ഇന്ത്യന്‍ ചലച്ചിത്രലോകത്തെ പരമോന്നത ബഹുമതിയായ ദാദസാഹെബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ച ചടങ്ങ് തിരുവനന്തപുരത്ത് സമാപിച്ചിരിക്കുകയാണ്. മലയാളം വാനോളം ലാല്‍ സലാം എന്ന് പേരിട്ട ചടങ്ങില്‍ സിനിമാ സാംസ്‌കാരിക രംഗത്തെ പലരും പങ്കെടുത്തിരുന്നു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിനെ പൊന്നാടയണിയിച്ചു.
എന്നാല്‍ പരിപാടിക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത് രണ്ട് പരാമര്‍ശങ്ങളാണ്. മലയാളത്തിന്റെ വെറ്റെറന്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും പരിപാടിയില്‍ സന്നിഹിതനായിരുന്നു. മോഹന്‍ലാലിന് മുമ്പ് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മലയാളി കൂടിയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ അടൂര്‍ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറി.
‘രണ്ട് ദശാബ്ദം മുമ്പ് ഇതേ പുരസ്‌കാരം ഞാന്‍ നേടിയിട്ടുണ്ടായിരുന്നു. അന്ന് ആരും എന്നെ ആദരിച്ചില്ല’ എന്നായിരുന്നു അടൂരിന്റെ വാക്കുകള്‍. മോഹന്‍ലാലിനെതിരെ പലപ്പോഴും രൂക്ഷമായ സംസാരിച്ചിട്ടുള്ള അടൂര്‍ ഗോപാലകൃഷ്ണന്‍ തന്റെ ഫ്രസ്‌ട്രേഷന്‍ തീര്‍ത്തു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ തന്റെ മറുപടി പ്രസംഗത്തില്‍ അടൂരിനെ നൈസായി ട്രോളിയ മോഹന്‍ലാലിന്റെ വാക്കുകള്‍ ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്.
‘എന്നെപ്പറ്റി ആദ്യമായി നല്ലത് പറഞ്ഞ… അല്ല, പലപ്പോഴായി സംസാരിച്ചിട്ടുള്ള അടൂര്‍ സാറിനും നന്ദി’ എന്നായിരുന്നു മോഹന്‍ലാല്‍ മറുപടി നല്കിയത്. അടൂരിന് നല്ല മറുപടി തന്നെ നല്കിയെന്നും ഈ സംഭവത്തെ നല്ല രീതിയില്‍ മോഹന്‍ലാല്‍ കൈകാര്യം ചെയ്‌തെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ‘ചൊറിയാന്‍ വന്നവരെ മാന്തിവിട്ടു’, ‘കലക്കി ലാലേട്ടാ’ എന്നിങ്ങനെയാണ് മോഹന്‍ലാലിനെ അഭിനന്ദിച്ച് വരുന്ന പോസ്റ്റുകളുടെ ക്യാപ്ഷനുകള്‍. അടൂര്‍ ഗോപാലകൃഷ്ണനെ ട്രോളിക്കൊണ്ടും ചില പോസ്റ്റുകള്‍ പങ്കുവെക്കപ്പെടുന്നുണ്ട്.
എന്നാല്‍ ഇത് ആദ്യമായല്ല മോഹന്‍ലാല്‍ ഇത്തരത്തില്‍ കൈയടി നേടുന്നത്. 2017ല്‍ സംസ്ഥാന അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുത്താല്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ഒരുകൂട്ടം ആര്‍ട്ടിസ്റ്റുകള്‍ അറിയിച്ചിരുന്നു. എന്നാല്‍ അവാര്‍ഡ് വേദിയിലെത്തിയ മോഹന്‍ലാല്‍ ‘നിങ്ങളുടെ അടുത്തേക്കെത്താന്‍ എനിക്ക് ആരുടെയും അനുവാദം ആവശ്യമില്ല’ എന്ന് പറഞ്ഞ് സദസിനെ കൈയിലെടുത്തത് വലിയ വാര്‍ത്തയായിരുന്നു.
അതേ രീതിയില്‍ ആരോടും ദേഷ്യപ്പെടാതെയും നീരസം പ്രകടിപ്പിക്കാതെയും ഇന്നത്തെ ചടങ്ങിനെ മോഹന്‍ലാല്‍ സമീപിച്ച രീതിയും കൈയടി നേടുകയാണ്. മോഹന്‍ലാല്‍ നേടിയ പുരസ്‌കാരം മലയാളസിനിമക്കും അഭിമാനിക്കാവുന്ന നേട്ടമാണെന്നായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്. ശതാബ്ദിയിലേക്കെത്തുന്ന മലയാള സിനിമയില്‍ അരനൂറ്റാണ്ടിനടുത്തായി നിറഞ്ഞുനില്‍ക്കുന്ന താരമാണ് മോഹന്‍ലാലെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
Content Highlight: Mohanlal’s reply to Adoor Gopalakrishnan’s statement on Vaanolam Lal Salaam program