ഹായ സോഫിയ, സംഘര്‍ഷങ്ങളുടെ സ്മാരകം
Opinion
ഹായ സോഫിയ, സംഘര്‍ഷങ്ങളുടെ സ്മാരകം
സ്റ്റാന്‍ലി ജോണി
Wednesday, 15th July 2020, 5:50 pm
ഒരിക്കല്‍ ക്രിസ്ത്യന്‍- മുസ്‌ലിം സഹവര്‍ത്തിത്വത്തിന്റെ ചിഹ്നമായിരുന്ന ഹായ സോഫിയ തുര്‍ക്കിയുടെ ഇസ്ലാമിക രാഷ്ട്രീയത്തിന്റെ പ്രതീകമായി മാറി.

900 വര്‍ഷങ്ങള്‍ പൗരസ്ത്യ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍, 482 വര്‍ഷങ്ങളായി പൗരാണിക പള്ളി, 1935 മുതല്‍ ടൂറിസ്റ്റ് കേന്ദ്രവും ചരിത്ര സ്മാരകവും. ഇവയെല്ലാമാണ് ഹായ സോഫിയയെ കുറിച്ചുള്ള ലഘു ചരിത്രം.

പ്രകൃതി ദുരന്തങ്ങളെയും, സാമ്രാജ്വത്വ അധിനിവേശങ്ങളെയും കുരിശു യുദ്ധങ്ങളെയും ഒന്നാം ലോക മഹായുദ്ധത്തെയും അതിജീവിച്ച ആറാം നൂറ്റാണ്ടിലുണ്ടാക്കിയ ബൈസാന്റിയന്‍ അത്ഭുത നിര്‍മിതി. പൗരസ്ത്യ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളും, മുസ്‌ലിങ്ങളും ഒരു പോലെ ആരാധിക്കുന്ന ഹായ സോഫിയയെ കഴിഞ്ഞ ദിവസമാണ് മുസ്‌ലിം ആരാധനാലയമാക്കി മാറ്റുന്നു എന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍ പ്രഖ്യാപിച്ചത്.

‘വിശുദ്ധ ജ്ഞാനം’ എന്നര്‍ത്ഥമുള്ള ഹായ സോഫിയ പണി കഴിപ്പിച്ചത് ആറാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ബൈസാന്റിയന്‍ ചക്രവര്‍ത്തിയായ ജസ്റ്റീനിയന്‍ ഒന്നാമനാണ്. നിലവിലെ സ്ഥലത്ത് പണിത മൂന്നാമത്തെ കത്തീഡ്രല്‍ ആണിത്.

ഒന്നാമത്തേതാകട്ടെ കോണ്‍സ്റ്റന്റൈന്‍ എ ഡി 325- ല്‍ ഒരു അക്രൈസ്തവ ദേവാലയത്തിന്റെ അവശിഷ്ടങ്ങളില്‍ പണി കഴിപ്പിച്ച തടി മേല്‍ക്കൂരയോട് കൂടിയ ഒന്നായിരുന്നു. എ ഡി 404-ല്‍ കലാപകാരികള്‍ ഇത് അഗ്‌നിക്കിരയാക്കി.

എ ഡി 532-ലെ നിക്ക കലാപത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിളിനെ കടുത്ത നാശങ്ങള്‍ക്കിരയാക്കിയ അഗ്‌നിബാധയില്‍ കോണ്സ്റ്റന്റൈന്‍ ഒന്നാമന്‍ പണിത രണ്ടാമത്തെ പള്ളിയും ഇല്ലാതായി തീര്‍ന്നു. നഗരത്തില്‍ ക്രമസമാധാനം പുനഃസ്ഥാപിച്ചതിന് ശേഷം കത്തീഡ്രല്‍ പുതുക്കി പണിയാനുള്ള അവസരമായാണ് ജസ്റ്റീനിയന് ഈ അഗ്‌നിബാധയെ കണ്ടത്.,

ജസ്റ്റീനിയന്‍ ഭരണ കാലം ബൈസാന്റിയന്‍ സാമ്രാജ്യത്ത്വ ശക്തിയുടെ സുവര്‍ണ കാലം ആയിരുന്നു. ഇറ്റലി, റോം, ഉത്തര ആഫ്രിക്ക, ഉള്‍പ്പെടെയുള്ള റോമന്‍ മെഡിറ്ററേനിയന്‍ തീര പ്രദേശങ്ങളിലേക്ക് പടര്‍ന്ന ജസ്റ്റീനിയന്‍ സാമ്രാജ്യ വിപുലീകരണം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഏറ്റവും ഭീകരമായ മഹാമാരിയുടെ- പ്‌ളേഗിന്റെ വരവോടെയാണ് ചുരുങ്ങി പോയത്.

