തുടരും എന്ന മഹാ വിജയത്തിന് ശേഷം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും വീണ്ടും കൈകോർക്കുന്ന പുതിയ ചിത്രത്തിലെ മോഹൻലാലിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവന്നു. ഒരിടവേളയ്ക്ക് ശേഷം മോഹൻലാൽ വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാകുന്നത്.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ഒരു സാധാരണ പൊലീസുകാരനെയാണ് പോസ്റ്ററിൽ കാണുന്നത്. ഷർട്ടിന്റെ ഇൻസർട്ട് അഴിച്ച്, കൈയിൽ ബൂട്ടുകൾ, കാലിൽ സ്ലിപ്പർ പതിവ് ‘സ്റ്റൈലിഷ് പൊലീസ്’ ഇമേജിൽ നിന്ന് വ്യത്യസ്തമായൊരു ലുക്ക്. ടി. എസ്. ലവ്‌ലജൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. ‘മനുഷ്യ രൂപത്തിലുള്ള ശുദ്ധമായ സ്നേഹം’ എന്ന വിശേഷണത്തോടെയാണ് അണിയറക്കാർ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്.
പോസ്റ്റർ പുറത്തിറങ്ങിയതോടെ പ്രേക്ഷകർ അതിനെ സൂക്ഷ്മമായി ‘ഡീകോഡ്’ ചെയ്യാൻ തുടങ്ങിയിരിക്കുകയാണ്. കൈയിലെ ബാഗ് കോഴിക്കോട് ബസിൽ നടന്ന ഒരു വൈറൽ വീഡിയോയിലേക്കുള്ള റഫറൻസാണെന്നും, കാലിലെ നീല-വെളുപ്പ് നിറത്തിലുള്ള പാരഗൺ ചെരിപ്പ് പഴയൊരു കെ.എസ്.യു പ്രവർത്തകനെ ഓർമിപ്പിക്കുന്നുവെന്നുമാണ് ചിലരുടെ കണ്ടെത്തൽ.
ചുവരിലെ കുരിശും അതിനുമുകളിലെ മാൻതലയും നായകൻ മതത്തിനുമപ്പുറം സഹജീവികളെ സ്നേഹിക്കുന്ന വ്യക്തിത്വമാണെന്ന സൂചനയാണെന്നും അഭിപ്രായങ്ങൾ ഉയരുന്നു.
കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്ന ബാറ്റ് കണ്ടതോടെ വീട് റബ്ബർ തോട്ടത്തിനിടയിലായിരിക്കും എന്ന നിരീക്ഷണവും എത്തി. ചുവരിൽ തൂങ്ങിയാടുന്ന അറ്റം പൊട്ടിയ ഹുക്ക് ആരുടേയും മണിയടിക്ക് വീഴുന്ന ആളല്ല എന്ന സന്ദേശം നൽകുന്നുവെന്നും, മൂന്ന് വിരൽ കൊണ്ട് ഷൂ പിടിച്ച് രണ്ട് വിരൽ ഒഴിവാക്കിയിരിക്കുന്നത് നായകന്റെ മൾട്ടി-ടാസ്ക്കിങ് കഴിവിനെ സൂചിപ്പിക്കുന്നുവെന്നും സോഷ്യൽ മീഡിയയിൽ ആരാധകർ രസകരമായി പങ്കുവെക്കുന്നു.
അതേസമയം, രസകരമായ ട്രോളുകൾക്കും കുറവില്ല. നട്ടെല്ലില്ലാത്ത പോലീസുകാരനാണോ? വളഞ്ഞു കുത്തി നിൽപ്പ് കണ്ടില്ലേ? അത് അദ്ദേഹത്തിന്റെ ഷൂസല്ല, മേലധികാരിയുടെ ഷൂസ് പോളിഷ് ചെയ്ത് കൊടുക്കുന്നതാവും, വീടല്ല, ഉദ്യോഗസ്ഥന്റെ വീട്ടിലെ അടുക്കളപ്പണി കഴിഞ്ഞതുകൊണ്ടാണ് ഷർട്ട് ഇൻ ചെയ്യാതിരുന്നത്, ആ നോട്ടം കൊണ്ടുദ്ദേശിക്കുന്നത് വേറൊന്നുമല്ല… ഭാര്യ എന്തോ കിടന്ന് അലക്കുന്നുണ്ട് അവിടെ, ഇതാര്… അടുത്ത ഹിറ്റ് അടിക്കാൻ റെഡിയായിക്കോ.. തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്.
പുതിയ പുതിയ ചർച്ചകളും ട്രോളുകളും പ്രശംസയും ഒരുപോലെ നേടി മോഹൻലാലിന്റെ പുതിയ ക്യാരക്ടർ ലുക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞാടുകയാണ്. അതിനാൽ തന്നെ മീശപിരിക്കുന്ന മോഹൻലാലിന്റെ ചിത്രത്തിന്റെ റീലിസിനായി കാത്തിരിക്കുകയാണ് ആരാധകർ.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.