ലോകകപ്പിലെ തങ്ങളുടെ അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് ഇന്ത്യയോട് 160 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 411 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നെതര്‍ലന്‍ഡ്‌സ് 250 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
നെതര്‍ലന്‍ഡ്‌സിനെതിരെ ഒമ്പത് ഇന്ത്യന്‍ താരങ്ങള്‍ പന്ത് കയ്യിലെടുത്തിരുന്നു. സ്ഥിരം ബൗളര്‍മാര്‍ക്ക് പുറമെ വിരാട് കോഹ്‌ലിയും നായകന്‍ രോഹിത് ശര്‍മയും പന്തുമായി നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് എത്തിയിരുന്നു. പന്തെറിയുക മാത്രമല്ല ഇവര്‍ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

വിരാട് മൂന്ന് ഓവറില്‍ 13 റണ്‍സ് വഴങ്ങിയ ഡച്ച് ക്യാപ്റ്റന്‍ സ്‌കോട് എഡ്വാര്‍ഡ്‌സിനെ പുറത്താക്കിയപ്പോള്‍ 0.5 ഓവറില്‍ ഏഴ് റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്. ഇന്ത്യന്‍ വംശജനും ഡച്ച് നിരയില്‍ മികച്ച ബാറ്റിങ് കാഴ്ചവെക്കുകയും ചെയ്ത തേജ നിദാമാനുരുവിനെയാണ് രോഹിത് പുറത്താക്കിയത്.
സൂര്യകുമാര്‍ യാദവും ശുഭ്മന്‍ ഗില്ലും പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല. ഗില്‍ രണ്ട് ഓവറില്‍ 11 റണ്‍സ് വഴങ്ങിയപ്പോള്‍ രണ്ട് ഓവറില്‍ 17 റണ്‍സാണ് സ്‌കൈ വിട്ടുകൊടുത്തത്.