ഗണിത ശാസ്ത്രജ്ഞനായ ട്രെയ്ല്‍സിലെ അന്തേമിയസ്സും, മിലേറ്റിലെ ഭൗതിക ശാസ്ത്രജ്ഞനായ ഇസിഡോറും രൂപകല്‍പന ചെയ്ത ബസിലിക്ക പതിനായിരം തൊഴിലാളികള്‍ ചേര്‍ന്ന് അഞ്ചു വര്‍ഷം കൊണ്ട് ഉണ്ടാക്കിയതാണ്. എ. ഡി 537-ലാണ് ചക്രവര്‍ത്തി ഇത് വീണ്ടും തുറന്നത്.

പള്ളിയില്‍ ആദ്യമായി പ്രവേശിക്കുന്ന സമയത്ത് ചക്രവര്‍ത്തി ‘സോളമാ, നിങ്ങളെ ഞാന്‍ മറി കടന്നിരിക്കുന്നു’ എന്ന് പറഞ്ഞുവത്രേ! അദ്ദേഹം ഉദേശിച്ചത് സോളമന്‍ രാജാവിന്റെ പുരാതന ജറുസലേമിലെ മഹത്തായ ദേവാലയത്തെ കുറിച്ചാണ്. പൗരാണിക ക്രൈസ്തവതയുടെ പ്രൗഢി പ്രതിഫലിക്കുന്നതാവണം കത്തീഡ്രല്‍ എന്ന് ജസ്റ്റിനിയന്‍ ആഗ്രഹിച്ചു.

ചക്രവര്‍ത്തിയുടെ സാന്നിധ്യത്തില്‍ എ ഡി 537 – ഡിസംബര്‍ 27-നാണ്, പുനര്‍ നിര്‍മിച്ച ഹായ സോഫിയയില്‍ ആദ്യ മതാനുഷ്ട്ടാനം നടന്നത്. ‘എന്റെ ദൈവമേ ഇത്തരം ഒരു ആരാധനാലയം പണി കഴിപ്പിക്കാന്‍ എനിക്കവസരം തന്നതിന് നന്ദി’. ജസ്റ്റിനിയന്‍ പറഞ്ഞു.

ഓട്ടോമന്‍ കാലഘട്ടം

നാലാം കുരിശു യുദ്ധത്തിന് ശേഷമുള്ള ഏതാനും വര്‍ഷങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ പതിനഞ്ചാം നൂറ്റാണ്ടിലെ കോണ്‍സ്റ്റാന്റിനോപ്പിള്‍ പതനം വരെ ഹായ സോഫിയ കിഴക്കന്‍ ഓര്‍ത്തോഡോക്‌സ് സഭയുടെ പാത്രിയര്‍കീസിന്റെ കേന്ദ്രം ആയിരുന്നു. നിരവധി ഭൂകമ്പങ്ങള്‍, അതിന്റെ ഭാഗികമായി നശിപ്പിച്ചിട്ടുണ്ട്, പുനഃസ്ഥാപനത്തിലേക്ക് നയിച്ച് കൊണ്ട്.

പതിമൂന്നാം നൂറ്റാണ്ടില്‍ ആരംഭത്തില്‍ കുരിശു യുദ്ധക്കാര്‍ കെട്ടിടത്തെ കൊള്ളയടിക്കുകയും അതിനെ റോമന്‍ കാത്തോലിക് കത്തീഡ്രല്‍ ആക്കി പരിവര്‍ത്തിപ്പിക്കുകയും ചെയ്തു. വെനീഷ്യന്‍ കുരിശു യുദ്ധക്കാരില്‍ നിന്നും ബൈസാന്റിയന്‍സ് നഗരം തിരിച്ചു പിടിച്ചപ്പോള്‍ കത്തീഡ്രല്‍ നില നിര്‍ത്തുകയാണുണ്ടായത്. ഓട്ടൊമന്‍സിന്റെ വരവ് വരെ പൈതൃക ഇരിപ്പിടമായിരുന്നു കത്തീഡ്രല്‍.

