പ്രശസ്തി കൂടുന്നതിന് അനുസരിച്ച് ഉണ്ടാകുന്ന വെല്ലുവിളികൾ എങ്ങനെയാണ് തരണം ചെയ്യുന്നത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് മോഹൻലാൽ. അത്ര ഭയങ്കരമായ പ്രതിസന്ധിയൊന്നും തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്ന് മോഹൻലാൽ പറയുന്നു. കിരീടം എന്ന സിനിമയിൽ സേതുമാധവൻ അനുഭവിച്ച ഇമോഷനോളം യഥാർഥ ജീവിതത്തിൽ താൻ അനുഭവിച്ചിട്ടില്ലെന്നും മോഹൻലാൽ പറഞ്ഞു.
ജീവിതത്തിൽ ചില പ്രതിസന്ധിഘട്ടത്തിൽ ചെന്നെത്തിപ്പെടുമ്പോൾ പിന്തുണക്കാൻ ചിലരുമുണ്ടാകുമെന്ന് കരുത്തുമെന്നും എന്നാൽ സത്യത്തിൽ അവരാരും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അത്ര ഭയങ്കരമായ പ്രതിസന്ധികളൊന്നും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. പിന്നെ ഞാൻ അഭിനയിച്ച കഥാപാത്രങ്ങൾക്ക് വേണ്ടി എത്രയോ വികാരങ്ങൾ ഈ ഹൃദയത്തിൽ ഏറ്റുവാങ്ങിയിരിക്കുന്നു. കിരീടം എന്ന സിനിമയിൽ സേതുമാധവൻ അനുഭവിച്ച ഇമോഷനോളം വരില്ലല്ലോ യഥാർഥ ജീവിതത്തിൽ ഞാൻ അനുഭവിച്ചവയൊന്നും.
എത്രയോ സിനിമകൾക്ക് വേണ്ടി ഇത്തരം പകർന്നാട്ടങ്ങൾ നടത്തിയതാണ്. അതെല്ലാം അനുഭവിച്ചത് കൊണ്ടാവണം, ഇപ്പോൾ ഒരാൾ മുഖത്ത് നോക്കി പോടാ എന്ന് പറഞ്ഞാൽ, അങ്ങനെ ആയിക്കോട്ടെ എന്ന് പറയാൻ തോന്നും. പിന്നെ ജീവിതത്തിൽ ചില പ്രതിസന്ധിഘട്ടത്തിൽ ചെന്നെത്തിപ്പെടുമ്പോൾ നമ്മൾ പ്രതീക്ഷിക്കും നമ്മളെ പിന്തുണക്കാൻ ചിലരുണ്ടാവുമെന്ന്. എന്നാൽ സത്യത്തിൽ അവരാരും ഉണ്ടാവില്ല.
കാരണം അവർക്ക് പേടിയാണ്. എന്തിനാണ് പേടി എന്ന് ചോദിച്ചാൽ അതിന് ഉത്തരവുമില്ല. സക്കറിയയുടെ ഒരു പ്രഭാഷണം ഈയിടെ കേട്ടു. ഒരാളെ നമ്മൾ തെരഞ്ഞെടുപ്പിൽ ജയിപ്പിച്ച് അയച്ചാൽ നമ്മളെന്തിനാണ് അയാളെ പേടിക്കുന്നത്, അയാൾ നമ്മളെയല്ലെ പേടിക്കേണ്ടത്? പിന്നെ നമ്മളെക്കുറിച്ച് പറയുന്നവരെയെല്ലാം ചോദ്യം ചെയ്യാൻ പോയാൽ അതിനേ നേരമുണ്ടാകു.
എനിക്ക് എൻ്റെ ജോലിയുണ്ട്. അതിന് സമയമില്ല. ഞാൻ പറയുന്നതെല്ലാം ശരിയെന്നല്ല പറഞ്ഞുവരുന്നത്. എൻ്റെ ഫിലോസഫിക്കൊത്തല്ലേ ഞാൻ ജീവിക്കേണ്ടത്? പിന്നെ നമ്മൾ പറയുന്ന ഒരു കാര്യം മറ്റുള്ളവർ എങ്ങനെയാണ് ധരിക്കുന്നതെന്ന് നമുക്ക് പറയാനാവില്ല,’ മോഹൻലാൽ പറയുന്നു.