സാദിഖ് അലി തങ്ങളുടെ ലേഖനം പ്രതിഷേധാര്‍ഹം, ബാബരി മറക്കരുത്, ലീഗും ചന്ദ്രികയും നിലപാട് തിരുത്തണം; എം.എന്‍ കാരശ്ശേരി സംസാരിക്കുന്നു
Discourse
സാദിഖ് അലി തങ്ങളുടെ ലേഖനം പ്രതിഷേധാര്‍ഹം, ബാബരി മറക്കരുത്, ലീഗും ചന്ദ്രികയും നിലപാട് തിരുത്തണം; എം.എന്‍ കാരശ്ശേരി സംസാരിക്കുന്നു
എം.എന്‍ കാരശ്ശേരി
Tuesday, 28th July 2020, 3:56 pm

ഇക്കഴിഞ്ഞ ജൂലൈ 24ാം തിയ്യതി തുര്‍ക്കിയിലെ ഇസ്താംബൂളില്‍ ചരിത്രപ്രസിദ്ധമായ ഹയാ സോഫിയ എന്ന മ്യൂസിയം മുസ്ലിം പള്ളിയാക്കി മാറ്റി. തുര്‍ക്കി പ്രസിഡണ്ട് എര്‍ദോഗാന്റെ നേതൃത്വത്തിലാണ് സംഭവം നടന്നത്. തുടര്‍ന്ന് വന്ന വെള്ളിയാഴ്ചയില്‍ ഹയാ സോഫിയയില്‍ നടന്ന ജുമുഅ കൂട്ടുപ്രാര്‍ത്ഥന വലിയ വാര്‍ത്തയായും ചിത്രങ്ങളായുമെല്ലാം ലോകം മുഴുവന്‍ നിറഞ്ഞു.

ഏറെ സങ്കടകരമാണ് ഈ കാര്യങ്ങള്‍. ഹയാ സോഫിയ ഒരു ക്രിസ്ത്യന്‍ പള്ളിയായിരുന്നു. ക്രിസ്തുവര്‍ഷം 537ല്‍ നിര്‍മിച്ച ആ ദേവാലയം അക്കാലത്തെ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളുടെ ലോകത്തിലേറ്റവും പ്രധാനപ്പെട്ട ആരാധനാലയമായിരുന്നു. ഒട്ടോമന്‍ സാമ്രാജ്യം എന്നറിയപ്പെടുന്ന ഉസ്മാനിയ ഖിലാഫത്ത് 1453 ല്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയതോടെ തുര്‍ക്കി മുസ്ലിങ്ങള്‍ക്ക് കീഴിലായി. അതോടെ അവിടുത്തെ പ്രധാനപ്പെട്ട ദേവാലയത്തെ അവര്‍ മുസ്ലിം പള്ളിയാക്കി മാറ്റി. ഒരു വിഭാഗത്തിന്റെ ആരാധനാലയം മറ്റുവിഭാഗങ്ങള്‍ പിടിച്ചെടുത്ത് തങ്ങളുടേതാക്കുക എന്നത് ചരിത്രത്തില്‍ പലയിടത്തും ഉണ്ടായിട്ടുണ്ട്. ക്രിസ്ത്യാനികള്‍ മുസ്ലിം പള്ളി ചര്‍ച്ച് ആക്കിമാറ്റിയിട്ടുണ്ട്. മുസ്ലിങ്ങള്‍ ചര്‍ച്ചിനെ മുസ്ലിം മസ്ജിദ് ആക്കിയിട്ടുമുണ്ട്.

ഹയാ സോഫിയ

1453 ല്‍ അഥവാ 15ാം നൂറ്റാണ്ടിലാണ് ഹയാ സോഫിയ മുസ്ലിം പള്ളിയായി മാറുന്നത്. പിന്നീട് 20ാം നൂറ്റാണ്ടില്‍ 1931വരെ അത് മുസ്ലിം പള്ളിയായി നിലനില്‍ക്കുകയും ചെയ്യുന്നു. ക്രിസ്ത്യന്‍ പള്ളിയായിരുന്ന സമയത്തുണ്ടായിരുന്ന കന്യാമറിയത്തിന്റെയും ക്രിസ്തുവിന്റെയും ശില്‍പങ്ങളെല്ലാം നശിപ്പിക്കപ്പെടുകയും പകരം മറ്റുചില എഴുത്തുകളും ചിത്രങ്ങളും സ്ഥാപിക്കുകയും ചെയ്തു. 1922ഓടെ രാജാധിപത്യം അവസാനിക്കുകയും തുര്‍ക്കി ഒരു റിപ്പബ്ലിക്കായി, ഒരു ജനകീയജനാധിപത്യരാജ്യമായി മാറുകയും ചെയ്യുന്നുണ്ട്.

