മലയാളത്തിൽ ഇറങ്ങി വലിയ സാമ്പത്തിക വിജയമായ ചിത്രമായിരുന്നു ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ.
പ്രഖ്യാപനം മുതൽ തന്നെ ഹൈപ്പിന്റെ കൊടുമുടിയിൽ കയറിയ ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടുകയായിരുന്നു. 2019 ൽ ഇറങ്ങിയ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവുമെന്ന് അന്ന് തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.

രണ്ടാം ഭാഗമായ എമ്പുരാൻ പ്രഖ്യാപിച്ചതോടെ വീണ്ടും ആരാധകർ ആവേശത്തിലായി. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത്. അബ്രഹാം ഖുറേഷിക്കായുള്ള കാത്തിരിപ്പില്ലാണ് ആരാധകർ. ചിത്രത്തിന്റെ ഷൂട്ടിങ് തകൃതിയായി മുന്നോട്ട് പോവുകയാണ്. ഇപ്പോഴിതാ മോഹൻലാൽ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

തോൾ ചെരിച്ച് കോട്ടും ജാക്കറ്റും ധരിച്ച് കൈയിലൊരു ബാഗുമായി നടക്കുന്ന മോഹൻലാലിന്റെ പിന്നിൽ നിന്നുള്ള ഫോട്ടോയാണ് ചിത്രം. യാതൊരു അടിക്കുറിപ്പും നൽകാത്ത ചിത്രം എമ്പുരാനിലെ സ്റ്റിൽ ആണെന്നാണ് ഫാൻസിന്റെ വാദം.
അങ്ങനെ പറയാൻ വ്യക്തമായ ഒരു കാരണം ചിത്രത്തിൽ തന്നെയുണ്ട്. മോഹൻലാലിന്റെ മുന്നിലായി കാണുന്ന സ്ക്രീൻ പോലെ തോന്നിക്കുന്ന ബോർഡിൽ ഒരുപാട് തോക്കുകളുടെ ചിത്രം കാണാം.
