ലാലേട്ടനുമായുള്ള എന്റെ സൗഹൃദം മാത്രം അറിഞ്ഞാല്‍ മതിയോ; മമ്മൂക്കയെ കുറിച്ച് എന്തുകൊണ്ട് ചോദിക്കുന്നില്ല: മീന
Malayalam Cinema
ലാലേട്ടനുമായുള്ള എന്റെ സൗഹൃദം മാത്രം അറിഞ്ഞാല്‍ മതിയോ; മമ്മൂക്കയെ കുറിച്ച് എന്തുകൊണ്ട് ചോദിക്കുന്നില്ല: മീന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 20th August 2025, 10:14 am

1990കളിലും 2000ത്തിന്റെ തുടക്കത്തിലും നായികയായി തമിഴ് – മലയാളം സിനിമാ ലോകത്തെ വിസ്മയിപ്പിച്ച നടിയാണ് മീന. അക്കാലത്ത് മോഹന്‍ലാല്‍, മമ്മൂട്ടി മുതല്‍ രജിനികാന്ത്, കമല്‍ ഹാസന്‍, അജിത്, നാഗാര്‍ജുന തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ കൂടെയെല്ലാം അഭിനയിക്കാന്‍ മീനക്ക് സാധിച്ചിരുന്നു.

മലയാളത്തില്‍ മീന – മോഹന്‍ലാല്‍ കോമ്പോയ്ക്ക് ഏറെ ആരാധകരുമുണ്ട്. ഇപ്പോള്‍ തനിക്ക് മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ച് പറയുകയാണ് നടി. മോഹന്‍ലാലിനോടും മമ്മൂട്ടിയോടും തനിക്കുള്ള ബന്ധത്തില്‍ വലിയ വ്യത്യാസമില്ലെന്നാണ് മീന പറയുന്നത്.

‘എനിക്ക് എപ്പോഴും ലാലേട്ടനെ കുറിച്ച് മാത്രമാണ് സംസാരിക്കാന്‍ സാധിക്കാറുള്ളത്. അതിനുകാരണം താന്‍ വരുമ്പോള്‍ എല്ലാവരും അദ്ദേഹത്തെ കുറിച്ചാണ് ചോദിക്കുന്നതും സംസാരിക്കുന്നതും. സത്യത്തില്‍ എനിക്ക് മമ്മൂക്കയുമായും നല്ല റാപ്പോയുണ്ട്.

കൂടുതല്‍ ആളുകള്‍ക്ക് ഈ കാര്യം അറിയില്ല. എനിക്ക് മമ്മൂക്കയുമായി നല്ല സൗഹൃദമുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ കൂടെ കുറേ സിനിമകളില്‍ അഭിനയിച്ചിട്ടില്ലേ. ഇപ്പോഴും പരസ്പരം ഞങ്ങള്‍ക്കിടയില്‍ ആ ബഹുമാനവും സൗഹൃദവുമുണ്ട്. അദ്ദേഹവുമായി ഞാന്‍ അവസാനം ചെയ്ത സിനിമ ഷൈലോക്ക് ആയിരുന്നു,’ മീന പറയുന്നു.

മോഹന്‍ലാലുമായുള്ള സൗഹൃദം നിലനിര്‍ത്താനായി പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ലെന്നും നടി പറഞ്ഞു. നമ്മള്‍ ഒരാളുമായി സൗഹൃദത്തില്‍ ആയാല്‍ പരസ്പരം കുറേനാള്‍ കാണാതിരുന്നാലും അവര്‍ നമ്മളുടെ സുഹൃത്ത് തന്നെയല്ലേയെന്നും മീന ചോദിക്കുന്നു. മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

ആദ്യമായി കണ്ട സമയത്ത് തന്നെ താനും മോഹന്‍ലാലും നല്ല സുഹൃത്തുക്കളാണെന്നും തങ്ങള്‍ക്കിടയില്‍ നല്ല റാപ്പോയുണ്ടെന്നും മീന കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ കുടുംബമായിട്ടും താന്‍ വളരെ അടുപ്പത്തിലാണെന്നും വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ആ സൗഹൃദത്തിന് മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും മീന പറഞ്ഞു.


Content Highlight: Meena Talks About Mammootty