കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ സിനിമാലോകത്തെ മൊത്തം ഞെട്ടിക്കാന്‍ മോളിവുഡ് എന്ന കൊച്ച് ഇന്‍ഡസ്ട്രിക്ക് സാധിച്ചു. മികച്ച കണ്ടന്റിലൊരുങ്ങിയ ഒരുപിടി ചിത്രങ്ങള്‍ ഭാഷാതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചയായി മാറി. ബോക്‌സ് ഓഫീസ് നേട്ടത്തിലും മലയാളസിനിമ തലയുയര്‍ത്തി നിന്നു. മോഹന്‍ലാലൊഴികയുള്ള മറ്റ് നടന്മാര്‍ ബോക്‌സ് ഓഫീസില്‍ കഴിഞ്ഞവര്‍ഷം കുതിപ്പ് നടത്തി.
എന്നാല്‍ ഈ വര്‍ഷം പല വമ്പന്‍ ചിത്രങ്ങളും മങ്ങിയപ്പോള്‍ മോഹന്‍ലാല്‍ തലയെടുപ്പോടെ ഉയര്‍ന്നുനിന്നു. 100 കോടി കളക്ഷന്‍ നേടാന്‍ പോലും പല താരങ്ങളും ബുദ്ധിമുട്ടുമ്പോള്‍ തുടര്‍ച്ചയായി രണ്ട് സിനിമകള്‍ 200 കോടി ക്ലബ്ബിലെത്തിച്ചാണ് മോഹന്‍ലാല്‍ ബോക്‌സ് ഓഫീസിലെ സിംഹാസനം സ്വന്തമാക്കിയത്. ഈ വര്‍ഷം തന്റെ പേരിലാക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് മലയാളത്തിന്റെ മോഹന്‍ലാല്‍.
ഈ വര്‍ഷത്തെ ഓണം റിലീസിന് വമ്പന്‍ ക്ലാഷിനാണ് മോളിവുഡ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ചെറുതും വലുതുമായ സിനിമകള്‍ ഓണം റിലീസായെത്തുമ്പോള്‍ ക്ലാഷ് കളറാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കം കുറിക്കുന്ന ലോകഃ ചാപ്റ്റര്‍ വണ്‍ ആണ് റിലീസിലെ കൊമ്പന്മാരിലൊരാള്‍.
ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ സിനിമാസ് ആരംഭിക്കുന്ന വേഫറര്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യചിത്രമാണ് ലോകഃ. കല്യാണി പ്രിയദര്‍ശന്‍, നസ്‌ലെന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. അരുണ്‍ ഡൊമിനിക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ എക്‌സ്റ്റന്‍ഡ് കാമിയോ റോളിലും ദുല്‍ഖര്‍ കാമിയോ റോളിലും വേഷമിടുന്നുണ്ടെന്നാണ് റൂമറുകള്‍. ഓഗസ്റ്റ് 28നാണ് ചിത്രത്തിന്റെ റിലീസ്.
എമ്പുരാന്‍, തുടരും എന്നീ സിനിമകളുടെ ചരിത്രവിജയത്തിന് ശേഷം മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രമാണ് ഹൃദയപൂര്‍വം. അന്നും ഇന്നും കുടുംബപ്രേക്ഷകരുടെ ഇഷ്ടസംവിധായകനായ സത്യന്‍ അന്തിക്കാടാണ് ഹൃദയപൂര്‍വം അണിയിച്ചൊരുക്കുന്നത്. 11 വര്‍ഷത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. മാളവിക മോഹനന്‍, സംഗീത എന്നിവര്‍ നായികമാരായെത്തുന്ന ചിത്രത്തില്‍ സംഗീത് പ്രതാപും പ്രധാനവേഷം കൈകാര്യം ചെയ്യുന്നു. ഓഗസ്റ്റ് 28നാണ് ഹൃദയപൂര്‍വം തിയേറ്ററുകളിലെത്തുക.
മലയാളസിനിമ ഈയടുത്ത് കണ്ട ഏറ്റവും വലിയ ക്ലാഷുകളിലൊന്നാകും ഓഗസ്റ്റില്‍ അരങ്ങേറുക. ഫെസ്റ്റിവല്‍ സീസണില്‍ സിനിമാപ്രേമികള്‍ക്ക് നല്ലൊരു കാഴ്ചാവിരുന്നാകും ഒരുങ്ങുന്നതെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമക്ക് ശേഷം അല്‍ത്താഫ് സംവിധായകകുപ്പായമണിയുന്ന ഓടും കുതിര ചാടും കുതിരയും ഓണം റിലീസായി എത്തുന്നുണ്ട്. സെപ്റ്റംബര്‍ നാലിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Mohanlal’s Hridayapoorvam movie and Naslen’s Lokah going to clash in Box Office