45 വര്‍ഷത്തോളം നീണ്ടുനിന്ന സിനിമാജീവിതം. ഇത്രയും കാലത്തെ കരിയറില്‍ അയാള്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല, സ്വന്തമാക്കാത്ത പുരസ്‌കാരങ്ങളില്ല. ക്യാമറക്ക് പിന്നില്‍ എത്രനേരം വേണമെങ്കിലും കളിച്ച് ചിരിച്ച് ഇരിക്കുന്ന രസികനായ വ്യക്തിയില്‍ നിന്ന് ആക്ഷനും കട്ടിനുമിടയില്‍ അയാള്‍ കഥാപാത്രത്തിലേക്ക് കൂടുമാറുന്ന പ്രോസസ്സ് ഇന്നും അത്ഭുതമാണ്.
ഇടക്ക് ഒരു കാലത്ത് അയാളിലെ നടനെ നഖശിഖാന്തം വിമര്‍ശിച്ച ഒരുകൂട്ടമാളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വിമര്‍ശിച്ചവരെക്കൊണ്ട് തന്നെ കൈയടിപ്പിക്കുന്ന ഏര്‍പ്പാട് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. തന്നിലെ നടനെ പഴയതിലും വീര്യത്തോടെ അവതരിപ്പിക്കാന്‍ ഇപ്പോഴും തനിക്ക് സാധിക്കുമെന്ന് മോഹന്‍ലാല്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ദൃശ്യം 3. 13 വര്‍ഷം മുമ്പ് യാതൊരു ഹൈപ്പുമില്ലാതെ തിയേറ്ററുകളിലെത്തി ഇന്‍ഡസ്ട്രിയിലെ നാഴികക്കല്ലായി മാറിയ ചിത്രത്തിന്റെ മൂന്നാം ഭാഗം തിയേറ്ററുകളിലെത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളമായിരുന്നു. ഇമോഷനുകള്‍ക്ക് പ്രാധാന്യമൊരുക്കിക്കൊണ്ടാണ് താന്‍ ഈ സിനിമ ഒരുക്കിയതെന്ന് സംവിധായകന്‍ പലകുറി ആവര്‍ത്തിച്ചിട്ടുണ്ട്.
ഇരുത്തി ചിന്തിക്കുമ്പോള്‍ ഒരുപാട് ലൂപ്‌ഹോളുകളുള്ള, പല കഥാപാത്രങ്ങളും പ്ലാസ്റ്റിക് പ്രകടനം കാഴ്ചവെച്ച സിനിമയെ ആദ്യാവസാനം താങ്ങിനിര്‍ത്തിയത് മോഹന്‍ലാല്‍ മാത്രമാണ്. അദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കും ഈ കഥാപാത്രത്തെ ഇത്രമാത്രം ഗംഭീരമാക്കാന്‍ സാധിക്കില്ല. ആദ്യഭാഗത്തില്‍ നിന്ന് മൂന്നാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ ആ കഥാപാത്രത്തിന് വന്ന മാറ്റങ്ങള്‍ അപ്രതീക്ഷിതമായിരുന്നു.
കുടുംബത്തെ രക്ഷിക്കാന്‍ ഏതറ്റം വരെയും ജോര്‍ജുകുട്ടി പോകുമെന്ന് ആദ്യ രണ്ട് ഭാഗങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ആദ്യത്തെ രണ്ട് ഭാഗങ്ങളില്‍ പൊലീസിനെയും ഇന്നാട്ടിലെ നിയമ വ്യവസ്ഥയെയുമാണ് അയാള്‍ കബളിപ്പിച്ചത്. രണ്ടാം ഭാഗത്തില്‍ അയാളിലെ ക്രിമിനല്‍ മാനസികാവസ്ഥയെയും സംവിധായകന്‍ വരച്ചുകാട്ടി. മൂന്നാം ഭാഗത്തില്‍ അയാള്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം നമ്മളെ അമ്പരപ്പിക്കും.
എതിരാളികള്‍ എത്രവലിയ പൂട്ടിട്ട് പൂട്ടാന്‍ നോക്കിയാലും ഒരുനിമിഷം കൊണ്ട് അതിനെ മറികടക്കാന്‍ അയാള്‍ക്ക് സാധിക്കും. എന്നാല്‍ ഇത്തവണ അയാള്‍ ചെയ്യുന്നത് കുറച്ച് കടന്നുപോയി. ആ സീനിലെല്ലാം മോഹന്‍ലാലിനെ നടന്‍ കത്തി ജ്വലിക്കുകയായിരുന്നു. മോഹന്‍ലാലിനെ മാക്‌സിമം ഊറ്റിയെടുക്കാന്‍ ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തിന് സാധിച്ചിട്ടുണ്ട്.
ഇനി ഇതിന് മേലെ ഒന്ന് വേണ്ട എന്നേ സംവിധായകനോട് പറയാനാകുള്ളൂ. മോഹന്‍ലാലിലെ നടന് ഇതുവരെ മനസിലാകാത്ത, അയാള്‍ക്ക് പിടി കൊടുക്കാത്ത കഥാപാത്രമെന്നാണ് ജോര്‍ജുകുട്ടിയെ വിശേഷിപ്പിക്കുന്നത്. അയാള്‍ ഇനി വരണ്ട…
Content Highlight: Mohanlal’s performance in Drishyam 3 movie