തുര്‍ക്കിയുടെ പിതാവ് എന്നറിയപ്പെടുന്ന, തുര്‍ക്കികള്‍ അത്താതുര്‍ക്ക് എന്ന് വിളിക്കുന്ന അന്നത്തെ പ്രസിഡണ്ട് മുസ്തഫ കമാല്‍പാഷ ഹയാ സോഫിയ നാല് വര്‍ഷത്തോളം അടച്ചിട്ടു. പിന്നീട് 1935ല്‍ അതൊരു മ്യൂസിയമായി പ്രഖ്യാപിച്ചു. അന്ന് മുതല്‍ 2020 വരെ ഹയാ സോഫിയ ഒരു മ്യൂസിയമാണ്. ശില്‍പകല, കെട്ടിടനിര്‍മാണകല, എന്നിവയിലെല്ലാം വലിയ സ്ഥാനമുള്ള അതിമനോഹരമായ കെട്ടിടമാണ് ഹയാ സോഫിയ എന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകത്തിലെ എല്ലാവര്‍ക്കും, ഏത് മതക്കാര്‍ക്കും ഏത് ജാതികാര്‍ക്കും കയറിച്ചെന്ന് കാണാവുന്ന ഒരു പുരാവസ്തു എന്ന നിലയില്‍ മനുഷ്യവംശത്തിന്റെ അപൂര്‍വമായ ശേഖരങ്ങളില്‍ ഒന്നായാണ് യു.എന്‍ ഹയാ സോഫിയയെ രേഖപ്പെടുത്തിയിട്ടുള്ളത്.

എന്നാല്‍ ഇപ്പോള്‍ എന്താണ് സംഭവിച്ചത്. ഹയാ സോഫിയ മ്യൂസിയമാക്കി മാറ്റിയ നടപടിയെ തുര്‍ക്കിയിലെ കോടതി റദ്ദുചെയ്തിരിക്കുന്നു. എര്‍ദോഗാന്‍ ഒരു മതമൗലികവാദിയാണ്. അദ്ദേഹവും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളും കൂടിയാണ് ഹയാ സോഫിയയിലെ ജുമുഅ നടത്തിയതും അത് പള്ളിയായി പ്രഖ്യാപിച്ചതും. ഇത് വലിയൊരു അന്യായമാണെന്നാണ് എനിക്ക് പറയാനുള്ളത്. കാരണമെന്തെന്നാല്‍ തുര്‍ക്കി ജനസംഖ്യയുടെ 82ശതമാനവും മുസ്ലിങ്ങളാണ്. 0.2ശതമാനം മാത്രമാണ് അവിടെ ക്രിസ്ത്യാനികളുള്ളത്. തുര്‍ക്കിക്ക് പുറത്ത് എത്രയോ കോടി കൃസ്ത്യാനികളുണ്ട്, മതേതരവാദികളുണ്ട്. അവരെയൊക്കെ വേദനിപ്പിക്കുന്ന ഒന്നാണിത്.

മുസ്തഫ കമാല്‍പാഷ (അത്താതുര്‍ക്ക്)

ചരിത്രത്തില്‍ അങ്ങനെ സംഭവിച്ചു, ഒരുകാലത്ത് ഹയാ സോഫിയ ക്രിസ്ത്യന്‍ പള്ളിയായിരുന്നു പിന്നീട് മുസ്‌ലിം രാജാക്കന്‍മാര്‍ അത് കീഴടക്കി മുസ്ലിം പള്ളിയാക്കി, ജനാധിപത്യം വന്നപ്പോള്‍ അത് രണ്ടുകൂട്ടര്‍ക്കും ഉള്ളതായിട്ട് അല്ലെങ്കില്‍ പ്രത്യേകിച്ച് ഒരുകൂട്ടര്‍ക്കും അവകാശമില്ലാത്തതായി മാറി എന്നതൊക്കെ മനസ്സിലാക്കാം. അങ്ങനെയാണ് ജനാധിപത്യം ചെയ്യുക. കാരണം അതില്‍ ചരിത്രമാണ് പ്രധാനം. അതില്‍ പുരാവസ്തുവകുപ്പിന്റെ സാംസ്‌കാരികപൈതൃകമാണ് പ്രധാനം.

