങ്ങൾക്കിടയിൽ സഞ്ചരിച്ചു. ശിവാജിറാവു ഗേക്ക്‌വാദ് എന്ന മനുഷ്യനിൽനിന്നും രജിനികാന്ത് എന്ന താരരാജാവിലേക്കുള്ള ദൂരത്തിനിടയിലും നഷ്ടമാകാത്ത സാധാരണത്വം,’മോഹൻലാൽ പറഞ്ഞു.

 

Content Highlight: Mohanlal Talk About Rajinikanth And His Remake Movies