ലോകഃയും വാഴ 2വും നേടിയ റെക്കോഡുകള്‍ ഒന്നുപോലും ബാക്കിവെക്കില്ലെന്ന് ഉറപ്പിച്ചുകൊണ്ടാണ് ദൃശ്യം 3 ബോക്‌സ് ഓഫീസ് വേട്ട നടത്തുന്നത്. മലയാളത്തിലെ ഏറ്റവും മികച്ച മൂവി ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം അനൗണ്‍സ് ചെയ്തപ്പോള്‍ പലരും മുഖം ചുളിച്ചിരുന്നു. എന്നാല്‍ പലരെയും അമ്പരപ്പിച്ചുകൊണ്ട് ഗംഭീര വരവേല്പാണ് ചിത്രത്തിന് ലഭിക്കുന്നത്.
റിലീസ് ചെയ്ത് ആദ്യദിവസം തന്നെ 43 കോടിയോളമാണ് ദൃശ്യം 3 ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. 16 കോടിക്ക് ഒരുങ്ങിയ ചിത്രം പ്രീ റിലീസ് ബിസിനസിലൂടെ ബജറ്റിന്റെ പത്തിരട്ടിയോളം സ്വന്തമാക്കിയിരുന്നു. തിയേറ്ററിലും ചിത്രം ആദ്യദിനം തന്നെ ഹിറ്റ് സ്റ്റാറ്റസ് നേടിക്കഴിഞ്ഞു. ഇതിന് പിന്നാല മോഹന്‍ലാല്‍- ജീത്തു ജോസഫ് കോമ്പോ സിനിമാപേജുകളില്‍ ചര്‍ച്ചയായിരിക്കുകയാണ്.
മോഹന്‍ലാല്‍- ജീത്തു ജോസഫ് Photo: Pinkvilla
ഇരുവരും ഒന്നിച്ച എല്ലാ സിനിമകളും ഹിറ്റായെന്നാണ് സിനിമാപേജുകളുടെ കണ്ടുപിടിത്തം. അഞ്ച് സിനിമകളിലാണ് ഇരുവരും ഒന്നിച്ചിട്ടുള്ളത്. എല്ലാം നിര്‍മാതാവിന് വന്‍ ലാഭമാണ് സമ്മാനിച്ചത്. ദൃശ്യം (തിയേറ്റര്‍ റിലീസ്), ദൃശ്യം 2, 12th മാന്‍(OTT റിലീസ്), നേര്, ദൃശ്യം 3 (തിയേറ്റര്‍ റിലീസ്) എന്നീ സിനിമകളെല്ലാം നിര്‍മാതാവിന് വലിയ ലാഭം സമ്മാനിച്ചവയും പ്രേക്ഷകരുടെ പ്രതീക്ഷ കാത്തവയുമായിരുന്നു.
മലയാളത്തിലെ ഏറ്റവും സക്‌സസ്ഫുള്ളായിട്ടുള്ള കോമ്പോയും ഇതുതന്നെയാണ്. അഞ്ച് സിനിമകളും നിര്‍മിച്ചത് ആന്റണി പെരുമ്പാവൂരാണെന്നതും ശ്രദ്ധേയമാണ്. ദൃശ്യം 3 50 കോടി ക്ലബ്ബില്‍ ഇടം നേടിയാല്‍ ഏറ്റവും കൂടുതല്‍ 50 കോടി ക്ലബ്ബുള്ള ആക്ടര്‍- ഡയറക്ടര്‍- പ്രൊഡ്യൂസര്‍ കോമ്പോയായി ഈ ടീം മാറുമെന്നതും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.
മോഹന്‍ലാല്‍- ജീത്തു ജോസഫ് Photo: Variety
ദൃശ്യത്തിന്റെ ആദ്യഭാഗം മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമായി മാറി ചരിത്രമെഴുതിയപ്പോള്‍ നേര് 70 കോടിയിലേറെയാണ് ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. റെക്കോഡ് തുകക്ക് ദൃശ്യം 2 ആമസോണ്‍ പ്രൈമും 12th മാന്‍ ഹോട്‌സ്റ്റാറും സ്വന്തമാക്കിയിരുന്നു. 2000ന് ശേഷം മോഹന്‍ലാലിന് ഏറ്റവും കൂടുതല്‍ ഹിറ്റ് സമ്മാനിച്ച ഒരേയൊരു സംവിധായകനും ജീത്തു ജോസഫാണ്.
ബോക്‌സ് ഓഫീസില്‍ മികച്ച മുന്നേറ്റം നടത്തുമ്പോഴും ദൃശ്യം 3ക്ക് നേരെ പലരും വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. ജീത്തു ജോസഫിന്റെ മേക്കിങ്ങിനെയാണ് പലരും വിമര്‍ശിക്കുന്നത്. സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റുകളുടെ അമച്വര്‍ പ്രകടനവും തിരക്കഥയിലെ ചില ലൂപ്‌ഹോളുകളും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. നാലാം ഭാഗം ഒരുക്കുന്നുണ്ടെങ്കില്‍ ഈ വിമര്‍ശനമെല്ലാം ജീത്തു പരിഹരിക്കുമെന്നാണ് പലരും കരുതുന്നത്.
Content Highlight: Mohanlal Jeethu Joseph combo made their fifth consecutive win through Drishyam 3 movie