സഞ്ജുവിനെയും വൈഭവിനെയും കൈകാര്യം ചെയ്ത രീതി ഒട്ടും പ്രൊഫഷണലായിരുന്നില്ല: കൈഫ്
Cricket
സഞ്ജുവിനെയും വൈഭവിനെയും കൈകാര്യം ചെയ്ത രീതി ഒട്ടും പ്രൊഫഷണലായിരുന്നില്ല: കൈഫ്
ഫസീഹ പി.സി.
Monday, 13th July 2026, 7:06 am

ഇംഗ്ലണ്ട് പരമ്പരയില്‍ ടോപ് ഓര്‍ഡര്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെ വിമര്‍ശിച്ച് മുന്‍ താരം മുഹമ്മദ് കൈഫ്. ഇത്രയധികം ആശയക്കുഴപ്പമുള്ള ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്മെന്റിനെ താന്‍ കണ്ടിട്ടില്ലെന്നും വൈഭവ് സൂര്യവംശിയെയും സഞ്ജു സാംസണെയും കൈകാര്യം ചെയ്ത രീതി ഒട്ടും പ്രൊഫഷണലായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതുല്യ പ്രതിഭകളായ ഇവരില്‍ ആത്മവിശ്വാസം നല്‍കേണ്ടതിന് പകരം സംശയങ്ങള്‍ നിറച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് കൈഫിന്റെ വിമര്‍ശനം.

മുഹമ്മദ് കൈഫ്.

‘ഇത്രയധികം ആശയക്കുഴപ്പമുള്ള ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്മെന്റിനെ ഞാന്‍ കണ്ടിട്ടില്ല. വൈഭവ് സൂര്യവംശിയെയും സഞ്ജു സാംസണെയും കൈകാര്യം ചെയ്ത രീതി ഒട്ടും പ്രൊഫഷണലായിരുന്നില്ല.

ഒരാള്‍ തലമുറകളില്‍ ഒരാള്‍ മാത്രം ലഭിക്കുന്ന പ്രതിഭയും മറ്റൊരാള്‍ ലോകകപ്പ് ജേതാവുമാണ്. അവര്‍ക്ക് നല്‍കേണ്ടത് ആത്മവിശ്വാസമാണ്. പകരം അവരുടെ മനസില്‍ സംശയങ്ങളല്ല നിറയ്‌ക്കേണ്ടത്,’ കൈഫ് പറഞ്ഞു.

ടി – 20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡ് സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യക്ക് വേണ്ടി കളിച്ച മത്സരങ്ങളില്‍ തിളങ്ങാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. അയര്‍ലാന്‍ഡ് പരമ്പരയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ടി – 20യിലും റണ്‍സ് കണ്ടെത്താന്‍ പരാജയപ്പെട്ടതോടെ വിക്കറ്റ് കീപ്പര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമായി.

പിന്നാലെ രണ്ടാം മത്സരത്തില്‍ വൈഭവ് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. എന്നാല്‍ കളിച്ച മൂന്ന് മത്സരത്തിലും 15കാരന്‍ പരാജയപ്പെട്ടതോടെ അവസാന ടി – 20യില്‍ സഞ്ജുവിനെ ഓപ്പണറായി തിരികെ കൊണ്ടുവന്നിരുന്നു.

Content Highlight: Mohammed Kaif slammed Indian Cricket team management for unprofessional treatment of Sanju Samson and Vaibhav Sooryavanshi

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.