1453 മെയ് 28 ന് കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കപ്പെടുകയും ഓട്ടോമാന്‍സ് ബൈസാന്റിയന്‍ പ്രതിരോധം തകര്‍ത്ത് കൊണ്ട് മുന്നേറുകയും ചെയ്തപ്പോള്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ബസിലിക്കയില്‍ പ്രാര്‍ത്ഥനക്ക് പ്രവേശിച്ചു. പ്രാര്‍ത്ഥനാന്തരം യുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ അദ്ദേഹം തിരിച്ചു വന്നു. പക്ഷെ ബൈസാന്റിയന്‍ പ്രതിരോധം ഒരു ദിവസം മാത്രമേ നീണ്ടു നിന്നുള്ളൂ.

അടുത്ത ദിവസം ഓട്ടോമാന്‍സ് മെഹമ്മദ് രണ്ടാമന്റെ നേതൃത്വത്തില്‍ നഗരത്തിലേക്ക് പ്രവേശിച്ചു. ബസിലിക്കയുടെ വാസ്തു വൈഭവത്തില്‍ മെഹമ്മദ് മതിമറന്നു പോയി എന്ന് പറയപ്പെടുന്നു. ‘അദ്ദേഹം പള്ളിവാതില്‍ക്കല്‍ ഇറങ്ങുകയും, കുനിഞ്ഞു ഇറങ്ങി ഒരു പിടി മണ്ണ് വാരി തന്റെ തലപ്പാവില്‍ തൂവുകയും ചെയ്തു.

ദൈവത്തോടുള്ള ആദരസൂചകം എന്ന പോലെ’. (സ്‌ട്രോളിങ് ത്രൂ ഇസ്താന്‍ബൂള്‍ എന്ന പുസ്തകത്തില്‍ ജോണ്‍ ഫ്രീലിയും, ഹിലാരി സാമ്‌നര്‍ – ബോയ്ഡ് ഹായ സോഫിയയിലേക്കുള്ള സുല്‍ത്താന്റെ കടന്നു വരവിനെ കുറിച്ച് ഇപ്രകാരമാണ് എഴുതുന്നത്.

സുല്‍ത്താന്‍ ബാസിലിക്കയെ മുസ്‌ലിം ദേവാലയമാക്കാന്‍ തീരുമാനിച്ചു. ഓട്ടോമന്‍ കാലത്തെ പ്രശസ്ത മധ്യ കാല വാസ്തു ശില്പിയായ സിനാനെ നിര്‍മിതി പുതുക്കി പണിയാന്‍ ഏല്‍പ്പിച്ചു. ചുമരുകളെ താങ്ങി നിര്‍ത്താന്‍ ബ്രിഹത്തായ താഴിക കുടങ്ങള്‍ അവര്‍ പണിതു. ഒരു മെഹ്‌റാബും (ചുമരില്‍ മെക്കയുടെ സ്ഥാനം കാണിക്കാന്‍ വേണ്ടി അര്‍ദ്ധവൃത്താകൃതിയില്‍ നിര്‍മിച്ച പ്രദേശം) മിന്‍ബറും ( പ്രസംഗ വേദി) അതോടൊപ്പം പുതിയ മിനാരങ്ങളും പണി കഴിപ്പിച്ചു.

ബൈസാന്റിയന്‍ മൊസൈക്കുകള്‍ ഇസ്ലാമിക് ചിത്ര പണി കൊണ്ട് മറച്ചു. യേശുവിന്റെയും കന്യാമറിയത്തിന്റെയും വിശുദ്ധരുടെയും മാലാഖാമാരുടെയും ചിത്രങ്ങള്‍ നശിപ്പിക്കപ്പെടുകയോ മറയ്ക്കപ്പെടുകയോ ചെയ്തു. ( പള്ളി മ്യൂസിയം ആക്കി മാറ്റിയപ്പോള്‍ ഇവയില്‍ ചില ചിത്രങ്ങളും വീണ്ടെടുക്കപ്പെടുകയുണ്ടായി.) അയാസോഫ എന്ന് തുര്‍ക്കിഷ് ഭാഷയില്‍ വിളിക്കപ്പെട്ട പള്ളി ഓട്ടോമന്‍ ഭരണകാലത്തുടനീളം സാമ്രാജ്യ ശക്തി കേന്ദ്രമായിരുന്നു.

