നാലുപതിറ്റാണ്ടായി ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ വില്ലൻ കഥാപാത്രമായി കരിയർ തുടങ്ങിയ അദ്ദേഹം ഇന്ന് ഏറെ ആരാധകരുള്ള ഒരു നായകനാണ്. മലയാളത്തിലും വിവിധ ഭാഷകളിലും മികച്ച അഭിനേതാക്കളോടൊപ്പം സ്ക്രീൻ ഷെയർ ചെയ്യാൻ മോഹൻലാലിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്.
തന്റെ സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിക്കുകയുമെല്ലാം ചെയ്ത മോഹൻലാൽ സിനിമകളിലെ കോമഡികളെ കുറിച്ച് സംസാരിക്കുകയാണ്. കാലം മാറുന്നതിനനുസരിച്ച് അഭിരുചികളിൽ മാറ്റമുണ്ടാകാമെന്നും എന്നാൽ ഇന്നും പഴയ തമാശകൾ ഇഷ്ട്ടപ്പെടുന്നവർ ഉണ്ടെന്നും മോഹൻലാൽ പറയുന്നു.
വരനെ ആവശ്യമുണ്ട് എന്ന സിനിമ പ്രിയദർശനോടൊപ്പം കണ്ടപ്പോൾ താൻ കുറെ ചിരിച്ചിരുന്നുവെന്നും എന്നാൽ പ്രിയനോ ചുറ്റുമുള്ളവർക്കോ ഒരു ഭാവമാറ്റം ഇല്ലായിരുന്നുവെന്നും മോഹൻലാൽ പറയുന്നു. നമ്മളിൽ മാത്രം ചിരി ജനിപ്പിക്കുന്ന ചില തമാശകൾ ഉണ്ടാവുമെന്നും എല്ലാ മനുഷ്യരിലും ഒരു കുട്ടിയുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
‘വരനെ ആവശ്യമുണ്ട് സിനിമയിലെ പല തമാശകളും കണ്ട് ഞാൻ ചിരിച്ചു. ചിരിച്ചുകൊണ്ട് ചുറ്റും നോക്കിയപ്പോൾ അടുത്തിരിക്കുന്ന പ്രിയനോ മറ്റുള്ളവർക്കോ യാതൊരു ഭാവമാറ്റവുമില്ല. പലപ്പോഴും അങ്ങനെയാകും, നമുക്ക് മാത്രം ചിരിക്കാൻ കഴിയുന്ന, നമ്മളിൽ മാത്രം ചിരി ജനിപ്പിക്കുന്ന ചില തമാശകളും കമൻ്റുകളും ഉണ്ടാകുമല്ലോ.
അത് എത്രത്തോളം ശരിയാണെന്നറിയില്ല. കാലം മാറുന്നതിനനുസരിച്ച് അഭിരുചികളിൽ മാറ്റമുണ്ടാകാം, എന്നാൽ ഇന്നും പഴയ തമാശകൾ തന്നെ വീണ്ടും കാണാൻ ഇഷ്ടപ്പെടുന്നവർ ഏറെയുണ്ട്. പഴയ സിനിമകളിലെ ലാലിനെയാണ് ഇഷ്ടം, അന്നത്തെ തമാശകളൊക്കെ എന്ത് രസമായിരുന്നു എന്നൊക്കെ ഇന്നും ഒരുപാടുപേർ പറയാറുണ്ട്.
ഒരാൾക്ക് പറ്റുന്ന ഏറ്റവും മോശമായ അബദ്ധം, അത് കണ്ട് മറ്റുള്ളവർ പൊട്ടിച്ചിരിക്കുക. അതായിരുന്നു അത്തരം കോമഡികളുടെ പിന്നിലെ രഹസ്യം. ഒരാൾ നടന്നുപോകുമ്പോൾ വഴിയിലുള്ള ഗോലിയിലോ മറ്റോ ചവിട്ടി വീഴുകയാണെങ്കിൽ ചുറ്റുമുള്ളവർ ചിരിക്കും.
അതുപോലെ തട്ടിയും മുട്ടിയും പോയുള്ള വീഴ്‌ചകൾ, പഴത്തൊലിയിൽ തെന്നിവീഴുന്നത്, അതെല്ലാം ഇത്തരത്തിലുള്ളതാണ്. എല്ലാ മനുഷ്യന്റെ മനസിലും ഒരു കുട്ടിയുണ്ട്. ആ കുട്ടിയെയാണ് ഇങ്ങനെയുള്ള കോമഡി രസിപ്പിക്കുന്നത്,’മോഹൻലാൽ പറയുന്നു.
Content Highlight: Mohanlal About Humors In Varane Aavashyamund Movie