പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ കവര്‍ച്ച; ഇടപെടുന്നതില്‍ സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ട്: മന്ത്രി കെ. മുരളീധരന്‍
Kerala News
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ കവര്‍ച്ച; ഇടപെടുന്നതില്‍ സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ട്: മന്ത്രി കെ. മുരളീധരന്‍
ആദര്‍ശ് എം.കെ.
Friday, 29th May 2026, 8:25 pm

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം നഷ്ടപ്പെട്ടെന്ന പോലീസ് റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ദേവസ്വം മന്ത്രി കെ. മുരളീധരന്‍. പൊലീസ് റിപ്പോര്‍ട്ടിന്മേല്‍ ആഭ്യന്തരമന്ത്രി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ക്ഷേത്ര കമ്മിറ്റിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ആഭ്യന്തരമന്ത്രിയും ദേവസ്വം മന്ത്രിയും ചേര്‍ന്ന് തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പത്മനാഭസ്വാമി ക്ഷേത്രഭരണം സ്വതന്ത്ര ബോഡിയാണെന്നും അത് ദേവസ്വം വകുപ്പിന് കീഴിലല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍ അടങ്ങിയതാണ് ഈ ബോഡി എന്നതിനാല്‍ നേരിട്ട് ഇടപെടുന്നതില്‍ സര്‍ക്കാരിന് ബുദ്ധിമുട്ടുകളുണ്ട്. എങ്കില്‍പ്പോലും ഭഗവാന്റെ സ്വത്തുക്കള്‍ ഒരിടത്തുപോലും നഷ്ടപ്പെടാന്‍ പാടില്ലെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്നും, റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ ഗുരുതരമായ വീഴ്ചകളുണ്ടായെന്നും സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കാണാതായെന്നും പൊലീസ് മേധാവിക്കുവേണ്ടി എസ്. ശ്രീജിത്ത് ഐ.പി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭക്തര്‍ കാണിക്കയായി സമര്‍പ്പിച്ച സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമാണ് നഷ്ടപ്പെട്ടതെന്നാണ് വിവരം.

ഇന്റലിജന്‍സ് എ.ഡി.ജി.പി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

കവടിയാര്‍ കൊട്ടാരത്തിലെ നിത്യസന്ദര്‍ശകരും ആദിത്യ വര്‍നയുടെ അടുപ്പക്കാരുമാണ് ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ലംഘിക്കുന്നതെന്ന് ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജകുടുംബവുമായി ബന്ധമുള്ള ഇവര്‍ ക്ഷേത്രത്തില്‍ കടക്കുമ്പോള്‍ സുരക്ഷാ പരിശോധനകള്‍ മറികടക്കുന്നതായി കണ്ടെത്തലുണ്ട്.

കവടിയാര്‍ കൊട്ടാരത്തിലുള്ളവര്‍ക്കും ബന്ധുക്കള്‍ക്കും മാത്രം ഉപയോഗിക്കാന്‍ അനുമതിയുള്ള പ്രത്യേക വഴിയിലൂടെ ഇവര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

സ്ഥാനമാനങ്ങള്‍ നോക്കാതെ എല്ലാവര്‍ക്കും കൃത്യമായ സുരക്ഷാ പരിശോധന ഉറപ്പാക്കണമെന്ന് ഡി.ജി.പി അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 

Content Highlight:  K. Muraleedharan says the government has difficulty directly intervening in the gold theft at the Padmanabhaswamy temple

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.