ബൈസാന്റിയന്‍ വാസ്തു ശില്പ വിദ്യ ഓട്ടോമന്‍ നിര്‍മിതികളെ ആഴത്തില്‍ സ്വാധീനിക്കുകയാണുണ്ടായത്. ഓട്ടോമാന്‍സ് പണി കഴിപ്പിച്ച പ്രധാന പള്ളികളില്‍- ബ്ലൂ മോസ്‌ക്, ഷെഹ്‌സാദേ മോസ്‌ക്, സുലൈമാനിയ മോസ്‌ക്, റുസ്തം പാഷ മോസ്‌ക്, കിലിഗ് അലി പാഷ സമുച്ചയം, ഇവയിലെല്ലാം ഈ സ്വാധീനം പ്രകടമാണ്.

മതേതര മ്യുസിയം

ഓട്ടോമന്‍ സാമ്രാജ്യം ഒന്നാം ലോകമഹായുദ്ധത്തോടെ തകരുകയും സെക്കുലറിസ്റ്റുകള്‍ പിന്നീട് അതാതുര്‍ക്ക് ( തുര്‍ക്കിയുടെ പിതാവ്) എന്ന് വിശേഷിപ്പിക്കപ്പെട്ട മുസ്തഫ കമാല്‍ പാഷയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വരികയും ചെയ്തു.

ഖലീഫേറ്റ് അവസാനിപ്പിച്ച അതാതുര്‍ക്ക് തുര്‍ക്കിയില്‍ മതേതരവല്‍ക്കരണം തുടങ്ങി വെച്ചു. ടര്‍ക്കിഷ് റിപ്പബ്ലിക്കിന്റെ സ്ഥാപനത്തിന് ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം 1930-ല്‍ അടച്ചു പൂട്ടപ്പെട്ട ഹായ സോഫിയ അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സ്മാരകം ആയി വീണ്ടും തുറക്കപ്പെട്ടു. പില്‍ക്കാലത്തു യുനെസ്‌കോ ചരിത്രസ്മാരകമായ ഹായ സോഫിയ അന്ന് മുതല്‍ തുര്‍ക്കിയിലെ ഏറ്റവും സന്ദര്ശകരുള്ള പൈതൃക പ്രദേശമാണ്.

ടര്‍ക്കിഷ് സമൂഹത്തിലെ തീവ്ര ഇസ്ലാമിക വിഭാഗങ്ങള്‍ സ്മാരകത്തെ വീണ്ടും മുസ്ലിം ദേവാലയമാക്കണമെന്ന് നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നു. എര്‍ദോവാനും പതിനെട്ടു വര്‍ഷമായി അധികാരത്തിലുള്ള അദ്ദേഹത്തിന്റെ ജസ്റ്റിസ് ആന്‍ഡ് ടെവേലോപ്‌മെന്റ്‌റ് പാര്‍ട്ടിയും ഈ ആവശ്യത്തെ പിന്തുണച്ചവരാണ്.

കഴിഞ്ഞ വെള്ളിയാഴ്ച ടര്‍ക്കിഷ് ഭരണ കോടതി സ്മാരകത്തിന്റെ മ്യുസിയം പദവി റദ്ദാക്കി. ഹായ സോഫിയയുടെ ഭരണ നടത്തിപ്പ് സാംസ്‌കാരിക വകുപ്പില്‍ നിന്നും മതകാര്യസ്ഥരുടെ സമിതിക്ക് വിട്ടു കൊടുക്കാനുള്ള എര്‍ദോവാന്റെ നീക്കങ്ങള്‍ ദ്രുത ഗതിയിലായിരുന്നു. ഇതോടെ തുര്‍ക്കിയിലെ മത രാഷ്ട്രീയം പുതിയ വഴിത്തിരിവിലേക്ക് മാറുകയാണ്..

ദി ഹിന്ദുവില്‍ സ്റ്റാന്‍ലി ജോണി എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

മൊഴിമാറ്റം: ധന്യ പരമേശ്വരന്‍

ഫോട്ടോ കടപ്പാട്: ഷുഹൈബ് ടി മുഹമ്മദ്

സ്റ്റാന്‍ലി ജോണി
മാധ്യമപ്രവര്‍ത്തകന്‍