തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. വി. ശിവന്‍കുട്ടി തന്നെ കുറിച്ച് മോശമായി പറയുമെന്ന് കരുതുന്നില്ലെന്ന് ജി.ആര്‍. അനില്‍ പറഞ്ഞു.
‘ഞങ്ങളിരുവരും കോളേജ് വിദ്യാര്‍ത്ഥികളായിരുന്ന കാലംതൊട്ടുള്ള പരിചയമാണ്. സംഘടനാ നേതാക്കളായിരുന്ന കാലം മുതല്‍ അടുപ്പമുണ്ട്. ഞാനൊരിക്കലും മോശപ്പെടുത്തുന്ന വാക്ക് പറയുന്ന ആളല്ല. ശിവന്‍കുട്ടിയും തന്നെക്കുറിച്ച് മോശം പറയില്ല’, ജി. ആര്‍. അനില്‍ പറഞ്ഞു.
അതേസമയം, എ.എന്‍ സ്മാരകത്തില്‍ വെച്ചുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജി.ആര്‍ അനിലിന്റെതുള്‍പ്പെടെയുള്ള സി.പി.ഐ നേതാക്കളുടെ പരാമര്‍ശങ്ങളെ വി. ശിവന്‍കുട്ടി വിമര്‍ശിച്ചിരുന്നു. പ്രയോഗിക്കുന്ന വാക്കുകള്‍ സൂക്ഷിക്കണമെന്ന് ശിവന്‍കുട്ടി പ്രതികരിച്ചു.
‘സി.പി.ഐ.-സി.പി.ഐ.എം തര്‍ക്കമാണ് ഉണ്ടായത്. അങ്ങനെ ഒരു തര്‍ക്കമുണ്ടാകുമ്പോള്‍ അവരുപയോഗിക്കേണ്ട വാക്കുകളും പ്രവൃത്തികളും സംബന്ധിച്ച് കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നു.
ആര്‍ക്കും വേദനയുണ്ടാകുന്ന കാര്യങ്ങള്‍ ചെയ്യരുതായിരുന്നു. പ്രയോഗിക്കുന്ന വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കുന്നത് എല്ലാവര്‍ക്കും നല്ലതാണ്’,അദ്ദേഹം പറഞ്ഞു.
വേദന തോന്നുന്ന രീതിയിലുള്ള പ്രതികരണം ഒരിക്കലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലുണ്ടാകാന്‍ പാടില്ലെന്നും വി. ശിവന്‍കുട്ടി പറഞ്ഞു. ജി.ആര്‍. അനിലിന്റെ പ്രസ്താവന തന്റെ മനസിനെ വേദനിപ്പിച്ചു.
അനില്‍ മാധ്യമങ്ങളോട് തന്നെ അവഹേളിക്കുന്ന രീതിയില്‍ സംസാരിച്ചു. ഒരാള്‍ ഓഫീസില്‍ വന്നാല്‍ സംസാരിക്കണമല്ലോ എന്നാണ് പറഞ്ഞത്. അത് മര്യാദ ഇല്ലാത്ത സംസ്‌കാരമാണ്. പ്രകാശ്ബാബു എം.എ. ബേബിയെക്കുറിച്ച് നടത്തിയ വിമര്‍ശനവും എ.ഐ.എസ്.എഫും എ.ഐ.വൈ.എസ്.എഫും തന്റെ കോലം കത്തിച്ചതും ശരിയായില്ല.
പ്രതിപക്ഷത്തെക്കാള്‍ രൂക്ഷമായ വിമര്‍ശനമാണ് തനിക്കെതിരെ നടത്തിയത്. ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിയാത്ത മുദ്രാവാക്യങ്ങള്‍ വിളിച്ചു. ഇതൊക്കെ തുറന്നങ്ങ് പറഞ്ഞെന്നേയുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു.
പി.എം ശ്രീയില്‍ ഒപ്പുവെച്ചതിനെ ചൊല്ലിയുള്ള സി.പി.ഐ-സി.പി.ഐ.എം തര്‍ക്കത്തിനിടെ വി. ശിവന്‍കുട്ടിയും ജി.ആര്‍. അനിലും കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ ജി.ആര്‍. അനില്‍ നടത്തിയ പരാമര്‍ശങ്ങളാണ് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.
Content Highlight: Minister G. R. Anil About Minister V. Sivankutty