മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള പ്രേക്ഷകരുടെ ഇഷ്ട കൂട്ടുകെട്ടാണ് മോഹൻലാൽ – പ്രിയദർശൻ. ബോയിങ് ബോയിങ്, കിലുക്കം, വന്ദനം, തേന്മാവിൻ കൊമ്പത്ത് തുടങ്ങി ഇരുവരും ഒന്നിച്ചപ്പോഴെല്ലാം പ്രേക്ഷകർ തിയേറ്ററിലേക്ക് വന്നിട്ടുണ്ട്. ശ്രീനിവാസന്റെ തിരക്കഥയിൽ പ്രിയദർശൻ അണിയിച്ചൊരുക്കിയ സിനിമയായിരുന്നു കിളിച്ചുണ്ടൻ മാമ്പഴം.
മോഹൻലാൽ, സൗന്ദര്യ, തിലകൻ തുടങ്ങിയ വമ്പൻ താരനിര ഒന്നിച്ച ചിത്രം ഹാസ്യത്തിന് പ്രാധാന്യം നൽകിയൊരുക്കിയെങ്കിലും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. വിദ്യസാഗർ ഒരുക്കിയ സിനിമയിലെ ഗാനങ്ങളും നന്നായി ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച വിഷ്വലും, ഗാനങ്ങളും തമാശകളുമെല്ലാം ഉണ്ടായിട്ടും കിളിച്ചുണ്ടൻ മാമ്പഴം എന്തുകൊണ്ട് വിജയമായില്ലെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മോഹൻലാൽ.
എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത ചോദ്യമാണ് അതെന്നും സിനിമയിലെ കാര്യങ്ങളെ ഒരിക്കലും പ്രവചിക്കാൻ കഴിയില്ലെന്നും മോഹൻലാൽ പറയുന്നു. അതറിയുമായിരുന്നുവെങ്കിൽ വിജയ സിനിമകൾ മാത്രം തെരഞ്ഞെടുത്തേനെയെന്നും അദ്ദേഹം പറഞ്ഞു. സംവിധായകനും സുഹൃത്തുമായ പ്രിയദർശനെ കുറിച്ചും മോഹൻലാൽ കൂട്ടിച്ചേർത്തു.
‘എത്ര ആലോചിച്ചാലും ഉത്തരം കിട്ടാത്ത കാര്യങ്ങളാണവയെല്ലാം. സിനിമ ഒരു മാജിക്കാണ്. ഓടുന്ന സിനിമയേത്, ഓടാത്ത സിനിമയേത് എന്ന് മുൻകുട്ടി പ്രവചിക്കാൻ കഴിയില്ല. അതറിയാമായിരുന്നെങ്കിൽ എല്ലാവരും വിജയസിനിമകൾ മാത്രം എടുക്കുമായിരുന്നില്ലേ. എന്തുകൊണ്ട് ചില സിനിമകളൊന്നും ഓടിയില്ല എന്നുചോദിച്ചാൽ ഉത്തരമില്ല.
നടനും സംവിധായകനും എന്നൊരു ബന്ധം മാത്രമല്ല ഞാനും പ്രിയനും തമ്മിലുള്ളത്. ഒന്നിച്ചുള്ള യാത്രകളിലും കൂടിച്ചേരലുകളിലും സിനിമയ്ക്ക് പുറത്തുള്ള ഒരുപാട് വിഷയങ്ങൾ കടന്നുവരും. മലയാളസിനിമയുടെ അതിരുകൾ കടന്ന് പ്രിയൻ വളർന്നുവലുതാകുന്നത് അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കാണുന്നത്.
ഹിന്ദിയിൽ ഏറ്റവും കൂടുതൽ സിനിമകൾ ചെയ്‌ത രണ്ടാമത്തെ സംവിധായകനാണ് അദ്ദേഹം. മലയാളത്തിനു പുറത്തേക്ക് സഞ്ചരിച്ച് സിനിമയുടെ പുതിയ ടെക്നോളജിയും കഥപറച്ചിൽ രീതിയും പഠിച്ചു, ബിസിനസ് രീതികൾ മനസിലാക്കി, അന്താരാഷ്ട്രസിനിമകളോട് ചേർന്നുനിൽക്കാൻ പാകത്തിലുള്ള സിനിമകളൊരുക്കാൻ കഴിവുനേടി. അത്തരമൊരാൾക്കൊപ്പം പ്രവർത്തിക്കുമ്പോൾ അതിന്റെ ഗുണം അഭിനയിക്കുന്നവർക്കും ലഭിക്കും,’മോഹൻലാൽ പറയുന്നു.
Content Highlight: Mohanlal About Kilichundan Mambazham Movie And Priyadarshan