ദൃശ്യം 2; മറ്റാരും ശ്രദ്ധിക്കാത്ത ആ കാര്യത്തെ കുറിച്ച് ലാലേട്ടനാണ് എന്നോട് പറഞ്ഞത്: മീന
Film News
ദൃശ്യം 2; മറ്റാരും ശ്രദ്ധിക്കാത്ത ആ കാര്യത്തെ കുറിച്ച് ലാലേട്ടനാണ് എന്നോട് പറഞ്ഞത്: മീന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th February 2024, 1:05 pm

ബാലതാരമായി സിനിമയിലേക്കെത്തി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് മീന. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

1982ല്‍ പുറത്തിറങ്ങിയ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയായിരുന്നു മീനയുടെ ആദ്യ ചിത്രം. കുട്ടിക്കാലത്ത് 45ലധികം സിനിമകളില്‍ അഭിനയിച്ച താരം 1984ല്‍ പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ഒരു കൊച്ചുകഥ ആരും പറയാത്ത കഥ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

അതിന് ശേഷം മലയാളത്തില്‍ നിരവധി സിനിമകളില്‍ മീന അഭിനയിച്ചു. അതില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രമായിരുന്നു ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് 2013ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിലേത്. 2021ല്‍ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും താരം അഭിനയിച്ചു.

ഇപ്പോള്‍ ആനന്ദപുരം ഡയറീസ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തെ പറ്റി സംസാരിക്കുകയാണ് മീന.

കൊവിഡ് സമയത്ത് പ്രേക്ഷകര്‍ക്ക് സൂപ്പര്‍ ഹിറ്റ് സിനിമ നല്‍കിയ ഒരേ ഒരു ഹീറോയിന്‍ താനാണെന്നും കൊവിഡിനിടയില്‍ ഷൂട്ട് ചെയ്ത് റിലീസായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം വലിയ ഹിറ്റായിരുന്നെന്നും താരം പറഞ്ഞു.

ഈ കാര്യം ആരും ശ്രദ്ധിച്ചിരുന്നില്ലെന്നും മോഹന്‍ലാലാണ് തന്നോട് ഇത് പറയുന്നതെന്നും മീന പറഞ്ഞു. ലോകം മുഴുവന്‍ അടഞ്ഞു കിടക്കുമ്പോള്‍ നമ്മള്‍ മാത്രമാണ് വര്‍ക്ക് ചെയ്ത് ഒരു സൂപ്പര്‍ ഹിറ്റ് നല്‍കിയതെന്ന് അദ്ദേഹം തന്നോട് പറഞ്ഞതായും മീന കൂട്ടിച്ചേര്‍ത്തു.

‘കൊവിഡ് സമയത്ത് സൂപ്പര്‍ ഹിറ്റ് കൊടുത്ത ഒരേ ഒരു ഹീറോയിന്‍ ഞാനാണ്. ഞാന്‍ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ചെയ്തു. അതും കൊവിഡ് സമയത്ത് ഷൂട്ട് ചെയ്ത് കൊവിഡിന്റെ ഇടയില്‍ തന്നെ റിലീസായി സിനിമ വലിയ ഹിറ്റായി.

ആ കാര്യം ആരും അങ്ങനെ ശ്രദ്ധിച്ചിരുന്നില്ല. ലാലേട്ടനാണ് എന്നോട് ഇത് പറയുന്നത്. ലോകം മുഴുവന്‍ അടഞ്ഞു കിടക്കുമ്പോള്‍ നമ്മള്‍ മാത്രമാണ് വര്‍ക്ക് ചെയ്ത് ഒരു സൂപ്പര്‍ ഹിറ്റ് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു,’ മീന പറഞ്ഞു.


Content Highlight: Meena Talks About Drishyam 2 And Mohanlal