ഇവിടെ ഇന്ത്യയില്‍ ഇപ്പോള്‍ നമ്മള്‍ വാദിക്കുന്നത് എന്താണ്? ഇവിടുത്തെ മതേതരവാദികള്‍, ഇവിടുത്തെ ജനാധിപത്യവാദികള്‍ ഇവിടുത്തെ ന്യൂനപക്ഷങ്ങള്‍ എല്ലാവരും പറയുന്നത് ബാബരി പള്ളി പൊള്ളിച്ചത് തെറ്റാണെന്നാണ്, പകരം രാമക്ഷേത്രം നിര്‍മിക്കുന്നത് തെറ്റാണെന്നാണ്. ബാബരി മസ്ജിദില്‍ അന്യായമായിട്ടാണ് വിഗ്രഹങ്ങള്‍ സ്ഥാപിച്ചത് എന്ന് പറയുന്ന കോടതി തന്നെ സര്‍ക്കാര്‍ ചിലവില്‍ രാമക്ഷേത്രം ഉണ്ടാക്കണം എന്ന് പറയുകയാണ്. എന്തൊരുതരം വിധിയാണിത്. ബാബരി മസ്ജിദ്‌വിധിയുടെ വില മാത്രമേ തുര്‍ക്കിയിലെ കോടതിവിധിയ്ക്കുമുള്ളൂ.

1949ല്‍ നമ്മുടെ മഹാനായ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അയോധ്യയില്‍ ബാബരിപള്ളിയുടെ തര്‍ക്കമുണ്ടായപ്പോള്‍ എന്താണ് പറഞ്ഞത്? അത് ഹിന്ദുക്കളുടേയുമല്ല, മുസ്‌ലിങ്ങളുടേയുമല്ല, ഈ രാജ്യത്തിന്റെയാണത്. ഇവിടുത്തെ പുരാവസ്തുവകുപ്പിന്റെ സ്വത്താണത്. അവിടേക്ക് മുസ്‌ലിങ്ങളും പോകണ്ട ഹിന്ദുക്കളും പോകണ്ട എന്ന് പറഞ്ഞുകൊണ്ട് അത് പൂട്ടിയിട്ടു. അതാണ് 1986ല്‍ അദ്ദേഹത്തിന്റെ പേരക്കുട്ടി രാജീവ്ഗാന്ധി ഒരു ഭാഗം ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്തത്. അങ്ങനെയാണ് പിന്നീട് 1992ല്‍ ബാബരി പള്ളി പൊളിക്കാനുള്ള അവസരമുണ്ടാക്കിയത്.

ബാബരി മസ്ജിദ്

കോടതിവിധിയില്‍ ബാബരി പള്ളി അവര്‍ക്ക് അവകാശപ്പെട്ടതല്ല അത് ക്ഷേത്രത്തിന് അവകാശപ്പെട്ടതാണെന്ന് പറയുന്നതിനെ നമ്മള്‍ എതിര്‍ക്കുന്നു. നമ്മള്‍ എന്നു പറഞ്ഞാല്‍ ഇവിടുത്തെ ജനാധിപത്യവിശ്വാസികളായ മതേതരവാദികളെല്ലാവരും എതിര്‍ക്കുന്നു. അതുപോലെ നമ്മള്‍ എതിര്‍ക്കേണ്ട ഒരു കാര്യമാണ് ഹയാ സോഫിയയെ മുസ്ലിങ്ങളുടെ മാത്രം പള്ളിയാക്കി മാറ്റിയ നടപടി.

നിര്‍ഭാഗ്യവശാല്‍ ഹയാ സോഫിയയെ മുസ്ലിം പള്ളിയാക്കി മാറ്റിയ നടപടിയെ അനുകൂലിച്ചുകൊണ്ട് കേരളത്തിലെ ചന്ദ്രിക പത്രത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഒരു ലേഖനമെഴുതി. എങ്ങനെയാണ് അത് സംഭവിച്ചതെന്ന് എനിക്കറിയില്ല. അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ ഒരു ലേഖനമാണത്.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം ബാമിയാന്‍ കുന്നിലെ ബുദ്ധപ്രതിമകള്‍ തകര്‍ക്കുന്നതിനെ നമ്മള്‍ എതിര്‍ത്തതുപോലെ, ബാബരി മസ്ജിദിനെ ഹിന്ദുത്വ ശക്തികള്‍ തകര്‍ത്തതിനെ എതിര്‍ത്തതുപോലെ, ഹയാ സോഫിയയെ മുസ്‌ലിം പള്ളിയാക്കി മാറ്റിയതിനെയും നമ്മള്‍ എതിര്‍ക്കണം. ഇവിടുത്തെ മതേതരവാദികളേയും ജനാധിപത്യവാദികളേയും ക്രിസ്തുമതവിശ്വാസികളേയും ഒക്കെ വേദനിപ്പിക്കുന്ന ഒന്നാണ് സാദിഖ് അലി തങ്ങളുടെ ചന്ദ്രിക ലേഖനം. മുസ്ലിം ലീഗ് ഒരിക്കലും ആ കാര്യത്തെ അനുകൂലിക്കാന്‍ പാടില്ല. ബാബരി പള്ളിയെ സംബന്ധിക്കുന്ന നിലപാട് എന്താണെന്നും മുസ്ലിം ലീഗ് ആലോചിക്കണം. അതിനോട് ചേര്‍ന്നുപോവുന്നൊരു നിലപാടേ ഇസ്താംബൂളിലെ പള്ളിയെപ്പറ്റി അവര്‍ എടുക്കാന്‍ പാടുള്ളൂ.

