മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് വന്ന നടനാണ് ജഗദീഷ്. ആദ്യ കാലങ്ങളിൽ കോമഡി വേഷങ്ങൾ മാത്രമായിരുന്നു ലഭിച്ചിരുന്നതെങ്കിലും പിന്നീട് സ്വഭാവവേഷങ്ങളും നായക വേഷങ്ങളും അദ്ദേഹത്തിന് ലഭിച്ചു. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, അധിപൻ എന്നിവയുൾപ്പെടെ ഏതാനും സിനിമകൾക്ക് അദ്ദേഹം കഥകളും തിരക്കഥകളും എഴുതിയിട്ടുണ്ട്. ജഗദീഷിൻ്റെ പുറത്തിറങ്ങാൻ പോകുന്ന ചിത്രം ആസിഫ് അലി നായകനായി എത്തിയ ആഭ്യന്തര കുറ്റവാളിയാണ്.
ഇപ്പോൾ മമ്മൂട്ടിക്ക് പാട്ടിനോടുള്ള ഇഷ്ടത്തിനെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. കൈരളി ടി.വിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.
‘മമ്മൂക്കയ്ക്ക് പഴയ പാട്ടുകളെക്കുറിച്ച് അസാധ്യ നോളജാണ്. ബാബുക്കയുടെ (എം.എസ് ബാബുരാജ്) പാട്ടുകൾ അതേ രീതിയിൽ പാടിയില്ലെങ്കിലും നമ്മുടെ കൂടെത്തന്നെ ഫോളോ ചെയ്തുപാടും. ആരൊക്കെയാണ് പാട്ട് എഴുതിയതെന്നും സംഗീതസംവിധാനം നിർവഹിച്ചിട്ടുള്ളതെന്നും ചിത്രത്തിൽ ആരൊക്കെ അഭിനയിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് അറിയാം. മമ്മൂക്കയുടെ അത്രയും ഡീറ്റെയിൽസ് ചിലപ്പോൾ മോഹൻലാലിന് അറിയില്ല.
പഴയ ഗാനങ്ങളെക്കുറിച്ചുള്ള അറിവ് ഉണ്ടാകില്ല മോഹൻലാലിന്. എന്നിരുന്നാലും പഴയഗാനങ്ങൾ ഇന്ന് പാടാൻ മോഹൻലാൽ ഒരുപാട് ശ്രമിക്കുന്നുണ്ട്. സ്റ്റേജ് ഷോകളിൽ പഴയ പാട്ടുകൾ പുള്ളി (മോഹൻലാൽ) പഠിച്ച് പാടുന്നുണ്ട്. അത് പഠിച്ച് പാടുകയാണ്, എന്നാൽ മമ്മൂക്കയ്ക്ക് പഠിക്കാതെ തന്നെ അതിനെക്കുറിച്ച് നല്ല അറിവാണ്.
പണ്ടത്തെ സിനിമകൾ കണ്ട് ഓരോ പാട്ടുകളും ആരാണ് എഴുതിയിരിക്കുന്നതെന്നും ഏത് അവസരത്തിലാണ് പാടുന്നതെന്നും എനിക്കറിയാം. അതുകൊണ്ട് സീനിയറായിട്ടുള്ള നടൻമാരുടെയടുത്ത് അവർ മറന്ന് പോയ പാട്ടുകളെക്കുറിച്ച് ഞാൻ സംസാരിക്കും.
മമ്മൂട്ടി സോഷ്യലായിട്ടുള്ള കാര്യങ്ങളും കാഴ്ചപ്പാടുകളും സംസാരിക്കാറുണ്ട്. എന്നാൽ മോഹൻലാൽ അത്തരം കാര്യങ്ങൾ സംസാരിക്കാൻ താത്പര്യമില്ലാത്തയാളാണ്.