ഏഴ് വര്‍ഷത്തിനിടയില്‍ പൃഥ്വി മാത്രമേ രക്ഷപ്പെട്ടുള്ളൂ, ഓസ്റ്റിന്‍ പിന്മാറിയതിന് പിന്നാലെ ചര്‍ച്ചയായി മോഹന്‍ലാലും പുതുമുഖ സംവിധായകരും
Malayalam Cinema
ഏഴ് വര്‍ഷത്തിനിടയില്‍ പൃഥ്വി മാത്രമേ രക്ഷപ്പെട്ടുള്ളൂ, ഓസ്റ്റിന്‍ പിന്മാറിയതിന് പിന്നാലെ ചര്‍ച്ചയായി മോഹന്‍ലാലും പുതുമുഖ സംവിധായകരും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd December 2025, 11:10 am

അനൗണ്‍സ്‌മെന്റിന്റെ സമയത്ത് ആരാധകര്‍ ഒരുപാട് ആഘോഷമാക്കിയ പ്രൊജക്ടായിരുന്നു L365. നടനായും സഹസംവിധായകനായും പ്രേക്ഷകര്‍ക്ക് പരിചിതനായ ഓസ്റ്റിന്‍ ഡാന്‍ ആദ്യമായി സംവിധായകകുപ്പായമണിയുന്ന ചിത്രമായിരുന്നു ഇത്. ക്യാമറക്ക് മുന്നില്‍ മലയാളികളുടെ സ്വന്തം മോഹന്‍ലാലാണെന്ന വാര്‍ത്ത സിനിമാപ്രേമികള്‍ക്ക് ആവേശം നല്‍കി.

L365 Photo: Asshirvad Cinemas/ X.com

ഏറെക്കാലത്തിന് ശേഷം മോഹന്‍ലാല്‍ പൊലീസ് കുപ്പായമണിയുന്നു എന്നതും ആവേശം ഇരട്ടിയാക്കി. എന്നാല്‍ കഴിഞ്ഞദിവസമാണ് ഈ പ്രൊജക്ടില്‍ നിന്ന് ഓസ്റ്റിന്‍ പിന്മാറിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഓസ്റ്റിന് പകരം സംവിധാന ചുമതല തരുണ്‍ മൂര്‍ത്തി ഏറ്റെടുത്തെന്ന വാര്‍ത്തയും ഇന്‍ഡസ്ട്രിയുടെ ശ്രദ്ധ നേടി.

എന്നാല്‍ L 365ല്‍ നിന്ന് ഓസ്റ്റിന്‍ പിന്മാറിയതോടെ മോഹന്‍ലാലിന്റെ സ്‌ക്രിപ്റ്റ് സെലക്ഷനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. പുതുമുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോഴുള്ള മോഹന്‍ലാലിന്റെ ബോക്‌സ് ഓഫീസ് റിസല്‍ട്ടാണ് ചര്‍ച്ചയായത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ മോഹന്‍ലാല്‍ കൈകോര്‍ത്ത പുതുമുഖ സംവിധായകരും സിനിമകളും സിനിമാപേജുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Austin Dan Photo: IMDB

2018 മുതല്‍ ഇങ്ങോട്ട് മോഹന്‍ലാല്‍ ചെയ്ത സിനിമകളില്‍ നീരാളി, ഇട്ടിമാണി, ലുസിഫര്‍, ഒടിയന്‍, എന്നീ സിനിമകള്‍ പുതിയ സംവിധായകരോടൊപ്പമായിരുന്നു. താരം ആദ്യമായി സംവിധായകുപ്പായമണിഞ്ഞ ബാറോസില്‍ മോഹന്‍ലാല്‍ തന്നെയായിരുന്നു നായകന്‍. അഞ്ച് സിനിമകളില്‍ ലൂസിഫര്‍ മാത്രമാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

മറ്റ് സിനിമകള്‍ സാമ്പത്തികമായി സേഫായെങ്കിലും മോഹന്‍ലാല്‍ എന്ന നടന് യാതൊരു ഗുണവും നല്‍കാത്തവയായിരുന്നു. ഇന്നും ട്രോള്‍ പേജുകളിലെ ഇരകളായി ഈ സിനിമകളെ ഉയര്‍ത്തിക്കാട്ടാറുണ്ട്. തന്റെ സേഫ് സോണിലുള്ള സംവിധായകരെ വിട്ട് പുതിയതായി ആരെയും പരീക്ഷിക്കാന്‍ ശ്രമിക്കുന്നില്ലെന്നാണ് മോഹന്‍ലാലിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം.

Ittimani Photo: IMDB

2018 മുതലിങ്ങോട്ട് നോക്കുമ്പോള്‍ അതേ സേഫ് സോണില്‍ നിന്നുകൊണ്ട് തന്നെയാണ് മോഹന്‍ലാല്‍ തന്റെ സിനിമകള്‍ ചെയ്തത്. പ്രിയദര്‍ശന്‍, ജീത്തു ജോസഫ്, ബി. ഉണ്ണികൃഷ്ണന്‍ എന്ന സ്ഥിരം ബെല്‍റ്റിലേക്ക് പിന്നീട് പൃഥ്വിരാജും ഇടം പിടിച്ചു. ഇടക്ക് ലിജോ ജോസ് പെല്ലിശ്ശേരിയുമൊത്ത് കൈകോര്‍ത്ത് ട്രാക്ക് മാറ്റാന്‍ മോഹന്‍ലാല്‍ ശ്രമം നടത്തി.

എന്നാല്‍ എല്‍.ജെ.പി തന്റേതായ സ്റ്റൈലില്‍ അവതരിപ്പിച്ച മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ആരാധകര്‍ക്ക് സാധിച്ചില്ല. തരുണ്‍ മൂര്‍ത്തിയുമായി മോഹന്‍ലാല്‍ കൈകോര്‍ക്കുകയും വന്‍ വിജയം സ്വന്തമാക്കുകയും ചെയ്തതോടെ ആരാധകര്‍ക്ക് വീണ്ടും കോണ്‍ഫിഡന്‍സ് കൂടി. തന്റെ ലൈനപ്പില്‍ പുതുമുഖസംവിധായകരെ ഉള്‍പ്പെടുത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും ഇപ്പോള്‍ നിരാശയായിരിക്കുകയാണ്.

ഓസ്റ്റിന്‍ ഡാനൊപ്പമുള്ള L365ന് ശേഷം കൃഷന്ദുമായി ഒരു ചിത്രം മോഹന്‍ലാല്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും അതും എങ്ങുമെത്താതെ നില്ക്കുകയാണ്. ഇതിനിടയില്‍ മേജര്‍ രവിയുടെ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു എന്ന വാര്‍ത്ത ആരാധകര്‍ക്ക് വീണ്ടും നിരാശ സമ്മാനിച്ചു.

 

ഇന്‍ഡസ്ട്രിയിലെ റെക്കോഡ് മേക്കറായും റെക്കോഡ് ബ്രേക്കറായും നിറഞ്ഞു നില്ക്കുമ്പോഴും പുതിയ സംവിധായകരെ കൂടെ കൂട്ടാത്തത് മോഹന്‍ലാലിന്റെ ന്യൂനതയായി പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

Content Highlight: Mohanlal and new face director combo discussing in Social media