ക്രിസ്ത്യന്‍ പള്ളി മുസലിം പള്ളിയാക്കി മാറ്റുക എന്നതും കൂടിയാണ് അവര്‍ ചെയ്തത്. അവിടുത്തെ ജനാധിപത്യം അതിനെ ഒരു ദേശീയസ്മാരകമായി, ഒരു മ്യൂസിയമായി പ്രഖ്യാപിച്ച ഒരു ചരിത്രത്തിന്റെ അനേകം അടയാളങ്ങളുള്ള ഒരു കെട്ടിടത്തെ, ഒരു ശില്‍പ്പത്തെ അവര്‍ മുസ്‌ലിംപള്ളിയാക്കി മാറ്റി. ഇസ്താംബൂളില്‍ നിസ്‌ക്കരിക്കാന്‍ പള്ളിയില്ലെന്ന് തോന്നുന്നത് പോലെയാണ് ഈ പ്രവൃത്തി. ഞാന്‍ മനസ്സിലാക്കുന്നത് ശരിയാണെങ്കില്‍ വളരെ പ്രധാനപ്പെട്ട ആയിരക്കണക്കിന് ആളുകളെ കൊള്ളുന്ന പതിനഞ്ചോളം പള്ളികളുള്ള ഒരു വലിയ നഗരമാണ് ഇസ്താംബൂള്‍. അതായത് എര്‍ദോഗാന് അടുത്ത തിരഞ്ഞെടുപ്പില്‍ മതമൗലികവാദികളുടെ വോട്ട് കിട്ടാനുള്ള ഒരു പ്രവൃത്തിയാണ് അദ്ദേഹം ചെയ്തത്. ഈ പ്രവൃത്തിയെ എതിര്‍ക്കുകയാണ് മുസ്‌ലിം ലീഗ് ചെയ്യേണ്ടത്. എന്നാല്‍ അവര്‍ അതിനെ അനുകൂലിച്ച് ലേഖനമെഴുതുകയാണ് ചെയ്തിരിക്കുന്നത്.

സാദിഖ് അലി ശിഹാബ് തങ്ങള്‍

ചെറിയ ആളല്ല സാദിഖ് അലി തങ്ങള്‍. എന്റെ അറിവ് ശരിയാണെങ്കില്‍ മുസ്‌ലിം ലീഗിന്റെ സംസ്ഥാന ഉന്നതതലസമിതി അംഗമാണ് അദ്ദേഹം. കേരളത്തിലെ മുസ്ലിം ക്രിസ്ത്യന്‍ സൗഹാര്‍ദ്ദത്തെ ഇത് എങ്ങിനെ ബാധിക്കും എന്ന് അദ്ദേഹം ആലോചിക്കേണ്ടതാണ്. ചന്ദ്രിക ആലോചിക്കേണ്ടതാണ്. ഇവിടുത്തെ സമുദായ സൗഹാര്‍ദ്ദത്തില്‍ വിള്ളലുണ്ടാക്കുന്ന മട്ടില്‍ ഒരു നിലപാട് എടുക്കാന്‍ പാടില്ല, മാത്രമല്ല ബാബരി പള്ളിയുടെ കാര്യത്തില്‍ ജാതിമതഭേദമില്ലാതെ ആളുകളുടെ പിന്തുണ ആവശ്യമുള്ള ഒരു കൂട്ടരാണ് മുസ്‌ലിങ്ങള്‍.

ഇവിടുത്തെ ജനാധിപത്യവാദികളും മതേതരവാദികളും പൗരാവകാശങ്ങളില്‍ വിശ്വാസമുള്ളവരും ചരിത്രത്തെയും സംസ്‌കാരത്തെയും ബഹുമാനിക്കുന്നവരും എല്ലാം ഈ പ്രവൃത്തിയെ അങ്ങേയറ്റം തള്ളിപ്പറയേണ്ടതാണ്. അത് അങ്ങേയറ്റം പ്രതിഷേര്‍ധാഹമാണ്. മുസ്ലിം ലീഗ് ഈ കാര്യത്തെപ്പറ്റി നിലപാട് പുനപരിശോധിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എം.എന്‍ കാരശ്ശേരി
എഴുത്തുകാരന്‍, സാമൂഹ്യനിരീക്ഷകന്‍