അറുപതോളം മുസ്‌ലിം പുരോഹിതരുമായി മോഹന്‍ ഭഗവതിന്റെ കൂടിക്കാഴ്ച
India
അറുപതോളം മുസ്‌ലിം പുരോഹിതരുമായി മോഹന്‍ ഭഗവതിന്റെ കൂടിക്കാഴ്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th July 2025, 9:26 pm

ന്യൂദല്‍ഹി: രാജ്യത്തെ അറുപതോളം മുസ്‌ലിം പുരോഹിതരുമായി കൂടിക്കാഴ്ച നടത്തി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. ഹിന്ദു-മുസ്‌ലിം ഐക്യം വിപുലപ്പെടുത്തുന്നതിനെന്ന പേരിലാണ് കൂടിക്കാഴ്ച സംഘടിപ്പിച്ചത്. ദല്‍ഹിയിലെ ഹരിയാന ഭവനില്‍ വെച്ചാണ് ആര്‍.എസ്.എസ് മേധാവി മുസ്‌ലിം നേതാക്കളെയും പണ്ഡിതരെയും കണ്ടത്.

ആര്‍.എസ്.എസിന്റെ വര്‍ഗീയ നിലപാടുകള്‍ക്കെതിരെ രാജ്യത്തെ പ്രതിപക്ഷ സംഘടനകളും സമൂഹവും തുടര്‍ച്ചയായി ശബ്ദമുയര്‍ന്നതിനിടെയാണ് ഈ കൂടിക്കാഴ്ച. ദല്‍ഹിയില്‍ അടച്ചിട്ട മുറിയില്‍ ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചയാണ്  നടന്നത്.

ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്റെ തലവന്‍ ഉമര്‍ അഹമ്മദ് ഇല്യാസി ഉള്‍പ്പെടെയുള്ളവരാണ് മോഹന്‍ ഭഗവതിനെ കാണാനെത്തിയത്. സംഭവം ശ്രദ്ധിക്കപ്പെട്ടതോടെ പ്രതികരണം തേടിയ മാധ്യമങ്ങളോട്, ആര്‍.എസ്.എസ് മേധാവി ഇതാദ്യമായല്ല ഒരു മുസ്‌ലിം പണ്ഡിതനുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന് ആര്‍.എസ്.എസ് ഭാരവാഹിയായ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

2022ല്‍ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എസ്.വൈ. ഖുറൈഷി, മുന്‍ ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് എന്നിവരുള്‍പ്പെടെ നിരവധി നേതാക്കളുമായി ഭഗവത് കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ആര്‍.എസ്.എസ് മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ (എം.ആര്‍.എം) തലവനാണ് ഇന്ദ്രേഷ് കുമാര്‍.

ഹരിയാന ഭവനില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ദ്രേഷ് കുമാറും ആര്‍.എസ്.എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാലും മറ്റു ഭാരവാഹികളും പങ്കെടുത്തിരുന്നു. ഇ

രുസമുദായങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന ‘തെറ്റിദ്ധാരണകള്‍’ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം ചേര്‍ന്നതെന്നും ഇനിയും ഇത്തരത്തിലുള്ള കൂടിചേരലുകള്‍ ഉണ്ടാകുമെന്നും എ.ഐ.ഐ.ഒ തലവൻ ഉമര്‍ അഹമ്മദ് ഇല്യാസി പ്രതികരിച്ചതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.

‘എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം സംഭാഷണമാണ്. ആരാധനയിലും ജാതിയിലും വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും, നമ്മുടെ രാഷ്ട്രം പരമോന്നതമാണ്,’ ഇല്യാസി പറഞ്ഞു.

ഹരിയാന ഭവനില്‍ നടന്ന ചര്‍ച്ച പോസിറ്റീവായിരുന്നുവെന്നും രാജ്യത്തിന്റെ വികസനം മുന്നില്‍ക്കണ്ടുള്ള വിപുലമായ ചര്‍ച്ചയുടെ തുടക്കമാണിതെന്നും ആര്‍.എസ്.എസ് മാധ്യമ വിഭാഗം മേധാവി സുനില്‍ അംബേദ്ക്കര്‍ ദി പ്രിന്റിനോട് പറഞ്ഞു.

Content Highlight: Mohan Bhagwat’s meeting with around sixty Muslim leaders